നിലനില്‍പ്പിന് പരിസ്ഥിതിസംരക്ഷണം അനിവാര്യം
പതിവ് ദിനാചരണങ്ങളുടെ ഗണത്തില്‍ പെടുത്തേണ്ടതല്ല പരിസ്ഥിതിസംരക്ഷണത്തെ കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍. ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനമായി ആചരിക്കപ്പെടുമ്പോള്‍ ഓര്‍മിക്കേണ്ടതു ജീവതാളം നിലനിര്‍ത്തുന്നതില്‍ പരിസ്ഥിതി വഹിക്കുന്ന പങ്കിനെക്കുറിച്ചാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം ആഭേദ്യമായിരിക്കേ ഒന്നിനെ കൂടാതെ മറ്റൊന്നിനു നിലനില്‍ക്കാനാവില്ല. നാട്ടില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന മഹാമാരികളും നിര്‍മാര്‍ജനം ചെയ്യപ്പെട്ട ക്ഷയം പോലുള്ള രോഗങ്ങളും വീണ്ടും തലപൊക്കുമ്പോള്‍ ആലോചിക്കേണ്ടതു പരിസ്ഥിതിമലിനീകരണത്തെക്കുറിച്ചു തന്നെയാണ്. നിരന്തരമായ പ്രചാരണങ്ങളെ തുടര്‍ന്നു പരിസ്ഥതി സംരക്ഷണത്തെക്കുറിച്ചു പലരും ബോധവാന്മാരായിട്ടുണ്ടെങ്കിലും പരിസ്ഥിതി സംരക്ഷിക്കേണ്ടതെങ്ങിനെ എന്നതിനെക്കുറിച്ച് മിക്കയാളുകളും അജ്ഞരാണ്.
മാവൂര്‍ ഗ്വാളിയോര്‍ റയണ്‍സില്‍ നിന്നു മലിനജലം ചാലിയാര്‍ പുഴയെ നശിപ്പിച്ചു തുടങ്ങിയപ്പോഴാണു നദിക്കരകളിലുള്ള ഫാക്ടറികള്‍ മനുഷ്യകുലത്തിന് എന്തുമാത്രം ദ്രോഹമാണു വരുത്തിതീര്‍ക്കുന്നതെന്നു കേരളീയര്‍ മനസ്സിലാക്കിത്തുടങ്ങിയത്.
മാവൂരിലേയും പരിസരപ്രദേശങ്ങളിലേയും ജനങ്ങള്‍ കാന്‍സര്‍ബാധ മൂലം മരണപ്പെടാന്‍ തുടങ്ങിയപ്പോഴാണു ഗ്വാളിയോര്‍ റയണ്‍സ് ഫാക്ടറി മലിനമാക്കിക്കൊണ്ടിരുന്ന ചാലിയാറിന്റെ സംരക്ഷണത്തെക്കുറിച്ചു ജനം ബോധവാന്മാരാകാന്‍ തുടങ്ങിയത്. ചാലിയാര്‍ പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ മുന്‍നിര നായകനും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.എ.റഹ്മാന്‍ മുന്നില്‍ നിന്നു നടത്തിയ ധീരോദാത്തമായ പോരാട്ടം റയണ്‍സില്‍ നിന്നു പുറത്തേക്കുവിടുന്ന മലിനജലത്തേക്കുറിച്ചു ജനങ്ങളെ ബോധവാന്മാരാക്കാന്‍ കഴിഞ്ഞു. ഗ്വാളിയോര്‍ റയണ്‍സിനെതിരേയുള്ള പ്രദേശവാസികളുടെ സമരം രാജ്യാന്തരശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു. റഹ്മാനും അവസാനും ഗ്വാളിയോര്‍ മലിനീകരണത്തിന്റെ ഇരയായി. കാന്‍സര്‍ രോഗത്താല്‍ ആ പോരാളി മരണപ്പെടുകയായിരുന്നു. ഗ്വാളിയോര്‍ റയണ്‍സ് ഫാക്ടറി അടച്ചുപൂട്ടിയതിനെ തുടര്‍ന്നു ചാലിയാര്‍ പുഴ പഴയ നിലയില്‍ ആകാന്‍ തുടങ്ങിയെങ്കിലും ഏറെത്താമസിയാതെ നാട്ടിലെ മണല്‍ മാഫിയകള്‍ ചാലിയാറിനെ മൊത്തത്തില്‍ കൊല്ലുകയായിരുന്നു. പുഴ മലിനമാക്കുന്നതു മാത്രമല്ല പരിസ്ഥിതിനാശം വിളിച്ചുവരുത്തുക. പുഴയിലെ മണല്‍ ക്രമാതീതമായി വാരുന്നതും പുഴകളുടെ അകാല മരണത്തിലാകും കലാശിക്കുക എന്നു കേരളത്തിലെ പല നദികളുടെയും ശോചനീയാവസ്ഥ വ്യക്തമാക്കുന്നു.
