പെരിന്തല്‍മണ്ണ നഗരസഭയിലെ മുഴുവന്‍ തരിശ് ഭൂമിയിലും കൃഷിയിറക്കും
പെരിന്തല്‍മണ്ണ: നഗരസഭയിലെ തരിശായിക്കിടക്കുന്ന മുഴുവന്‍ പാടശേഖരങ്ങളിലും കൃഷിയിറക്കാന്‍ ടൗണ്‍ ഹാളില്‍ നടന്ന നഗരസഭ കര്‍ഷക കര്‍മസേന ശില്‍പശാലയില്‍ തീരുമാനിച്ചു. മൂന്നു വര്‍ഷത്തെ ഇടപെടലിനെത്തുടര്‍ന്ന് 80 ഏക്കറായിരുന്ന നെല്‍ കൃഷി 300 ഏക്കറില്‍ എത്തിക്കാന്‍ നഗരസഭക്ക് കഴിഞ്ഞിട്ടുണ്ട്. ശേഷിച്ച തരിശായി കിടക്കുന്ന ഭൂമി കൂടി ഏറ്റെടുത്ത് ഈ വര്‍ഷം 500 ഏക്കറില്‍ നെല്‍കൃഷിയിറക്കാനാണ് ലക്ഷ്യമിടുന്നത്.
അടുത്തമാസം ഹരിതസേനാംഗങ്ങള്‍ തരിശ് നില സര്‍വേ നടത്തി തരിശുനിലങ്ങള്‍ നിര്‍ണയിക്കും. ഈ ഭൂമിയില്‍ കര്‍ഷക കര്‍മസേന നഗരസഭ, ജീവനം പദ്ധതി സഹായത്തോടെ കൃഷിയിറക്കും. ജൂണ്‍ മാസത്തില്‍ നെല്‍കൃഷി ആരംഭിക്കാനും തീരുമാനിച്ചു. പച്ചക്കറി കൃഷി മെയ് അവസാന വാരത്തില്‍ ആരംഭിക്കും. വീടുകളിലെ വീടുമുറ്റ പച്ചക്കറി കൃഷി ഈ വര്‍ഷം തെരഞ്ഞെടുത്ത 5000 വീടുകളില്‍ ചെയ്യുന്നതിന് ജൂണില്‍ ഒന്നിന് ഒരുലക്ഷം പച്ചക്കറി തൈയും വിത്തും വിതരണം ചെയ്യും.
വാഴ-കിഴങ്ങ് കൃഷികള്‍ സമയബന്ധിതമായി ആരംഭിക്കും. ഇതിനു പുറമെ 200 ഏക്കര്‍ സ്ഥലത്ത് ഔഷധ സസ്യകൃഷി ജൂണില്‍ തന്നെ ആരംഭിക്കാനും ധാരണയായി. ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനത്തില്‍ കഴിഞ്ഞ വര്‍ഷംവച്ച 50000 മരത്തൈകളുടെ വളര്‍ച്ചയും പുരോഗതിയും വിലയിരുത്തി തുടര്‍ പ്രചാരണത്തിനുള്ള വാര്‍ഷിക യജ്ഞത്തിന് തുടക്കം കുറിക്കും. നഗരസഭയിലെ 12000 വീടുകളില്‍ പപ്പായ, മുരിങ്ങ, ചീര, കോവക്ക എന്നീ പോക്ഷകാഹാര തൈകളും വേപ്പില തൈയ്യും പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നല്‍കും.
1.50 കോടി രൂപ കാര്‍ഷിക മേഖലയിലെ സബ്‌സിഡിയായും മറ്റ് ആനുകൂല്യങ്ങളായും ഈ വര്‍ഷം കര്‍ഷകര്‍ക്ക് നല്‍കും. ഏപ്രില്‍ 24നും 30 നും ഉള്ളില്‍ ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷ ഫോറം വിതരണം ചെയ്യും. പത്തിനുള്ളില്‍ കൃഷിഭവനിലോ, നഗരസഭയിലോ അപേക്ഷ സമര്‍പ്പിക്കണം. കൃഷി പൂര്‍ത്തീകരിക്കുന്ന ഉടന്‍ തന്നെ ഈ വര്‍ഷം സബ്‌സിഡിയും വിതരണം ചെയ്യും. കാര്‍ഷിക ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷ ഫോറങ്ങള്‍ നഗരസഭ, കൃഷിഭവന്‍, വാര്‍ഡ് കൗണ്‍സിലര്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ നിശ്ചിത തിയതിക്കകം സമര്‍പ്പിക്കണം.
കാര്‍ഷിക കര്‍മസേന ശില്‍പശാലയുടെയും അപേക്ഷ ഫോറത്തിന്റെയും ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ എം.മുഹമ്മദ് സലീം നിര്‍വഹിച്ചു. വികസന സ്ഥിരംസമിതി ചെയര്‍മാന്‍ കെ.സി മൊയ്തീന്‍ കുട്ടി അധ്യക്ഷനായി. കൃഷി ഓഫിസര്‍ ഇന്‍ ചാര്‍ജ് കെ.റജിന, കൃഷി അസിസ്റ്റന്റ് പി.സിനി, കെ.ദേവദാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."