പശുവിനെ കൊല്ലുന്നവരെ വെട്ടണം; വി.എച്ച്.പി സന്യാസിനിയുടെ പ്രസംഗം വിവാദത്തില്‍
കാസര്‍കോട്: കേരളത്തില്‍ പശുവിനെ കൊല്ലുന്നവരെ വെട്ടാന്‍ തയാറാകണമെന്നും ഇന്ത്യയില്‍ താമസിക്കണമെങ്കില്‍ ഭാരത് മാതാ കീ ജയ് പറയണമെന്നും വി.എച്ച്.പി സന്യാസിനി നടത്തിയ പ്രസംഗം വിവാദത്തില്‍.
കഴിഞ്ഞ ദിവസം ബദിയടുക്കയില്‍ നടന്ന വിശ്വഹിന്ദു സമാജോത്സവ ചടങ്ങില്‍ സംസാരിക്കുന്നതിനിടയാണ് വി.എച്ച്.പി വനിതാ നേതാവായ സ്വാധി സരസ്വതി വിവാദ പ്രസംഗം നടത്തിയത്. നമ്മള്‍ പശുവിനെ ഗോമാതാവായി കാണുന്നവരല്ലേ, അമ്മയെ ആരെങ്കിലും അറവുശാലയിലേക്ക് അയക്കുമോയെന്നുമായിരുന്നു പ്രസംഗത്തിനിടെ ഇവരുടെ ചോദ്യം.
ഗോമാതാവിനെ കശാപ്പു ചെയ്യുന്നവരെ വാള്‍ ഉപയോഗിച്ച് വെട്ടണം. പശുവിനെ കൊല്ലുന്നവര്‍ക്ക് ഇന്ത്യയില്‍ താമസിക്കാന്‍ അധികാരമില്ലെന്നും ഇവര്‍ പ്രസംഗത്തില്‍ പറഞ്ഞു.
ഒരു ലക്ഷം രൂപവരെ മുടക്കി മൊബൈല്‍ ഫോണ്‍ വാങ്ങുന്നവരാണ് നമ്മളെന്നും, എന്നാല്‍ ആയിരം രൂപ മുടക്കി ഒരു വാള്‍ വാങ്ങി എല്ലാ വീടുകളിലും വെക്കണമെന്നും ലൗജിഹാദികള്‍ സ്ത്രീകളെ നോക്കിയാല്‍ അവരുടെ കഴുത്തു വെട്ടാന്‍ ഇത് ഉപയോഗിക്കണമെന്നും സ്വാധി സരസ്വതി പറഞ്ഞു. അയോധ്യയില്‍ എന്നല്ല ഇന്ത്യയില്‍ ഒരിടത്തും ബാബറിന്റെ പേരില്‍ പള്ളി നിര്‍മിക്കാന്‍ അനുവദിക്കില്ല. പാപിയായ ബാബറെയും, ഔറംഗസീബിനെയും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇവര്‍ പറഞ്ഞു.
രക്ഷാ ബന്ധന്‍ ദിനത്തില്‍ നിങ്ങള്‍ സഹോദരികള്‍ക്കു സമ്മാനങ്ങളും മധുരങ്ങളും നല്‍കി അവരെ സംരക്ഷിക്കുമെന്ന് വാക്കു നല്‍കുന്നു. എന്നാല്‍ സംരക്ഷണത്തിനായി അവരുടെ പുറകെ നടക്കാന്‍ കഴിയില്ല. അതുകൊണ്ട് അവര്‍ക്കും വാള്‍ സമ്മാനിക്കണം. ഇത് ജിഹാദികളുടെ കഴുത്ത് വെട്ടാന്‍ ഉപകരിക്കുമെന്നും സ്വാതി പറഞ്ഞു.
താന്‍ മുസ്‌ലിമിന് എതിരല്ല, എ.പി.ജെ അബ്ദുല്‍ കലാമിനെയും റഹീമിനെയും ബഹുമാനിക്കുന്നവളാണ്. ഹിന്ദുക്കളുടെ ആഘോഷങ്ങളില്‍ ഒരു മുസ്‌ലിം പോലും പങ്കെടുക്കാറില്ല. എന്നാല്‍ എല്ലാ മുസ്‌ലിം ആഘോഷങ്ങളിലും ഹിന്ദുക്കള്‍ പങ്കെടുക്കുന്നു. ഇത് നാണക്കേടാണെന്നും ഇവര്‍ പറഞ്ഞു.
സ്വാതി സരസ്വതിയുടെ വിവാദ പരാമര്‍ശം സോഷ്യല്‍ മീഡിയകളില്‍ ഉള്‍പ്പെടെ വന്‍ പ്രതിഷേധം ക്ഷണിച്ചു വരുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."