1972 ജൂണ്‍ അഞ്ചിന് ലോകരാഷ്ട ത്തലവന്മാര്‍ സ്റ്റോക്ക്‌ഹോമില്‍ ഒത്തുചേര്‍ന്ന് പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് ഗൗരവമായ ചര്‍ച്ച നടത്തുകയും പരിസ്ഥിതി സംരക്ഷണത്തിനായി നിയമാവലി ഉണ്ടാക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണു ലോകം പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചു ചിന്തിക്കാന്‍ തുടങ്ങിയത്. സ്റ്റോക്ക്‌ഹോമില്‍ ചേര്‍ന്ന ദിനത്തെ അനുസ്മരിക്കാനായി ജൂണ്‍ അഞ്ചിനു ലോകവ്യാപകമായി പരിസ്ഥിതിദിനം ആചരിച്ചുപോരുന്നു.
1972 മുതല്‍ ഒരോ വര്‍ഷവും ഒരോ വിഷയത്തെ ആസ്പദമാക്കിയാണു പരിസ്ഥിതിദിനാചരണം നടന്നിരുന്നതെങ്കില്‍-700 കോടി സ്വപ്നങ്ങള്‍, ഒരേ ഒരു ഭൂമി, ഉപയോഗം കരുതലോടെ- എന്ന അര്‍ഥഗര്‍ഭമായ മുദ്രാവാക്യമാണ് 2016ലേത്. തലതിരിഞ്ഞ വികസനപ്രവര്‍ത്തനങ്ങളാണു പ്രകൃതിയുടെ സന്തുലിതാസവസ്ഥയുടെ താളംതെറ്റിക്കുന്നതെന്ന് ഇന്നു പരക്കെ അംഗീകരിക്കപ്പെട്ടതാണ്. 10 വര്‍ഷത്തിലധികം പഴക്കമുള്ള 2000 സി.സി ഡീസല്‍വാഹനങ്ങള്‍ റോഡുകളില്‍ നിന്നു പിന്‍വലിക്കണമെന്നു ദിവസങ്ങള്‍ക്കു മുന്‍പ് ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിച്ചത് ക്രമാതീതമായി ഹരിതവാതകം വാഹനങ്ങള്‍ പുറത്തുവിടുന്നതിനാലായിരുന്നു. ഒരോ രാജ്യങ്ങള്‍ക്കും അവരുടേതായ വികസനമാതൃകകള്‍ ഉണ്ട്. പരമ്പരാഗതമായി അത്തരം മാതൃകകളെ പ്രകൃതിസൗഹൃദ വികസനപ്രക്രിയകളിലൂടെ സാധിപ്പിച്ചെടുക്കുകയാണു വേണ്ടത്. പരിസ്ഥിതിസൗഹൃദ വികസനമാതൃകകള്‍ക്കു മാത്രമേ ഇനി ഇവിടന്നങ്ങോട്ട് ജീവന്റെ തുടിപ്പ് നിലനിര്‍ത്താനാകൂ. അത്തരം മാതൃകാവികസന പ്രവര്‍ത്തനങ്ങളാണു മേലില്‍ വേണ്ടത്. 600 കോടി ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കുവാന്‍ ഒരൊറ്റ ഭൂമി മാത്രമേ ഉള്ളൂ എന്നും അതിനെ നശിപ്പിക്കുംവിധമുള്ള വികസനപ്രവര്‍ത്തനങ്ങള്‍ സര്‍വ നാശത്തിലായിരിക്കും അവസാനിക്കൂവെന്നും എന്ന ബോധം ഒരോ പൗരനും ഉണ്ടാകുമ്പോള്‍ മാത്രമേ പരിസ്ഥിതിസംരക്ഷണം എന്ന മുദ്രാവാക്യം സഫലീകരിക്കപ്പെടൂ.
