ഭീമ കൊറേഗാവ് കലാപത്തിന്റെ ദൃക്‌സാക്ഷിയായ ദലിത് പെണ്‍കുട്ടി മരിച്ച നിലയില്‍
പൂനെ: മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവ് കലാപത്തിന് ദൃക്‌സാക്ഷിയായ ദലിത് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത. 19കാരിയായ പൂജ സാകേതിന്റെ മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പൊലിസ് അറസ്റ്റ് ചെയ്തു.
പൂനെക്കടുത്ത ഭീമ കൊറേഗാവില്‍ കഴിഞ്ഞ ജനുവരിയില്‍ ദലിതുകള്‍ നടത്തിയ ഭീമ കൊറേഗാവ് യുദ്ധ അനുസ്മരണത്തിനെതിരേ മറാത്ത വിഭാഗക്കാര്‍ അക്രമം നടത്തുകയും ഇതിനിടയില്‍ പൂജ സാകേത് ഉള്‍പ്പെടെയുള്ളവരുടെ വീടുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃക്‌സാക്ഷിയായ പൂജയുടെ സാക്ഷിമൊഴി തിരുത്തിക്കാനായി ശക്തമായ സമ്മര്‍ദമായിരുന്നു ചിലരില്‍ നിന്ന് ഉണ്ടായിരുന്നത്. പ്രദേശത്തെ ചിലര്‍ പെണ്‍കുട്ടിയുടെ മൊഴി തിരുത്തിക്കുന്നതിനായി സമ്മര്‍ദവും ഭീഷണിയും ഉയര്‍ത്തിയിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുട്ടി ആത്മഹത്യ ചെയ്തതായിരിക്കാമെന്ന നിഗമനത്തിലാണ് പൊലിസ്. സംഭവത്തില്‍ പ്രേരണാ കുറ്റം ചുമത്തിയാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തതെന്ന് പൊലിസ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച പൂജയെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീടുകള്‍ അഗ്നിക്കിരയായവര്‍ക്കായി സര്‍ക്കാര്‍ നല്‍കിയ താല്‍ക്കാലിക ക്യാംപിനടുത്തുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
അതേസമയം മൊഴി തിരുത്തിക്കുന്നതിനായി കുട്ടിക്കുമേല്‍ സമ്മര്‍ദമുണ്ടായിരുന്നുവെന്നതുസംബന്ധിച്ച് ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നില്ലെന്ന് പൊലിസ് സൂപ്രണ്ട് സുവേസ് ഹഖ് പറഞ്ഞു. അതേസമയം കുട്ടിയുടെ മരണത്തിന് പിന്നാലെ സംഭവത്തില്‍ ചിലര്‍ക്ക് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പൂജ സാകേതിന്റെ മരണത്തിന് കാരണം ഇവര്‍ക്കുള്ള നഷ്ടപരിഹാര തുക ലഭിക്കാത്തതുകാരണമാണോയെന്നതു സംബന്ധിച്ച് അന്വേഷണം നടത്താനും പൊലിസ് തീരുമാനിച്ചിട്ടുണ്ട്.
അറസ്റ്റിലായ രണ്ട് യുവാക്കളും പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനെ ചൊല്ലി അവരുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. കലാപകാരികള്‍ നശിപ്പിച്ച വീട് പുനര്‍നിര്‍മിക്കാന്‍ സര്‍ക്കാരില്‍ നിന്നുള്ള നഷ്ടപരിഹാരത്തിന് കാത്തിരിക്കുകയാണ് പൂജയുടെ കുടുംബം. ഈ തുക ലഭിക്കുന്നതിന് വന്ന കാലതാമസമാണോ പെണ്‍കുട്ടിയുടെ ആത്മഹത്യക്ക് കാരണമെന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."