നീരുറവ കാക്കാന്‍ നാട് ഒഴുകിയെത്തി; പാടിതീര്‍ഥം സംരക്ഷിക്കാന്‍ പ്രതിജ്ഞ ചെയ്തു
കൊളച്ചേരി: പാടിക്കുന്നിലെ ജീവജലം സംരക്ഷിക്കാന്‍ ഒരു നാട് മുഴുവന്‍ ഒറ്റ മനസോടെ ഒഴുകിയെത്തിയപ്പോള്‍ അവിടെ ഒരു ചരിത്രം പിറക്കുകയായിരുന്നു. ആയിരത്തിലധികം പേര്‍ പങ്കെടുത്ത പാടീതീര്‍ഥം സംരക്ഷണസമിതിയുടെ ബഹുജന കൂട്ടായ്മ പാടിക്കുന്നിലെ നീരുറവ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഉജ്ജ്വല തുടക്കമായി.
പാടിതീര്‍ത്ഥവും അനുബന്ധ തണ്ണീര്‍ത്തടങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു. പാടിയില്‍ നിന്നാരംഭിച്ച് പാടി വയലിലൂടെ പ്രദേശവാസികളായ സ്ത്രീകളും കുട്ടികളും പ്രായമുള്ളവരും ചെറുപ്പക്കാരുമുള്‍പ്പെടെ ആയിരത്തിലധികം പേര്‍ പങ്കെടുത്ത പ്രകടനം പാടിക്കുന്നില്‍ ചതുപ്പ് നിലം മണ്ണിട്ട് നികത്തിയ സ്ഥലത്ത് അവസാനിച്ചു. തുടര്‍ന്ന് നടന്ന കൂട്ടായ്മ കവിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ മാധവന്‍ പുറച്ചേരി ഉദ്ഘാടനം ചെയ്തു.
ഭൂവിസ്തൃതിയില്‍ വളരെ ചെറുതായ കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കരുതലോടെ മാത്രമെ തണ്ണീര്‍ത്തടങ്ങളും നീരുറവകളും ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇത്തരം ചെങ്കല്‍ക്കുന്നുകളാണ് ഏറ്റവും പ്രധാന ജലസ്രോതസ്സുകള്‍. ഒറ്റക്കെട്ടായി നടക്കുന്ന സമരങ്ങള്‍ പരാജയപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലെന്നും മാധവന്‍ പുറച്ചേരി പറഞ്ഞു. വി.വി സുമേഷ് അധ്യക്ഷനായി. വി.വി ശ്രീനിവാസന്‍ വിശദീകരണം നടത്തി.
പാടിതീര്‍ത്ഥം സംരക്ഷിക്കുന്നത് സംബന്ധിച്ച് ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസില്‍ സര്‍വ്വകക്ഷി യോഗം ചേരാന്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."