ചരക്ക് ലോറിയില്‍ ടോറസ് ലോറിയിടിച്ച് 13 പേര്‍ക്ക് പരുക്ക്
വടക്കഞ്ചേരി: ചരക്ക് ലോറിയില്‍ ടോറസ് ലോറിയിടിച്ച് 13 പേര്‍ക്ക് പരുക്ക്. ദേശീയപാത ചുവട്ടുപാടം ശങ്കരം കണ്ണംതോട്ടില് ഇന്നലെ രാവിലെ 7 മണിയോടെയാണ് അപകടം സംഭവിച്ചത്. ദേശീയപാത നിര്‍മ്മാണ കരാര്‍ കമ്പനി കെ എം സി യിലെ 50 ഓളം തൊഴിലാളികളെ കയറ്റിവന്ന ടോറസ് ലോറിയാണ് കമ്പനി ഓഫിസില്‍ നിന്ന് ദേശീയ പാതയിലേക്ക് പ്രവേശിക്കുമ്പോള്‍ തൃശ്ശൂര്‍ ഭാഗത്തേക്ക് പോകുന്ന ലോറിയില്‍ ഇടിച്ചത്. ഇടയില്‍ നിയന്ത്രണം വിട്ട ടോറസ് തോടിന്റെ പാലത്തില്‍ ഇടിച്ച് കയറിയാണ് നിന്നത്.
ടോറസിന് പുറകില്‍ കയറിയ തൊഴിലാളികളായ ബീസ് അണ്ണന്(55), മാധമ്മ(50), പിഞ്ചല്‍ റെഡ്ഡി (50), മഹേഷ് (20), ശങ്കരമ്മ(52),ലക്ഷ്മി (45), മഹേശ്വരി (50), അഞ്ജനമ്മ (55), രാജു (22), ലക്ഷ്മി (14), അയ്യണ്ണ (56), തിമ്മണ്ണ (30), ടോറസ് ഡ്രൈവര്‍ മോഹനന് (64) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ ബീസ് അണ്ണന്റെ പരുക്ക് ഗുരുതരമാണ്. അമിതവേഗവും ശ്രദ്ധിക്കാതെ ദേശീയ പാതയിലേക്ക് കയറിയതുമാണ് അപകടത്തിന് കാരണമായി പറയുന്നത്. ലോഡ് കയറ്റുന്ന വണ്ടിയില്‍ ആളുകളെ കയറ്റിക്കൊണ്ട് പോകുന്നത് നിയമ വിരുദ്ധമാണെന്നും കരാര്‍ കമ്പനിക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും ആലത്തൂര്‍ ജോ. ആര്.ടി.ഒ അറിയിച്ചു. അപകടത്തില്‍ പരുക്ക് പറ്റിയവരെ നാട്ടുകാരും പൊലിസും ചേര്‍ന്നാണ് ആശുപത്രികളില്‍ എത്തിച്ചത്. വടക്കഞ്ചേരി പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."