അമര്‍ജീത് കൗര്‍ ആശ്രാമം ഇ.എസ്.ഐ ആശുപത്രി സന്ദര്‍ശിച്ചു
കൊല്ലം: എ.ഐ.ടി.യു.സി ജനറല്‍ സെക്രട്ടറിയും ഇ.എസ്.ഐ കോര്‍പറേഷന്‍ ദേശീയ ബോര്‍ഡ് അംഗവും ആയ അമര്‍ജീത് കൗര്‍ കൊല്ലം ആശ്രാമം ഇ.എസ്.ഐ ആശുപത്രി സന്ദര്‍ശിച്ചു. സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസ് തിരക്കുകള്‍ക്കിടയിലും ഇ.എസ്.ഐ കോര്‍പറേഷന്റെ കീഴില്‍ രാജ്യത്ത് ആദ്യമായി സ്ഥാപിക്കപ്പെട്ട സൂപ്പര്‍ സ്‌പെഷ്യല്‍റ്റി ആശുപത്രിയായ ആശ്രാമം മോഡല്‍ ആശുപത്രി സന്ദര്‍ശിക്കാന്‍ അദ്ദേഹം താല്‍പര്യം പ്രകടിപ്പിക്കുകയായിരുന്നു.
വിവിധ വാര്‍ഡുകളും ഐ.സി.യുകളും സന്ദര്‍ശിച്ച അവര്‍ രോഗികളോട് ചികിത്സാ സൗകര്യങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞു. ആശ്രാമം ആശുപത്രിയില്‍ ഇപ്പോഴുള്ള സൗകര്യങ്ങളില്‍ അവര്‍ സംതൃപ്തി പ്രകടിപ്പിച്ചു. പരിമിത സാഹചര്യങ്ങളില്‍ മെച്ചപ്പെട്ട പരിചരണമാണ് രോഗികള്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ നിലവിലെ രോഗികളുടെ ബാഹുല്യം പരിഗണിച്ച് ആശുപത്രിയിലെ കിടക്കകളുടെ എണ്ണം അടിയന്തിരമായി വര്‍ധിപ്പിക്കാനും നിലവിലെ കെട്ടിടത്തിനു പുതിയ നിലകള്‍ പണിയാനും കോര്‍പറേഷനില്‍ സമ്മര്‍ദം ചെലുത്തുമെന്ന് അവര്‍ പറഞ്ഞു.
എഴുകോണിലെ ഇ.എസ്.ഐ ആശുപത്രിയിലെ അനുവദിക്കപ്പെട്ട തസ്തികകളുടെ എണ്ണം പരിമിതമാണെന്നും അത് പരിഹരിക്കാന്‍ കേന്ദ്ര തൊഴില്‍ മന്ത്രിക്ക് കത്തെഴുതുമെന്നും അവര്‍ പറഞ്ഞു. തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട സാമൂഹ്യ സുരക്ഷ ഉറപ്പു വരുത്താനായി ആവിഷ്‌കരിച്ച ഇ.എസ്.ഐ, ഇ.പി.എഫ് പദ്ധതികളെ സ്വകാര്യവല്‍ക്കരിക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ തൊഴില്‍ നിയമ ഭേദഗതിയിലൂടെയുള്ള നീക്കമെന്നും എല്ലാ ട്രേഡ് യൂണിയനുകളുടെയും കൂട്ടായ ശ്രമത്തിലൂടെ മാത്രമേ അതിനെ ചെറുക്കാനാകൂ.
കുട്ടികള്‍, സ്ത്രീകള്‍, വിരമിച്ച തൊഴിലാളികള്‍ എന്നിവര്‍ക്ക് ഇ.എസ്.ഐ ആശുപത്രികളില്‍ പ്രത്യേക സൌകര്യങ്ങള്‍ ഒരുക്കാനുള്ള തന്റെ നിര്‍ദേശം രാജ്യവ്യാപകമായി നടപ്പിലാക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
തൊഴില്‍ ദിനങ്ങള്‍ കുറയുന്നത് മൂലം പരമ്പരാഗത വ്യവസായങ്ങളിലെ തൊഴിലാളികള്‍ക്ക് ചികിത്സാ ആനുകൂല്യം നിഷേധിക്കുന്നതിനെതിരേ വലിയ പ്രതിഷേധം ഇ.എസ്.ഐ ബോര്‍ഡില്‍ നിരന്തരമായി ഉന്നയിക്കുന്ന കാര്യവും അവര്‍ ചൂണ്ടിക്കാട്ടി. ഇ.എസ്.ഐ.സി മെഡിക്കല്‍ സൂപ്രണ്ട് ഡോ.കരണ്‍ സിങ് സോളങ്കി, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. പി. തനൂജ , നോഡല്‍ ഓഫിസര്‍ ഡോ. ബി. പ്രിയലാല്‍, നഴ്‌സിങ് സൂപ്രണ്ട് ആന്‍സി ജോസ് എന്നിവര്‍ അനുഗമിച്ചു. ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായും അവര്‍ ചര്‍ച്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."