വ്യവസായവിപ്ലവത്തെ തുടര്‍ന്നാണു വികസന സങ്കല്‍പങ്ങള്‍ക്കു ചിറകുമുളയ്ക്കാന്‍ തുടങ്ങിയത്. വന്‍വകിട വ്യവസായശാലകള്‍ ഉയര്‍ന്നു വന്നതിനെ തുടര്‍ന്ന് അവ അന്തരീക്ഷത്തിലേക്ക് വന്‍തോതില്‍ കാര്‍ബണ്‍ മോണോക്‌സേഡ് പുറംതള്ളാന്‍ തുടങ്ങി. ഇതിനെ തുടര്‍ന്നാണു ശാസ്ത്രജ്ഞരുടേയും പ്രകൃതിസ്‌നേഹികളുടെയും ശ്രദ്ധ അന്തരീക്ഷ മലിനീകരണത്തിലേക്കു വന്നത്. തുടര്‍ന്നാണ് പരിസ്ഥിതിസൗഹൃദ വികസനം എന്ന ആശയം ഉടലെടുത്തത്. വികസിതരാജ്യങ്ങളും വികസ്വര രാജ്യങ്ങളും രാജ്യാന്തരതലത്തില്‍ നടത്തുന്ന കാലാവസ്ഥാ ഉച്ചകോടികളില്‍ പ്രകൃതിസംരക്ഷണം വച്ചുള്ള വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ഒരു പ്രദേശത്ത് ഒരു വ്യവസായ സ്ഥാപനം വരുന്നതിനു മുന്‍പുള്ള അവസ്ഥയായിരിക്കില്ല വന്നതിനു ശേഷം ഉണ്ടാവുക. കാലാവസ്ഥാ വ്യതിയാനവും വായുമലിനീകരണവും ജലമലിനീകരണവും സംഭവിക്കുന്നതോടെ പ്രദേശം ജീവിക്കാന്‍ പറ്റാത്തതാകും.
വികസനത്തിനു വേണ്ടിയാവരുത് മനുഷ്യര്‍, മനുഷ്യനു വേണ്ടിയാകണം വികസനം എന്ന ചിന്ത പുകക്കുഴലുകളുടെ വികസന പ്രക്രിയകള്‍ക്കെതിരേയുള്ള നിലപാടു കൂടിയാണ്. വികസനം ഒരു ജനതയുടെ ജീവിക്കാനുള്ള അവകാശത്തെ ഹനിച്ചുകൊണ്ടാകരുത്. വികസനത്തോടൊപ്പം തന്നെ പരിസ്ഥിതിസംരക്ഷണവും അനിവാര്യമാണെന്ന ബോധം എല്ലാവരിലും ഉണ്ടാകണം. വിദ്യാര്‍ഥികളിലും യുവാക്കളിലും ഇതു സംബന്ധിച്ച താല്‍പര്യം ഉളവാക്കാന്‍ ഉതകുന്ന ക്രിയാത്മക നടപടികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കണം. മാലിന്യസംസ്‌കരണത്തെ കുറിച്ചും സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ ചിന്തിക്കേണ്ടിയിരിക്കുന്നു.
ഉപയോഗം കഴിഞ്ഞതെല്ലാം പുഴകളിലേക്കും റോഡുകളിലേക്കും വലിച്ചെറിയുന്ന സംസ്‌കാരത്തിന് അറുതിയുണ്ടാകണം. പ്രകൃതി ഇല്ലാതെ ജീവനില്ല എന്ന തത്വത്തില്‍ അതിഷ്ഠിതമായ പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമേ വരും തലമുറയെ പരിസ്ഥിതി മലിനീകരണത്തില്‍ നിന്നു രക്ഷിക്കാന്‍ കഴിയൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."