പരാമര്‍ശം അപര്യാപ്തം മോദിക്ക് തുറന്ന കത്തുമായി വിദ്യാഭ്യാസ വിദഗ്ധര്‍
ന്യൂഡല്‍ഹി: രാജ്യത്തെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരേ നടക്കുന്ന കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന പ്രസ്താവനകള്‍ അപര്യാപ്തമെന്ന് വിമര്‍ശനം.
രാജ്യത്തിനകത്തും പുറത്തുമുള്ള വിദ്യാഭ്യാസ വിദഗ്ധര്‍ പ്രധാനമന്ത്രിക്കയച്ച തുറന്ന കത്തിലാണ് ശക്തമായ വിമര്‍ശനം ഉന്നയിക്കുന്നത്.
കത്്‌വ, ഉന്നാവോ, സൂറത്ത് അടക്കമുള്ള കേസുകളില്‍ മോദി നടത്തിയ പരാമര്‍ശം അപര്യാപ്തമാണെന്ന് 637 പേര്‍ ചേര്‍ന്നെഴുതിയ തുറന്ന കത്തില്‍ ആരോപിക്കുന്നു. രൂക്ഷമായ രീതിയിലാണ് മോദിക്കെതിരേ ഇവര്‍ വിമര്‍ശനമുന്നയിച്ചത്. കത്്‌വ സംഭവത്തില്‍ രാജ്യം പ്രതിഷേധജ്വാലയില്‍ കത്തിയിട്ടും മൗനിയായിരുന്ന മോദി ദിവസങ്ങള്‍ക്കുശേഷമാണ് പ്രതികരിച്ചത്. എന്നാല്‍ കൊല്ലപ്പെട്ട കുഞ്ഞിനെ സംബന്ധിച്ചും ഇതില്‍ ഉള്‍പ്പെട്ട പ്രതികളെക്കുറിച്ചും പരാമര്‍ശം നടത്താതെയായിരുന്നു മോദിയുടെ വിമര്‍ശനം. ഇത് വ്യാപകമായ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധമുണ്ടായപ്പോള്‍ പേരിനൊരു വിമര്‍ശനം നടത്തി അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി മോദി യൂറോപ്പിലേക്ക് പോകുകയും ചെയ്തു. ഇതോടെയാണ് രാജ്യത്തിനകത്തും പുറത്തുമുള്ള വിദ്യാഭ്യാസ വിദഗ്ധര്‍ തങ്ങളുടെ പ്രതിഷേധം ശക്തമാക്കി മോദിക്ക് തുറന്ന കത്ത് അയച്ചത്.
നിശബ്ധതയും ഭീരുത്വവും കഠിനഹൃദയവും ഒരു പിഞ്ചു കുഞ്ഞിനെ നശിപ്പിക്കപ്പെട്ട ജീവനോ ബലാത്സംഗം ചെയ്യപ്പെട്ട 18കാരിയുടെ ജീവിതത്തിനോ മുന്‍പില്‍ അടിയറവ് വച്ചേ മതിയാവൂ എന്ന് കത്്‌വ, ഉന്നാവോ സംഭവങ്ങളെ സൂചിപ്പിച്ച് കത്തില്‍ എടുത്തുപറയുന്നു. രാജ്യത്ത് നടക്കുന്ന അക്രമ സംഭവങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് താങ്കള്‍ക്ക് ഒഴിയാനാകില്ലെന്നും മോദിയോട് അവര്‍ ചൂണ്ടിക്കാട്ടുന്നു.
ജനാധിപത്യ-മതേതര മൂല്യങ്ങള്‍ക്ക് കോട്ടം തട്ടുന്ന കാഴ്ചയാണ് രാജ്യത്ത് കാണാന്‍ കഴിയുന്നത്. കത്്‌വ, ഉന്നാവോ സംഭവങ്ങളില്‍ പ്രതികളെ രക്ഷപ്പെടുത്താനുള്ള ബി.ജെ.പി നേതാക്കളുടെ നീക്കങ്ങളെ ആശങ്കയോടെയേ കാണാനാകൂ എന്നും കത്തില്‍ പറയുന്നു.
2015 മുതല്‍ രാജ്യത്ത് നടന്ന അക്രമ സംഭവങ്ങളെ അക്കമിട്ട് നിരത്തിയുള്ളതാണ് കത്ത്. ഗോഹത്യയുടെ പേരിലുള്ള അക്രമണങ്ങള്‍, ദലിത്, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്കതെതിരായ അതിക്രമങ്ങള്‍ തുടങ്ങിയവയെല്ലാം ആസൂത്രിതമാണെന്നും കത്തില്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."