ഇന്ന് ലോക നൃത്തദിനം
കാട്ടാക്കട: എല്ലാമുദ്രകളും വലം കൈയില്‍ തീര്‍ത്ത് നൃത്ത വിസ്മയം തീര്‍ക്കുന്ന ആതിരയ്ക്ക് വൈകല്യം ഒരു തടസ്സവുമായില്ല. ജനിച്ചപ്പോള്‍ തന്നെ ഇടം കൈ ഇല്ല എന്നറിഞ്ഞ് പിതാവ് ജീവനൊടുക്കിയിട്ടും അവള്‍ തളര്‍ന്നിരുന്നിട്ടുമില്ല. അവിടെയാണ് ആതിര പലര്‍ക്കും പ്രചോദനമാകുന്നത്. തോല്‍വികള്‍ ഇല്ലാതെ മുന്നേറുന്ന ആ ജീവിതം നൃത്തത്തിനായി സമര്‍പ്പിക്കുമ്പോള്‍ അഭിമാനിക്കുകയാണ് അമ്മയും നാട്ടുകാരും. ഭിന്നശേഷിയോടെ പിറന്ന മകളെ മാതാവ് ലേഖ ചേര്‍ത്തുനിര്‍ത്തി. അവളെ വലിയൊരുനര്‍ത്തകിയാക്കാന്‍ ആ അമ്മ ഉറപ്പിച്ചു. എട്ടാം വയസില്‍ നൃത്തവിദ്യാലയത്തില്‍ ചേര്‍ത്തു പഠിപ്പിച്ചു.
വൈകല്യത്തെ തോല്‍പ്പിച്ച് നൃത്ത വേദികളില്‍ നിറയുന്നു ഈ പ്ലസ്ടു വിദ്യാര്‍ഥിനി. ചിലങ്കകെട്ടി വേദിയില്‍ കയറിയാല്‍ മുദ്ര കാണിക്കാന്‍ ഇടംകൈ ഇല്ലെന്ന സത്യം അവള്‍ മറക്കും. ആസ്വാദകര്‍ക്കും സൂക്ഷ്മമായി നിരീക്ഷിച്ചാലേ അത് മനസിലാകൂ. അരുവിക്കര ഗവ. എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ ആതിര ഓഗസ്റ്റ് സിനിമാസിന്റെ പുതിയ ചിത്രത്തിലൂടെ വെള്ളിത്തിരയിലുമെത്തുകയാണ്.
മോഹിനിയാട്ടം, ഭരതനാട്യം, കേരളനടനം, കുച്ചുപ്പുടി, നാടോടിനൃത്തം തുടങ്ങി ആതിരയ്ക്ക് വഴങ്ങാത്ത നൃത്ത ഇനങ്ങളില്ല. സ്‌കൂള്‍, റവന്യു, ജില്ലാ കലോത്സവങ്ങളില്‍ തുടര്‍ച്ചയായി സമ്മാനങ്ങള്‍ വാരിക്കൂട്ടി. അതും വൈകല്യം തളര്‍ത്താത്തവരോട് പൊരുതി. ഇക്കഴിഞ്ഞ കലോത്സവത്തിലും തിളങ്ങി.
ചാനല്‍ഷോകളിലും പ്രൊഫഷനല്‍ നൃത്ത വേദികളിലും സജീവ സാന്നിധ്യവുമാണ് ഈ മിടുക്കി. ഇടംകൈയ്ക്ക് വഴങ്ങാത്ത മുദ്രകള്‍ വലംകൈയില്‍ വിരിയിച്ച് വിജയം ആവര്‍ത്തിക്കുകയാണ് അവള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."