ഹജ്ജ് തീര്‍ഥാടനം സുഗമമാവാന്‍
ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പേര്‍ തീര്‍ത്ഥാടനത്തിന് പോകുന്ന കേന്ദ്രമാണ് സഉദി അറേബ്യയിലെ പരിശുദ്ധ മക്ക.വര്‍ഷത്തില്‍ 1,71,000 പേര്‍ ഹജ്ജിനും രണ്ട് ലക്ഷത്തിലേറെ പേര്‍ ഉംറ തീര്‍ത്ഥാടനത്തിനായും മക്കയിലേക്ക് പോകുന്നു.ഓരോ വര്‍ഷവും ഹജ്ജ്-ഉംറ തീര്‍ത്ഥാടനത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ കടലു കടക്കുന്നത് വഴി സര്‍ക്കാറിനും,വിമാന കമ്പനികള്‍ക്കുമെല്ലാം വരുമാനം നേടാനാവുമ്പോള്‍ തീര്‍ത്ഥാടകര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പിറകോട്ടു പോകുന്നുവെന്ന് പറയുന്നതില്‍ തെറ്റില്ല.സമയ ബന്ധിതമായി ഇടപെടലുകള്‍ നടത്താതെ കതിരില്‍ വളംവെക്കുന്ന രീതിയാണ് പലപ്പോഴും കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്.
സബ്‌സിഡി നിര്‍ത്തലാക്കിയതിന് ശേഷമുളള ആദ്യ ഹജ്ജ് തീര്‍ത്ഥാടനത്തിനുളള ഒരുക്കങ്ങളാണ് നടന്നുവരുന്നത്. ക്രമാതീതമായി ് നിരക്കാണ് ഈ വര്‍ഷമുണ്ടായത്.ഇത് ഹജ്ജിന് പോകുന്നവരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്ന് തീര്‍ച്ചയാണ്.
നിബന്ധനകളും നിയന്ത്രണങ്ങളും
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് കര്‍ശന നിയന്ത്രണങ്ങളും നിബന്ധനകളും വര്‍ഷങ്ങളായി സഉദി ഭരണകൂടം കൊണ്ടുവരുന്നതാണ്.എന്നാല്‍ ഈ നിബന്ധനകളിലെല്ലാം കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടലുകള്‍ സമയ ബന്ധിതമായി നടക്കാറും ഒരു പരിധി വരെ ഇന്ത്യക്ക് ഇളവു ലഭിക്കാറുമുണ്ട്.ഈ വര്‍ഷം പ്രവാസികളുടെ പാസ്‌പോര്‍ട്ട് സമര്‍പ്പണം നേരത്തെയാക്കിയതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.മുന്‍കാലങ്ങളില്‍ പ്രവാസികളായ തീര്‍ത്ഥാടകരുടെ പാസ്‌പോര്‍ട്ട് യാത്രയുടെ അവസാന ദിനങ്ങളിലാണ് സമര്‍പ്പിക്കാറുളളത്.എന്നാല്‍ ഈവര്‍ഷം അഞ്ച് മാസം മുമ്പ് ഏപ്രില്‍ 15ന് തന്നെ സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചത്.പ്രവാസികള്‍ക്ക് വിദേശത്ത് നിന്ന് ജോലിയില്‍ നിന്ന് പരമാവധി രണ്ടോ മൂന്നോ മാസം മാത്രമാണ് അവധി ലഭിക്കുക.
