മാസങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ ഫലം പ്രഖ്യാപിച്ചു: സീമക്കും ഫില്‍ദക്കും മൂന്നാം സ്ഥാനം
തിരൂര്‍: കോഴിക്കോട് നടന്ന സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ അപ്പീലിലൂടെ പങ്കെടുത്ത വിദ്യാര്‍ഥിനികള്‍ക്ക് ആറ് മാസം നീണ്ട നിയമ പോരാട്ടത്തിലൂടെ മൂന്നാം സ്ഥാനവും എഗ്രേഡും. തിരൂരില്‍ നടന്ന ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം സയന്‍സ് സ്റ്റില്‍ മോഡലില്‍ മൂന്നാമത് എത്തിയ എടരിക്കോട് പി.കെ.എം.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനികളായ സീമ അലയും ഫില്‍ദയുമാണ് തിരൂര്‍ മുന്‍സിഫ് കോടതിയുടെ അനുമതിയോടെ സംസ്ഥാന ശാസ്ത്രമേളയില്‍ പങ്കെടുത്തത്.
മണ്ണില്ലാതെയും കൃഷി ചെയ്യാമെന്ന നൂതന ആശയമാണ് ഇവര്‍ ശാസ്ത്രമേളയില്‍ അവതരിപ്പിച്ചത്. മത്സരം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ഫലം പരസ്യപ്പെടുത്താത്തതിനാല്‍ വീണ്ടും ഇവര്‍ കോടതിയെ സമീപിച്ചു. കോടതി ഫലം പ്രഖ്യാപിക്കാന്‍ ഉത്തരവിട്ടെങ്കിലും ഫലപ്രഖ്യാപനം നടത്താത്തതിനാല്‍ അധികൃതര്‍ക്കെതിരേ തിരൂര്‍ മുനിസിഫ് കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കോടതി അലക്ഷ്യ നോട്ടീസ് ലഭിച്ചതോടെ അധികൃതര്‍ ഫലം പ്രഖ്യാപിച്ചു. ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ ജില്ലയില്‍ നിന്നും ഒന്നും രണ്ടും സ്ഥാനം നേടിയവരെ അവസാനത്തേക്ക് പിന്തള്ളിയാണ് സീമ അലയും ഫില്‍ദയും സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനത്തെത്തിയത്. എടരിക്കോട് പി.കെ.എം.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ വൈസ് പ്രസിഡന്റ് മുജീബ് താനാളൂരിന്റെ മകളാണ് സീമ അല. വാരണാക്കര സ്വദേശി ഡോ. ടി.കെ ഫളലുറഹ്മാന്റെ മകളാണ് ഫില്‍ദ. അന്യായക്കാര്‍ക്ക് വേണ്ടി അഡ്വ: എം.കെ മൂസക്കുട്ടി ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."