സ്‌നേഹ പാലിയേറ്റീവ് 13-ാം വര്‍ഷത്തിലേക്ക്
കക്കട്ടില്‍: കക്കട്ടില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌നേഹ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റി 13-ാം വര്‍ഷത്തിലേക്ക്. കുന്നുമ്മല്‍, നരിപ്പറ്റ, നാദാപുരം, പുറമേരി, വേളം, കായക്കൊടി, കുറ്റ്യാടി പഞ്ചായത്തുകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഈ സ്ഥാപനം നിരവധി സാന്ത്വന പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് മാതൃകാപരമായി ചെയ്തിട്ടുണ്ട്. കിടപ്പു രോഗികള്‍ക്ക് പരിചരണം നല്‍കുക മാത്രമല്ല സാന്ത്വന പ്രവര്‍ത്തനമെന്ന് സ്‌നേഹ പാലിയേറ്റീവ് പ്രവര്‍ത്തകര്‍ കാണിച്ചുകൊടുത്തു.
രോഗികളുടെ കുടുംബത്തിന് തണലേകാന്‍ തങ്ങളാല്‍ കഴിയുന്ന സഹായങ്ങളുമായും പാലീയേറ്റീവിലെ പ്രവര്‍ത്തകരുണ്ടാവും. നിര്‍ധനര്‍ക്ക് വീടുവച്ചു നല്‍കാനും, കൈതൊഴില്‍ സംരഭങ്ങളൊരുക്കാനും മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കുന്ന കക്കട്ടിലെ സ്‌നേഹ പാലിയേറ്റീവിലെ വളണ്ടിയര്‍മാര്‍ തെരുവിലലയുന്നവര്‍ക്ക് തണലൊരുക്കാനും മുന്നിട്ടിറങ്ങി. കര്‍ണാടക സ്വദേശി ബര്‍ത്ത, ആശാരി ബാലന്‍, ചാത്തു അഛന്‍ എന്നിവരെ തെരുവില്‍ നിന്ന് കൊയിലാണ്ടിയിലെ തണലിലെത്തിച്ച് അവര്‍ക്ക് പുതിയൊരു ജീവിതമൊരുക്കാനും ഇവര്‍ക്ക് കഴിഞ്ഞു.
പ്രവാസിയായ കരുവന്‍കണ്ടി അബ്ദുറഹ്മാന്‍ ഹാജി തന്റെ പിതാവിന്റെ സ്മരണയ്ക്കായി പാലിയേറ്റീവ് കെയറിന് വാഹനം കെട്ടിടവും നല്‍കി സേവന രംഗത്തെത്തിയപ്പോള്‍ സി.കെ.ഖാസിം, പി.കെ റഷീദ്, സി. സൂപ്പി, മറ്റ് വളണ്ടിയര്‍മാര്‍ ഇദ്ദേഹത്തിന്റെ കൂടെ നിന്നു. ആഴ്ചയില്‍ ഒരു തവണ ഹോം കെയറിന് നഴ്‌സുമാരെയും മാസത്തിലൊരിക്കല്‍ കോടിയേരി മലബാര്‍ ക്യാന്‍സര്‍ സെന്ററിലെ ശരത് ഡോക്ടറുടെ സേവനം ഉറപ്പാക്കാനും ഈ പ്രവര്‍ത്തകര്‍ക്ക് കഴിയുന്നുണ്ട്.
ഈ മാസം 29ന് വടകര തണലുമായി സഹകരിച്ച് സൗജന്യ വൃക്ക രോഗനിര്‍ണയ ക്യാംപും പുതിയ വാഹനത്തിന്റെ താക്കോല്‍ കൈമാറ്റവും കെട്ടിടത്തിന്റെ ഉദ്ഘാടനവും വിപുലമായ പരിപാടികളോടെ ഒരുക്കുമെന്ന് ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ ഹാജി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."