നോമ്പുകാലം മനസിനെ വിമലീകരിക്കുന്ന പുണ്യനാളുകള്‍
കണ്ണൂര്‍: ഏതു മതങ്ങളിലായാലും നോമ്പുകാലമെന്നാല്‍ അതു മനുഷ്യമനസിനെ വിമലീകരിക്കുന്ന പുണ്യനാളുകളാണ്. എല്ലാ മതങ്ങളിലും വിവിധ രീതിയില്‍ നോമ്പുകള്‍ നിലവിലുണ്ട്. എന്നാല്‍ മതമേതായാലും പൂര്‍ണമായി ദൈവത്തില്‍ അര്‍പ്പിച്ചു കൊണ്ടുള്ള പ്രാര്‍ഥനയും ആത്മാര്‍ഥമായ നോമ്പ് അനുഷ്ഠിക്കലും മനുഷ്യന്റെ മനസിനെയും ശരീരത്തെയും ആരോഗ്യത്തിലേക്കു നയിക്കുമെന്നാണ് ശാസ്ത്രീയമായി തെളിയിച്ചിട്ടുളളത്. പ്രാര്‍ഥനയാണ് മാനസികാരോഗ്യത്തിനു ഏറ്റവുംനല്ല മരുന്ന് എന്ന് പറയുന്നതും ഈ അര്‍ഥത്തിലാണ്.
വ്രതം അനുഷ്ഠിക്കുന്നതിലൂടെ ശരീരത്തിലെ കൊളസ്‌ട്രോള്‍ പോലുള്ള ദോഷങ്ങള്‍ കുറയുന്നത് ശാരീരികമായ ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കുന്നു. വ്രതാനുഷ്ഠാനത്തിന്റെ കാലം മനുഷ്യന്റെ മാനസികമായും ശാരീരികമായുമുള്ള ശുചീകരണം കൂടിയാണ്. പുണ്യപ്രവൃത്തികളിലൂടെയും ആരാധനയിലൂടെയും മനുഷ്യത്വവും മാനവികതയും തിരിച്ചുപിടിക്കാനും വ്രതാനുഷ്ഠാനങ്ങളിലൂടെ സാധിക്കും. നോമ്പു കാലത്തെ നിയന്ത്രണങ്ങള്‍ ശരീരത്തിന് ഏറെ ആവശ്യമായ കാര്യമായാണ് ഞാന്‍ വിലയിരുത്തുന്നത്.
ഭക്തിയിലൂടെ ഈശ്വരനിലൂടെ അടുക്കാനുള്ള മാര്‍ഗമാണ് നോമ്പുകാലം മുന്നോട്ടുവെക്കുന്നത്. നന്മകള്‍ മാത്രം ആഹ്വാനം ചെയ്യുന്ന ഇത്തരം വ്രതാനുഷ്ഠാനങ്ങളിലൂടെയാണ് മനുഷ്യര്‍ ദൈവത്തിലേക്കു കൂടുതല്‍ അടുക്കുന്നത്. പരിശുദ്ധ റമദാന്‍ മാസം ഇസ്‌ലാം മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം പുണ്യമാസമാണ്. എല്ലാ തരത്തിലുള്ള വ്രതാനുഷ്ഠാനങ്ങളും സമൂഹത്തിന്റെ നന്മകള്‍ ഉയര്‍ത്തിപ്പിടിക്കാനും തിന്മകളെ ഇല്ലാതാക്കുന്നതിനുമുള്ള മുന്നേറ്റമായി മാറട്ടെയെന്ന് ആശംസിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."