എന്നാല്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിച്ച് തീര്‍ത്ഥാടനം കഴിഞ്ഞ് എത്തുമ്പോഴേക്കും അഞ്ച് മാസം കഴിയും.ആയിരത്തിലേറെ പ്രവാസികളാണ് ഹജ്ജ് തീര്‍ത്ഥാടനത്തിന് കുടംബത്തോടൊപ്പം യാത്രക്ക് ഒരുങ്ങുന്നത്.പ്രവാസികളുടെ പ്രശ്‌നം അവസാന നിമിശമാണ് സംസ്ഥാന ഹജ്ജ് കമ്മറ്റി കേന്ദ്രത്തില്‍ അറിയിച്ചത്.ഒടുവില്‍ പാസ്‌പോര്‍ട്ട് സമര്‍പ്പണം ഏപ്രില്‍ 30 വരെ നീട്ടിനല്‍കി.സഉദി ഭരണകൂടത്തിന് മെയ്മാസത്തോടെ ഹജ്ജ് കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് പ്രവാസികളുടെ പാസ്‌പോര്‍ട്ട് നേരത്തെ ആവശ്യപ്പെടുന്നതെന്ന് കേന്ദ്രം പറയുന്നു.
എന്നാല്‍ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്കുളള ഹജ്ജ് സീറ്റുകള്‍ ഇതുവരെ നല്‍കിയിട്ടില്ല.സ്വകാര്യ ഗ്രൂപ്പുകള്‍ വഴി പ്രവാസികളും അല്ലാത്തവരും ഹജ്ജിന് പോകുന്നു.ഇവര്‍ക്കൊന്നും ഈ നിബന്ധനകള്‍ ബാധകമാവുന്നുമില്ല.
തുടര്‍ച്ചയായി വരുന്ന നിബന്ധനകള്‍ തീര്‍ത്ഥാടകര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് സഉദി സര്‍ക്കാറിനെ അറിയിക്കാന്‍ കേന്ദ്ര ഹജ്ജ് കമ്മറ്റിയോ സര്‍ക്കാറോ തുനിയുന്നില്ല.ഈ വര്‍ഷത്തെ ഹജ്ജിനോട് അനുബന്ധിച്ച് പുറത്തിറക്കിയ ബുക്ക്‌ലെറ്റില്‍ തുടര്‍ച്ചയായ മൂന്ന് വര്‍ഷത്തിലൊരിക്കല്‍ ഉറയോ,ഹജ്ജോ നിര്‍വ്വഹിച്ചവര്‍ രണ്ടായിരം സഉദി റിയാല്‍(35,202 രൂപ)അധികം നല്‍കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു.ഈ നിര്‍ദേശം കേരളത്തിലെ ഹജ്ജ് തീര്‍ത്ഥാടകര്‍ അറിയുന്നത് തന്നെ നറുക്കെടുപ്പ് കഴിഞ്ഞതിന് ശേഷമാണ്. നിര്‍ദേശം സഉദി സര്‍ക്കാറുമായി ബന്ധപ്പെട്ട് ലഘൂകരിക്കാന്‍ കേന്ദ്രത്തിന് സാധ്യാമയിട്ടില്ല.ഈ നിയമത്തില്‍ ഉംറ തീര്‍ത്ഥാടനം ഒഴിവാക്കിയാല്‍ തീര്‍ത്ഥാടകര്‍ക്ക് ഏറെ ആശ്വാസമാവും.ഇന്ത്യയില്‍ ഏറ്റവും മികച്ച ഹജ്ജ് കമ്മറ്റിയെന്ന വിശേഷണമുളള സംസ്ഥാന ഹജ്ജ് കമ്മറ്റിയും ഇത് സംബന്ധിച്ച് ഇടപെടലുകളും നടത്തിയിട്ടില്ലെന്നുളളതും തീര്‍ത്ഥാടകരെ ധര്‍മ്മ സങ്കടത്തിലാക്കുന്നുണ്ട്.
കേന്ദ്ര ഹജ്ജ് കമ്മറ്റി ഹജ്ജ് ബുക്ക് ലെറ്റില്‍ പ്രസിദ്ധീകരിച്ച മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ എന്ന നിയമം വീണ്ടും മാറ്റിയത് തീര്‍ത്ഥാടകര്‍ ഇപ്പോള്‍ അറിയുന്നത് ഹജ്ജിന്റെ രണ്ടാംഗഡു പണം നിശ്ചയിച്ചതിന് ശേഷമാണ്. ജീവിതത്തില്‍ ഒരിക്കല്‍ ഉംറയോ,ഹജ്ജോ നിര്‍വ്വഹിച്ചവര്‍ രണ്ടായിരം സഉദി റിയാല്‍(35,202 രൂപ)അധികം നല്‍കണമെന്നാണ് സഉദി ആവശ്യപ്പെടുന്നത്.
