മംഗളാദേവി ക്ഷേത്രോത്സവം: സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണം: എ. പത്മകുമാര്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഇടുക്കിയിലെ മംഗളാദേവി ക്ഷേത്രവുമായി ബന്ധപ്പെട്ട് തമിഴ്‌നാടുമായി നിലനില്‍ക്കുന്ന പ്രശ്‌നം പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഈ മാസം 30നാണ് മംഗളാദേവി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണമി ഉത്സവം. ഇതിനുമുമ്പേ മുഖ്യമന്ത്രിയും സര്‍ക്കാരും പ്രശ്‌നത്തില്‍ ഇടപെടണം. ഈ വിഷയത്തില്‍ ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചില്‍ പരാതി നല്‍കുമെന്നും പത്മകുമാര്‍ അറിയിച്ചു. ക്ഷേത്രം കേരളത്തിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും അവകാശപ്പെട്ടതാണെങ്കിലും തമിഴ്‌നാട് അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്. തകര്‍ന്നുപോയ ക്ഷേത്രം പുനര്‍നിര്‍മിക്കുന്നതിനോ ക്ഷേത്രത്തില്‍ നിത്യപൂജ നടത്തുന്നതിനോ കഴിയാത്ത സാഹചര്യമാണ് തര്‍ക്കം നിമിത്തം ഉണ്ടായിട്ടുള്ളത്. ഈ വര്‍ഷത്തെ ഉത്സവത്തെപ്പറ്റി ആലോചിക്കാന്‍ ജില്ലാ കലക്ടര്‍ വിളിച്ച യോഗത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പങ്കെടുപ്പിക്കാതിരുന്നത് പ്രതിഷേധാര്‍ഹമാണ്.
കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്നുപോയ ഭക്ത ജനങ്ങള്‍ക്ക് ഭക്ഷണം പോലും നിഷേധിക്കുന്ന സാഹചര്യമുണ്ടായി. ഈ വര്‍ഷം അങ്ങനെയുള്ള സാഹചര്യം ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. മംഗളാദേവി ക്ഷേത്രവുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇരു സംസ്ഥാനങ്ങളും ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം കാണണമെന്ന് കോടതി നിര്‍ദേശിച്ചെങ്കിലും കാര്യമായ നടപടികളൊന്നുമുണ്ടായിട്ടില്ല. ക്ഷേത്രത്തിന്റെ പുനരുദ്ധാരണവും പുനഃപ്രതിഷ്ഠ ഉള്‍പ്പെടെയുള്ളവയും അടിയന്തരമായി നടപ്പാക്കണം. കേരളത്തിന് അവകാശപ്പെട്ട ക്ഷേത്രം പുതുക്കി പണിയുന്നതിനും നിത്യപൂജ ഉള്‍പ്പെടെ നടത്തുന്നതിനും ബോര്‍ഡ് തയാറാണ്. ഇതിനായി ഇരു സംസ്ഥാനങ്ങളിലെയും ദേവസ്വം മന്ത്രിമാരുടെ യോഗം അടിയന്തരമായി വിളിച്ചുചേര്‍ക്കണം.
പുരാവസ്തുവകുപ്പ്, റവന്യൂ, വനം, ദേവസ്വം വകുപ്പുകളും തമിഴ്‌നാട് സര്‍ക്കാറും ഉള്‍പ്പെടെ ബന്ധപ്പെട്ട് അടുത്ത ചിത്രാ പൗര്‍ണമിക്ക് മുന്‍പ് ക്ഷേത്ര വികസനം നടപ്പാക്കുന്നതിന് ബോര്‍ഡ് ശ്രമം നടത്തും.
കേരള ഹൈക്കോടതിയിലാണ് ബന്ധപ്പെട്ടവര്‍ പരാതി നല്‍കിയത് എന്നതില്‍ നിന്നു തന്നെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് കേരളത്തിലാണെന്ന് പരാതിക്കാര്‍ പോലും സമ്മതിക്കുന്നുവെന്നതിന് തെളിവാണ്. ക്ഷേത്രം പുതുക്കി പണിയാന്‍ ബോര്‍ഡ് തയാറാണ്. ഇത്തവണത്തെ ചിത്രാ പൗര്‍ണമി ഉത്സവം കഴിഞ്ഞാലുടന്‍ ഇതിനാവശ്യമായ നടപടികളിലേക്ക് ബോര്‍ഡ് കടക്കുമെന്നും പത്മകുമാര്‍ അറിയിച്ചു. ബോര്‍ഡ് അംഗം കെ.പി ശങ്കരദാസും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."