'15 മിനിറ്റെങ്കിലും സംവാദത്തിന് തയ്യാറുണ്ടോ, പൊരിച്ച് കയ്യില്‍ തരാം': മോദിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 'ഭരണഘടനയെ രക്ഷിക്കൂ' എന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ദേശീയ തല ക്യാംപയിന് തുടക്കമിട്ടായിരുന്നു രാഹുലിന്റെ വിമര്‍ശനം.
മോദിയെ വെല്ലുവിളിച്ച് രാഹുല്‍
റാഫേല്‍ കരാര്‍, നീരവ് മോദി വിഷയത്തില്‍ മോദിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി. 15 മിനിറ്റ് നേരമെങ്കിലും ഒരു സംവാദത്തിന് തയ്യാറുണ്ടെങ്കില്‍ ഞാന്‍ മോദിയെ പൊരിച്ച് തരുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മോദിക്ക് സംസാരിക്കാന്‍ സാധിക്കില്ലെന്നും രാഹുല്‍ പറഞ്ഞു.
ദലിത് വിഷയങ്ങളില്‍ മിണ്ടാട്ടമില്ല
ദലിതുകള്‍ക്കോ പിന്നോക്ക വിഭാഗങ്ങള്‍ക്കോ ഈ സര്‍ക്കാരില്‍ സ്ഥാനമില്ല. പിന്നോക്ക വിഭാഗങ്ങള്‍ക്കെതിരെയുള്ള ആക്രമണം വര്‍ധിച്ചുവരുന്നു. ആത്മീയ സന്തോഷത്തിനു വേണ്ടി കരകൗശല വസ്തുക്കള്‍ കാണുന്ന വ്യക്തി ഈ സംഭവങ്ങളിലൊന്നും മിണ്ടുന്നില്ല.
കോണ്‍ഗ്രസും ബി.ആര്‍ അംബേദ്കറും ഇന്ത്യന്‍ ഭരണഘടന എഴുതിനല്‍കി. ഐ.ഐ.ടി, ഐ.ഐ.എം, എയിംസ് തുടങ്ങി എല്ലാ സ്ഥാപനങ്ങളും ഭരണഘടനയാല്‍ നമുക്ക് കിട്ടി. ഇതില്ലാതെ ഒന്നും നടക്കില്ല. പക്ഷെ ഇന്ന്, ഈ സ്ഥാപനങ്ങളില്‍ ആര്‍.എസ്.എസ് അതിന്റെ ആശയങ്ങള്‍ നടപ്പിലാക്കുന്നു.
മോദിക്ക് പരിഹാസം
മാധ്യമങ്ങള്‍ക്ക് മസാല കൊടുക്കരുതെന്നാണ് മോദിയുടെ ഉപദേശം. പക്ഷെ, അദ്ദേഹത്തെ രാജ്യം കേള്‍ക്കുന്നത് അദ്ദേഹത്തിന്റെ 'മന്‍ കി ബാത്തി' (റേഡിയോ പരിപാടി) ലൂടെ മാത്രമാണെന്ന് രാഹുല്‍ പരിഹസിച്ചു.
മോദിയില്‍ മാത്രമാണ് മോദിക്ക് താല്‍പര്യം
മോദിക്ക് താല്‍പര്യം മോദിയില്‍ മാത്രമാണെന്നും ഇന്ത്യയുടെ പ്രധാനമന്ത്രിയാവുക മാത്രമാണ് പ്രധാനമന്ത്രിയുടെ താല്‍പര്യമെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
ബി.ജെ.പി എം.പിമാരില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷിക്കൂ
നേരത്തെ ഈ സര്‍ക്കാര്‍ പറഞ്ഞു 'ബേഠി ബച്ചാവോ' (പെണ്‍കുട്ടികളെ രക്ഷിക്കൂ) എന്നു പറഞ്ഞു. അതിപ്പോള്‍ പേരില്‍ മാത്രമാണ്. ബി.ജെ.പി എം.എല്‍.എമാരില്‍ നിന്നും എം.പിമാരില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷിക്കൂയെന്നും രാഹുല്‍ പറഞ്ഞു.
ഭരണഘടനയില്‍ തൊടാന്‍ അനുവദിക്കില്ല
ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും ഭരണഘടനയില്‍ തൊടാന്‍ അനുവദിക്കില്ല, 2019 ല്‍ ഇന്ത്യയെയും. ജുഡീഷ്യല്‍ സംവിധാനത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നതിനെയും ജുഡീഷ്യറിയെ തകര്‍ക്കുന്നതിനെയും രാഹുല്‍ വിമര്‍ശിച്ചു.
ഇന്ത്യയുടെ പ്രതിച്ഛായ നശിപ്പിച്ചു
70 വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് കെട്ടിപ്പടുത്ത ഇന്ത്യയുടെ ആഗോള പ്രതിച്ഛായയെ വെറും നാലു വര്‍ഷം കൊണ്ട് മോദി നശിപ്പിച്ചുവെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. നമുക്കത് സംരക്ഷിക്കണമെന്നും രാഹുല്‍ പറഞ്ഞു.
കോണ്‍ഗ്രസ് ഇന്ത്യയെ സംരക്ഷിക്കും
ഇന്ത്യയിലെ ജനങ്ങളുടെ സംരക്ഷണത്തിനു വേണ്ടി പാര്‍ട്ടി പ്രവര്‍ത്തിക്കും, അവരുടെ ആശയത്തിനു വേണ്ടിയും ഭാവി കെട്ടിപ്പെടുത്താന്‍ വേണ്ടിയും. ഭരണഘടനയെ വിഷലിപ്തമാക്കാന്‍ ബി.ജെ.പിയെ അനുവദിക്കില്ല. 2019 ല്‍ അവര്‍ കോണ്‍ഗ്രസിന്റെ ശക്തി കാണുമെന്നും അദ്ദേഹം പറഞ്ഞു.
LIVE: Congress President @RahulGandhi launches the #SaveTheConstitution campaign. https://t.co/dgAz62EvoZ
— Congress (@INCIndia) April 23, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."