സബ്‌സിഡിയിലെ വിവേചനം
ഹജ്ജ് സബ്‌സിഡി കേന്ദ്ര സര്‍ക്കാര്‍ ഒറ്റയടിക്ക് നിര്‍ത്തിയത് വിവേചനത്തിനും വിമാന നിരക്ക് ഉള്‍പ്പടെയുളള വര്‍ധനവിനും മറുപടി നല്‍കാതെയായിരുന്നു.2012 മുതലാണ് ഹജ്ജ് തീര്‍ത്ഥാടനത്തിന് നല്‍കുന്ന സബ്‌സിഡി ഘട്ടംഘട്ടമായി നിര്‍ത്തി 2022 ഓടെ പൂര്‍ണമായി ഒഴിവാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നത്.എന്നാല്‍ പുതിയ ഹജ്ജ് പോളിസിയോടൊപ്പം തന്നെ സബ്‌സിഡി 2022 വരെ കാത്ത് നില്‍ക്കാതെ ഈ വര്‍ഷം മുതല്‍ നിര്‍ത്തലാക്കിയ്.കൈലാസ് മാനസസരോവര്‍ യാത്ര,ഹരിദ്വാര്‍,അലഹബാദ്,നാസിക്,ഉജ്ജൈന്‍ തുടങ്ങിയവയിലെ പ്രമുഖ കുംഭ മേളകള്‍ക്ക് അടക്കം ലക്ഷങ്ങളുടെ കേന്ദ്ര-സംസ്ഥാന ഫണ്ടുകളാണ് ചെലവഴിക്കുന്നത്.
ഹരിദ്വാറില്‍ 2014 ല്‍ കേന്ദ്ര സര്‍ക്കാര്‍ ചെലവിട്ടത് 1,150 കോടി രൂപയും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അലഹബാദില്‍ 11 കോടി രൂപയുമായിരുന്നു.ഉജ്ജയിനിയില്‍ 12 വര്‍ഷത്തിലൊരിക്കല്‍ നടന്ന മേളക്ക് കഴിഞ്ഞ വര്‍ഷം മധ്യപ്രദേശില്‍ 100 കോടി രൂപ വകയിരുത്തിയത് കേന്ദ്ര സഹകരണ മന്ത്രാലയമായിരുന്നു.ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലും മതപരമായ ചടങ്ങുകള്‍ക്ക് പ്രത്യേക സബ്‌സിഡികള്‍ നല്‍കുന്നുണ്ട്. ഛത്തീസ്ഗഢ്,ഡല്‍ഹി,ഗുജറാത്ത്,കര്‍ണാടകം,മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവ മാനസസരോവര്‍ യാത്രയില്‍ 1.5 ലക്ഷം രൂപ വീതമാണ് ചെലവ് വരുന്നത്. മദ്ധ്യപ്രദേശ് സര്‍ക്കാര്‍ മുസിമന്ദിരി തീര്‍ത്ഥ ധര്‍ശന്‍ യോജനയുടെ കീഴില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കും സബ്‌സിഡി നല്‍കുന്നുണ്ട്.ഇതില്‍ മധുര അയോദ്ധ്യ, സന്ത് കബീര്‍ ജന്മസ്ഥലം, സെന്റ് തോമസ് ചര്‍ച്ച് എന്നിവ ഉള്‍പ്പെടുന്നു.
