ഇറാന്‍ ട്രംപിനോട് 'ആണവ കരാര്‍ തുടരുക, അല്ലെങ്കില്‍ അനന്തരഫലം അനുഭവിക്കുക'
തെഹ്‌റാന്‍: ആണവ കരാറുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുന്നറിയിപ്പുമായി ഇറാന്‍. 2015ല്‍ ഇറാനും ആറ് ലോക രാഷ്ട്രങ്ങള്‍ക്കിടയിലും പ്രാബല്യത്തിലുള്ള ആണവകരാര്‍ തുടരണമെന്നും അല്ലെങ്കില്‍ അനന്തര ഫലം അനുഭവിക്കേണ്ടിവരുമെന്നും പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു.
കരാര്‍ അടിസ്ഥാനത്തിലുള്ള നടപടി സ്വീകരിക്കുന്നതില്‍ നിന്ന് യു.എസ് പരാജയപ്പെടുകയാണെങ്കില്‍ ഇറാന്‍ ശക്തമായി തിരിച്ചടിക്കുമെന്ന് റൂഹാനി പറഞ്ഞു. ഇറാന്‍ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇറാനുമായുള്ള ആണവക്കരാര്‍ അടുത്ത മാസം12ന് അവസാനിക്കാനിരിക്കെയാണ് യു.എസിന് ഇറാന്റെ മുന്നറിയിപ്പ്.
ഇറാനെതിരേ കൂടുതല്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ആണവ കരാര്‍ റദ്ദാക്കുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആണവ കരാറിനെ പിന്തുണച്ച് നിരവധി രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു.
ഇറാന്റെ ആണവ സമ്പുഷ്ടീകരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പ്ലാന്‍ ബി എന്ന രീതിയില്‍ മറ്റൊരു കരാറില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. അമേരിക്കന്‍ മാധ്യമമായ സി.ബി.എസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിനിടെ ആണവക്കരാറിനെ പിന്തുണച്ച് യു.എന്നും യൂറോപ്യന്‍ യൂനിയനും രംഗത്തെത്തി. ഇറാന്റെ ആണവ പദ്ധതി സമാധാനപരമായാണ് നടക്കുന്നതെന്ന് ഉറപ്പ് വരുത്താന്‍ ആണവക്കരാര്‍ മുന്നോട്ട് കൊണ്ടുപോവണമെന്ന് യു.എന്‍ പ്രതിനിധി ഇസുമി നകാമിറ്റ്‌സു അഭിപ്രായപ്പെട്ടു. ഇതിലൂടെ ഇറാന്‍ ജനതക്ക് ലഭിക്കുന്ന നേട്ടങ്ങളെ വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കരാര്‍ ആഗോള തലത്തില്‍ ആണവ നിര്‍വ്യാപനത്തെ ബലപ്പെടുത്തുമെന്നും ഗള്‍ഫ് മേഖലയുടെയും ലോകത്തിന്റെ തന്നെയും സുരക്ഷക്കും സമാധാനത്തിനും ഇത് മുതല്‍ക്കൂട്ടാവുമെന്നും യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധി ജെസീക് വൈലിസ പറഞ്ഞു. 2015ല്‍ ആണ് യു.എസ്, ചൈന,റഷ്യ,ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളുമായി ഇറാന്‍ ആണവക്കരാറില്‍ ഒപ്പിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."