ഉന്നതരുടെ നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില; മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡ്യൂട്ടി വിവേചനം തുടരുന്നു
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സ്ഥിരം ജീവനക്കാര്‍ താല്‍ക്കാലിക വിഭാഗം ജീവനക്കാരോട് ഡ്യൂട്ടിയുടെ കാര്യത്തില്‍ വിവേചനം കാണിക്കുന്നതായി ആക്ഷേപം.
ഇ.സി.ജി. വിഭാഗത്തിലാണ് സ്ഥിരം ജീവനക്കാരും, താല്‍ക്കാലിക വിഭാഗവും തമ്മിലുള്ള ഡ്യൂട്ടിയുടെ കാര്യത്തില്‍ വിവേചനം തുടരുന്നത്. ഏഴ് സ്ഥിരം ജീവനക്കാരും 10 താല്‍ക്കാലിക വിഭാഗം ജീവനക്കാരുമാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ, അത്യാഹിത വിഭാഗം, ഗൈനക്കോളജി, കാര്‍ഡിയോളജി, കാര്‍ഡിയോതൊറാസിക്, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഓര്‍ത്തോ, ന്യൂറോ മെഡിസിന്‍, ന്യൂറോ സര്‍ജറി, നെ ഫ്രോളജി, ഒഫ്താല്‍മോളജി, തുടങ്ങി മുഴുവന്‍ വിഭാഗങ്ങളിലുമുള്ള സ്ത്രീ പുരുഷ രോഗികള്‍ക്ക് ഇ.സി.ജി. എടുക്കുന്നതിനുള്ളത്. എന്നാല്‍ സ്ഥിരം ജീവനക്കാരായ ഏഴ് പേര്‍ കാര്‍ഡിയോളജി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന, ഹൃദ് രോഗികള്‍ക്കും, ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലെ രോഗികള്‍ക്കും മാത്രമേ ഇ.സി.ജി. ഡ്യൂട്ടി ചെയ്യുകയുള്ളൂ. ബാക്കിയുള്ള ഏറ്റവും തിരക്കുള്ള ജനറല്‍ മെഡിസിനിലെ സ്ത്രീ - പുരുഷ വാര്‍ഡ്, സര്‍ജറി, ഓര്‍ത്തോ, സൈക്കാട്രി, ഗൈനക്കോളജി വാര്‍ഡുകളില്‍, എന്നിവിടങ്ങളില്‍ അവര്‍ ജോലി ചെയ്യില്ലത്രേ. ഇവിടെ പത്ത് താല്‍ക്കാലിക വിഭാഗക്കാര്‍ മാത്രമാണ് ഡ്യൂട്ടി ചെയ്യുന്നത്.
ചുരുക്കത്തില്‍ കാര്‍ഡിയോളജി മന്ദിരം വിട്ട് സ്ഥിരം ജീവനക്കാര്‍ മറ്റ് വാര്‍ഡുകളില്‍ ഡ്യൂട്ടിക്ക് പോകില്ല. തന്നെയുമല്ല സ്ഥിരം ജീവനക്കാര്‍ക്ക് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് നെറ്റ് ഓഫ് നല്‍കുമ്പോള്‍ താല്‍ക്കാലിക വിഭാഗം ജീവനക്കാര്‍ക്ക് ഇത് ബാധകമല്ല. വര്‍ഷങ്ങളായി തുടരുന്ന ഈ ഡ്യൂട്ടി വിവേചനത്തെക്കുറിച്ച് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഇവര്‍ക്ക് ഭയമാണ്. അങ്ങനെ അധികൃതരോട് പറഞ്ഞാല്‍ പിരിച്ചുവിടുമോയെന്നുള്ള ഭയമാണത്രേ ഇക്കൂട്ടര്‍ക്ക്. എന്നാല്‍ അശുപത്രിയിലെ ഇപ്പോഴത്തെ ഭരണ കര്‍ത്താക്കള്‍ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഇരു കൂട്ടരുടെയും സംയുക്ത യോഗം വിളിച്ചിരുന്നു.
ഒരേ സ്ഥാപനത്തില്‍ ഒരേ വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ തമ്മില്‍ ഡ്യൂട്ടിയുടെ കാര്യത്തില്‍ വേര്‍തിരിവ് പാടില്ലെന്ന് ആശുപത്രി സൂപ്രണ്ട് യോഗത്തില്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ആശുപത്രിയിലെ എല്ലാ വിഭാഗം ജീവനക്കാരും മുഴുവന്‍ വാര്‍ഡുകളിലും മാറി മാറി ഡ്യൂട്ടി ചെയ്യേണ്ടവരാണെന്നും ആര്‍ക്കും ഒരു പ്രത്യേക സ്ഥലം ഡ്യൂട്ടിക്കായി തെരെഞ്ഞെടുക്കുന്നത് ശരിയല്ലെന്നും അതിനാല്‍ ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ തമ്മില്‍ സൂട്ടിയുടെ കാര്യത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ സ്ഥിരം ജീവനക്കാരെന്നോ, താല്‍ക്കാലികമെന്നോ നോക്കാതെ എല്ലാവരും മാറി മാറി ഡ്യൂട്ടി ചെയ്യണമെന്നും ആര്‍.എം.ഒ. ഡോ. ആര്‍.പി. രഞ്ചിനും ആവശ്യപ്പെട്ടിരിന്നു. എന്നാല്‍ നിര്‍ദേശം വന്ന് ആറ് മാസങ്ങള്‍ പിന്നിട്ടിട്ടും ആശുപത്രി അധികൃതരുടെ തീരുമാനം നടപ്പില്‍ വരുത്തുവാന്‍ സ്ഥിരം ജീവനക്കാര്‍ തയ്യാറായില്ല. ഈ വിവരം അറിഞ്ഞ നേഴ്‌സിംഗ് ആഫീസര്‍, വീണ്ടും ഇസി.ജി.ക്കാരുടെ സംയുക്ത യോഗം വിളിച്ചു ചേര്‍ത്തിരിക്കുകയാണ്. ഇതിനിടയില്‍ താല്‍ക്കാലിക വിഭാഗത്തിലെ രണ്ടു പേര്‍ ഏപ്രില്‍ ഒന്നു മുതല്‍ പ്രസവ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."