പൊളളുന്ന എയര്‍പോര്‍ട്ട് നിരക്ക്
ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുളള രണ്ടാംഘഡു പണം നിശ്ചയിച്ചതോടെയാണ് ഈ വര്‍ഷത്തെ ഹജ്ജിനുളള ചിലവ് വ്യക്തമായത്.മക്കയുടെ ഒന്നര കിലോ മീറ്റര്‍ ചുറ്റളവിലെ ഗ്രീന്‍ കാറ്റഗറയില്‍ അപേക്ഷിച്ചര്‍ക്ക് 2,56,350 രൂപയാണ് ചിലവ് വരിക.മക്കക്ക് അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുളള അസീസിയ്യ കാറ്റഗറിയില്‍ അപേക്ഷിച്ചവര്‍ക്ക് 2,22,200 രൂപയും ചിലവ് വരും. ഇതിന് പുറമെ ഹജ്ജ് ഉംറ ജീവിതത്തില്‍ ഒരിക്കല്‍ നിര്‍വ്വഹിച്ചവരാണെങ്കില്‍ രണ്ടായിരം റിയാലിന് മൂല്യമായ അധിക തുകയും ഇതിന് പുറമെ നല്‍കണം. കഴിഞ്ഞ വര്‍ഷം ഗ്രീന്‍കാറ്റഗറിയില്‍ 2,35,800 രൂപയും,അസീസിയ്യ കാറ്റഗറിയിലുളളവര്‍ക്ക് 2,01,750 രൂപയായിരുന്നു ചിലവ് വന്നിരുന്നത്.
ഹജ്ജിന് നല്‍കുന്ന സബ്‌സിഡി നിര്‍ത്തലാക്കുമ്പോള്‍ തീര്‍ത്ഥാടകരെ ചൂഷണം ചെയ്യുന്ന വിമാന കമ്പനികളുടെ ടിക്കറ്റ് നിരക്ക് വര്‍ധനയില്‍ ഇളവ് വരുത്തിയെന്നാണ് കേന്ദ്രത്തിന്റെ വാദം.എന്നാല്‍ ടിക്കറ്റ് നിരക്കില്‍ ചെറിയ വ്യത്യാസം വരുത്തിയെങ്കിലും എയര്‍പോര്‍ട്ട് ചാര്‍ജ് എന്ന പേരില്‍ മൂന്നിരട്ടിയാണ് വര്‍ധിപ്പിച്ചത്.കഴിഞ്ഞ വര്‍ഷം 72,812 രൂപയാണ് കേരളത്തില്‍ നിന്നുളള ഹാജിമാരില്‍ നിന്ന് ടിക്കറ്റ് നിരക്ക്.ഇതില്‍ 10,500 രൂപ സബ്‌സിഡി നല്‍കിയിരുന്നു.ഈ വര്‍ഷം 59,871 രൂപയാണ് കൊച്ചിയില്‍ നിന്നുളള വിമാന ടിക്കറ്റ് നിരക്ക് നിശ്ചയിച്ചത്.എന്നാല്‍ വിമാനത്താവളത്തില്‍ കയറണമെങ്കില്‍ 14,571 രൂപ ഓരോ തീര്‍ത്ഥാടകനും എയര്‍പോര്‍ട്ട് ടാക്‌സ് എന്ന പേരില്‍ നല്‍കണം.
സീസണല്ലാത്ത സമയത്ത് ഒരാള്‍ക്ക് കൊച്ചിയില്‍ നിന്ന് ദുബൈയില്‍ പോയി മടങ്ങിവരാന്‍ 8000 രൂപയാണ് ചിലവ് വരുന്നത്.കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുളള വിമാന നിരക്കും പതിനായിരമാണ്.എന്നാല്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ വിമാനത്താവളത്തില്‍ വന്നു പോകുന്നതിന് എയര്‍പോര്‍ട്ട് ടാക്‌സ് നിശ്ചയിച്ചത് ഇതിലും ഉയര്‍ന്ന തുകക്കാണെന്നുളളത് തീര്‍ത്ഥാടകര്‍ക്ക് കനത്ത തിരിച്ചടിയാണ്.വിമാന നിരക്കിന്റെ കുറവ് എയര്‍പോര്‍ട്ട് ടാക്‌സ് വഴി വിഴുങ്ങുന്ന അവസ്ഥയാണുളളത്.കേരളത്തില്‍ ഈവര്‍ഷം 12,000 ലേറെ പേര്‍ക്ക് ഹജ്ജിന് അവസരമുണ്ടായേക്കും.ഇതിന് പുറമെ ലക്ഷദ്വീപ്,മാഹി എിവടങ്ങളില്‍ നിന്നുളളവരും ഉള്‍പ്പെടുന്നതോടെ തീര്‍ത്ഥാടകരുടെ എണ്ണം കൂടും.ഓരോരുത്തരില്‍ നിന്നും 14,571 രൂപ ഈടാക്കുന്നത് വഴി ലക്ഷങ്ങളാണ് എയര്‍പോര്‍ട്ടുകള്‍ക്ക് ലഭിക്കുക.
