കണ്ണൂര്‍ രാഷ്ട്രീയത്തില്‍ വീണ്ടും കണ്ടല്‍ചര്‍ച്ചകള്‍
കണ്ണൂര്‍: അടച്ചുപൂട്ടിയ പാപ്പിനിശ്ശേരി കണ്ടല്‍ പാര്‍ക്ക് വീണ്ടും തുറക്കുമെന്നു വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ പ്രഖ്യാപിച്ചതോടെ കണ്ണൂര്‍ രാഷ്ട്രീയത്തില്‍ കണ്ടല്‍ചര്‍ച്ചകള്‍ സജീവമായി. 2010 ഏപ്രിലില്‍ സി.പി.എം നിയന്ത്രണത്തിലുള്ള പാപ്പിനിശ്ശേരി ഇക്കോ ടൂറിസം സൊസൈറ്റിയുടെ നേതൃത്വത്തില്‍ തുടങ്ങിയ പാര്‍ക്ക് ഒക്ടോബറില്‍ അടച്ചുപൂട്ടിയിരുന്നു. കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമാണ് പാര്‍ക്ക് അടച്ചുപൂട്ടിയത്. ഞായറാഴ്ച പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഡി.വൈ.എഫ്.ഐയുടെ ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്യവെയാണു പാര്‍ക്ക് വീണ്ടും തുടങ്ങുമെന്നു ഇതിന്റെ ശില്‍പികളിലൊരാളായിരുന്ന മന്ത്രി ഇ.പി ജയരാജന്‍ പ്രഖ്യാപിച്ചത്.
പാപ്പിനിശ്ശേരിയില്‍ മാലിന്യ കേന്ദ്രമായിരുന്ന സ്ഥലത്താണു കണ്ടല്‍ ചെടികള്‍ നട്ടുപിടിപ്പിച്ചതെന്നും ഈ നാടിനോട് ഒരു പ്രതിബദ്ധതയുമില്ലാത്ത കണ്ടാമൃഗങ്ങളെന്നു പറയുന്നവര്‍ കണ്ടല്‍ പാര്‍ക്ക് നശിപ്പിച്ചുവെന്നുമായിരുന്നു ഇ.പി ജയരാജന്റെ വിമര്‍ശനം.
കണ്ണൂരിലെ സി.പി.എമ്മിന്റെ മുഖ്യശത്രുവായ കെ സുധാകരനെതിരേയുള്ള ഒളിയമ്പായിരുന്നു അദ്ദേഹത്തിന്റെ പേരു പറയാതെയുള്ള മന്ത്രിയുടെ പ്രസംഗം. നശീകരണ വാസനയോടെ പ്രവര്‍ത്തിക്കുന്നവരെ ഇരുത്തേണ്ടിടത്ത് ഇരുത്തിയെന്നും ജയരാജന്‍ തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.
സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള എട്ടരയേക്കര്‍ സ്ഥലത്തെ കണ്ടലുകള്‍ സംരക്ഷിക്കാന്‍ മൂന്നാഴ്ച മുമ്പ് സുപ്രിംകോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ നിര്‍മാണ പ്രവൃത്തിയൊന്നും നടത്താന്‍ പാടില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കി. ഇതിന്റെ ചുവടുപിടിച്ചാണു പാര്‍ക്ക് തുറക്കുമെന്നു മന്ത്രി പ്രഖ്യാപിച്ചത്.
പാപ്പിനിശ്ശേരി പുഴയോരത്ത് കണ്ടല്‍ ഗവേഷണ കേന്ദ്രം തുടങ്ങുന്നതിന്റെ ഭാഗമായായിരുന്നു പാര്‍ക്ക് സ്ഥാപിച്ചിരുന്നത്. എന്നാല്‍ കണ്ടല്‍ നശിപ്പിച്ച് പാര്‍ക്ക് തുടങ്ങാന്‍ അനുവദിക്കില്ലെന്നു ജില്ലാ കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."