ചിമ്മിനി ആദിവാസി മേഖലയില്‍ റേഷന്‍ നേരിട്ട് വിതരണം നടത്തും
വരന്തരപ്പിള്ളി: ചിമ്മിനി ആദിവാസി മേഖലയില്‍ മുന്‍കാലങ്ങളിലേതു പോലെ നേരിട്ടു റേഷന്‍ വിതരണം നടത്താന്‍ നിര്‍ദേശം. ഇപോസ് സംവിധാനം പ്രവര്‍ത്തനക്ഷമമല്ലാത്ത കാരണം പ്രദേശത്തു റേഷന്‍ വിതരണം മുടങ്ങിയിരുന്നു. ജില്ലയിലെ മലയോര മേഖലയിലെ ആദിവാസികള്‍ക്കു വിഷു ദിവസം ഉള്‍പ്പെടെ ഒരാഴ്ചയിലേറെയായി റേഷന്‍ മുടങ്ങിയതായി സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു.
സിവില്‍ സപ്ലൈസ് ഡയരക്ടറുടെ ഉത്തരവു പ്രകാരം ചാലക്കുടി താലൂക്കു പരിധിയിലെ ചിമ്മിനി എച്ചിപ്പാറ റേഷന്‍ കട ഉള്‍പ്പെടെ നാലു പൊതുവിതരണ കേന്ദ്രങ്ങളില്‍ നേരിട്ടു റേഷന്‍ വിതരണം നടത്തും.
കണക്ടിവിറ്റി ലഭ്യമല്ലാത്ത പൊതുവിതരണ കേന്ദ്രങ്ങളില്‍ മാന്വലായി റേഷന്‍ വിതരണത്തിനു ജില്ലാ സപ്ലൈ ഓഫിസര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണു നടപടി.
ഇന്റര്‍നെറ്റ് റെയ്ഞ്ച് ഇല്ലാതെ റേഷന്‍ കടയിലെ ഇ-പോസ് മെഷീന്‍ പണിമുടക്കിയതോടെ മേഖലയിലെ ആദിവാസികള്‍ ഉള്‍പ്പടെ 250 കുടുംബങ്ങള്‍ക്കാണു റേഷന്‍ മുടങ്ങിയിരുന്നത്. സംഭവത്തില്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി സ്വമേധയാ കേസെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."