ഹജ്ജ് കമ്മറ്റിയുടെ ഇടപെടല്‍
ഇന്ത്യയില്‍ മികച്ച ഹജ്ജ് എംപാര്‍ക്കേഷന്‍ പോയിന്റ് എന്ന് എക്കാലത്തും പേരെടുത്തത് കേരളമാണ്.സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങളുടെ മികവിനെയാണ് ഇത് സൂചിപ്പിക്കുന്നത്.കേന്ദ്ര ഹജ്ജ് കമ്മറ്റിയുടെ ഹജ്ജ് പോളസിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച സംസ്ഥാന ഹജ്ജ് കമ്മറ്റി ഈ വര്‍ഷം ഹജ്ജ് നറുക്കെടുപ്പില്‍ നിന്ന് പോലും മാറിനിന്നു.തുടര്‍ച്ചയായ അഞ്ചാം വര്‍ഷക്കാരുടെ പ്രശ്‌നത്തിലടക്കം ഇടപെട്ട് നേട്ടം കൈവരിച്ചു.എന്നാല്‍ ചില കാര്യങ്ങളില്‍ സമയബന്ധിതമായി അവതരിപ്പിക്കുന്നതില്‍ പിറകോട്ട് പോയ്.
എയര്‍പോര്‍ട്ട് ചാര്‍ജ് നിരക്കിലെവര്‍ധനവിലും,സഉദി മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശങ്ങളിലും തീര്‍ത്ഥാടകര്‍ക്കുളള പ്രയാസങ്ങള്‍ അവസരോചിതമായ ഇടപെടല്‍ നടത്തി പരിഹരിക്കണമെന്നാണ് ഹാജിമാരുടെ ആവശ്യം.വിഷയത്തില്‍ കേന്ദ്രഹജ്ജ് കമ്മറ്റിയില്‍ സമ്മര്‍ദ്ദം ചെലുത്തി ഇളവ് നേടിയെടുക്കാനുളള ശ്രമം നടത്തണം.
ആര് ഭരിച്ചാലും ആക്ഷേപങ്ങളില്ലാതെ പ്രവര്‍ത്തിച്ചിരുന്ന കേരളത്തിലെ ഏക വിഭാഗമാണ് സംസ്ഥാന ഹജ്ജ് കമ്മറ്റി.എന്നാല്‍ അടുത്തിടെ ഹജ്ജ് കമ്മറ്റി അംഗങ്ങളില്‍ തന്നെ ചിലര്‍ നേതൃത്വത്തെ ചോദ്യം ചെയ്ചത് രംഗത്ത് വന്നത് ഹജ്ജ് കമ്മറ്റിയുടെ പ്രിതിച്ഛായയെ ബാധിക്കുന്നുവെന്നതില്‍ തര്‍ക്കമില്ല.ഇത്തരത്തിലുളള അസ്വാരസ്യങ്ങള്‍ മറന്ന് സംസ്ഥാന സര്‍ക്കാറിന്റെ സഹായത്തോടെ ഹജ്ജ് കാര്യങ്ങളില്‍ ഇടപെടാന്‍ സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് ആവണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."