സോണല്‍ ഹജ്ജ് പ്രതിനിധികളെ തിരഞ്ഞെടുത്തിട്ട് ഒരുമാസം; കേന്ദ്ര ഹജ്ജ് കമ്മിറ്റി പുനസംഘടനയായില്ല
കൊണ്ടോട്ടി: കേരളം ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍നിന്ന് സോണല്‍ ഹജ്ജ് പ്രതിനിധികളെ തിരഞ്ഞെടുത്തിട്ടും ഒരുമാസമായി കേന്ദ്ര ഹജ്ജ് കമ്മിറ്റി പുന:സംഘടനയായില്ല. ഖൈസര്‍ ഷമീം ചെയര്‍മാനായുള്ള കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞ മെയ് അഞ്ചിനാണ് അവസാനിച്ചത്. തുടര്‍ന്ന് നിലവിലുള്ള കമ്മിറ്റിക്ക് അധികസമയം അനുവദിക്കുയോ പുതിയ കമ്മിറ്റിക്ക് രൂപംനല്‍കുകയോ ചെയ്തിട്ടില്ല. കാലാവധി കഴിഞ്ഞാലും കേന്ദ്രസര്‍ക്കാരിന് നിലവിലുള്ള കമ്മിറ്റിക്ക് ആറു മാസംവരെ അധികസമയം അനുവദിക്കാവുന്നതാണ്. എന്നാല്‍ ഈ വര്‍ഷത്തെ ഹജ്ജ് സര്‍വിസ് ആരംഭിക്കാന്‍ രണ്ടുമാസം മാത്രം ബാക്കിനില്‍ക്കെ നിലവില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് നാഥനില്ലാത്ത അവസ്ഥയാണ്.
പുതിയ ഹജ്ജ് കമ്മിറ്റിയിലേക്ക് രാജ്യത്തെ വിവിധ സംസ്ഥാന ഹജ്ജ് കമ്മിറ്റികളെ ആറു സോണായി തരംതിരിച്ച് ഇതില്‍നിന്നും ആറുപേരെ കഴിഞ്ഞമാസം തിരഞ്ഞെടുത്തിരുന്നു. കേരളത്തില്‍ നിന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയെയാണ് തിരഞ്ഞെടുത്തത്. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളും ലക്ഷദ്വീപ്, പുതുച്ചേരി എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളും ഉള്‍പ്പെടുന്ന ആറാമത്തെ സോണിലെ പ്രതിനിധിയാണ് ഇ.ടി മുഹമ്മദ് ബഷീര്‍.
യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് ഐ.ആര്‍.എസ് ഉദ്യോഗസ്ഥനായ ഖൈസര്‍ ഷമീം ചെയര്‍മാനായുള്ള കേന്ദ്ര ഹജ്ജ് കമ്മിറ്റി നിലവില്‍വന്നത്. ഭരണം മാറിയെങ്കിലും ഹജ്ജ് കമ്മിറ്റിയുടെ കാലാവധി മൂന്നുവര്‍ഷം നിലനില്‍ക്കുമെന്നതിനാലാണ് എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴും കമ്മിറ്റി മാറാതിരുന്നത്. 2013ലെ കോണ്‍ഗ്രസ് നേതാവ് മുഹ്‌സിന ഖിദ്വായിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് ശേഷമാണ് ഖൈസര്‍ ഷമീം ചെയര്‍മാനായുള്ള ഹജ്ജ് കമ്മിറ്റി നിലവില്‍വന്നത്. രാജ്യത്തെ 21 ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നുള്ള ഒരു ലക്ഷത്തിലധികം തീര്‍ഥാടകരുടെ കാര്യങ്ങള്‍ സഊദിയുമായി ബന്ധപ്പെട്ട് നടത്തുന്നത് കേന്ദ്ര ഹജ്ജ് കമ്മിറ്റിയാണ്. സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതും കേന്ദ്രമാണ്. ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വിസുകള്‍ ഓഗസ്റ്റ് നാലു മുതല്‍ ആരംഭിക്കും.
ഇതിനു മുന്‍പായി നിലവിലുള്ള കമ്മിറ്റിക്ക് അധികസമയം അനുവദിക്കുകയോ പുതിയ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരെ തിരഞ്ഞെടുക്കുകയോ ചെയ്യണമെന്ന ആവശ്യമാണ് ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."