വൈകുന്നേരമായാല്‍ നഗര ഭരണം ഏറ്റെടുത്ത് കന്നുകാലികള്‍
കോഴിക്കോട്: വൈകുന്നേരത്തോടെ കോഴിക്കോട് നഗരത്തിലെ തിരക്കേറിയ കവലകളും ബസ് സ്റ്റാന്‍ഡുകളും കന്നുകാലികള്‍ കൈയടക്കുന്നു. ഇതു വാഹന ഗതാഗതത്തിനു തടസമാകുന്നതിനു പുറമെ യാത്രക്കാര്‍ക്കും ശല്യമാകുകയാണ്. കറവ കഴിഞ്ഞ പശുക്കളെ കയറൂരി വിടുന്നതാണു പ്രയാസം സൃഷ്ടിക്കുന്നത്. ഇവയ്ക്കു പിന്നാലെ കിടാവുകളും എത്തുന്നതോടെ പുറത്താകുന്നതു യാത്രക്കാരും വാഹനങ്ങളുമാണ്.
പാളയം ബസ് സ്റ്റാന്‍ഡിലാണ് ഏറ്റവും കൂടുതല്‍ കന്നുകാലികള്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നത്.
മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ്, സ്റ്റേഡിയത്തിനു മുന്‍വശം, മാവൂര്‍ റോഡ്, ജാഫര്‍ഖാന്‍ കോളനി റോഡ്, മൊയ്തീന്‍ പള്ളി റോഡ്, മത്സ്യ-മാംസ മാര്‍ക്കറ്റിനു മുന്നിലെ റോഡ് എന്നിവിടങ്ങളെല്ലാം രാത്രിനേരങ്ങളില്‍ കന്നുകാലികള്‍ കീഴടക്കുകയാണ്. പാളയം ബസ് സ്റ്റാന്‍ഡിന്റെ മധ്യത്തിലെ സര്‍ക്കിളാണു വൈകുന്നേരത്തോടെ പശുക്കള്‍ കൈയടക്കുന്നത്.
പാളയം പച്ചക്കറി മാര്‍ക്കറ്റിലേക്കു തുറന്നുവിടുന്ന കന്നുകാലികള്‍ ഇവിടെ നിന്നു പതുക്കെ ബസ് സ്റ്റാന്‍ഡിലേക്കാണു ചേക്കേറുന്നത്. വൈകിട്ട് ആറോടെ ഇവിടെ തമ്പടിക്കുന്ന കാലികള്‍ സ്റ്റാന്‍ഡിലെത്തുന്ന ബസുകള്‍ക്കു മാര്‍ഗ തടസം സൃഷ്ടിക്കുന്നതു പതിവാണ്. കൂടാതെ ചാണകം കാരണം ബസ് സ്റ്റാന്‍ഡിലേക്കു കാലെടുത്തു വയ്ക്കാനും കഴിയാത്ത അവസ്ഥയാണ്.
തെരുവുകച്ചവടം സജീവമായി നടക്കുന്ന മൊയ്തീന്‍ പള്ളി റോഡില്‍ വാഹനത്തിരക്കിനിടയില്‍ കന്നുകാലികള്‍കൂടി എത്തുന്നതോടെ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിലും വാഹനങ്ങള്‍ക്കിടയിലൂടെ കന്നുകാലികള്‍ കടന്നുപോകുന്നതു ഗതാഗത സ്തംഭനത്തിനിടയാക്കുന്നുണ്ട്. മാവൂര്‍ റോഡിലും ജാഫര്‍ഖാന്‍ കോളനി റോഡിലും ഇതുതന്നെയാണു സ്ഥിതി.
നേരത്തെ പശുക്കളെ അലസമായി തുറന്നുവിടുന്നതിനെതിരേ കോര്‍പറേഷന്‍ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. ഇതോടെ ഇടക്കാലത്തു കന്നുകാലി ഉടമകള്‍ ഇവയെ പുറത്തേക്കു തുറന്നുവിടുന്നത് അവസാനിപ്പിച്ചിരുന്നു. പിന്നീട് തുടര്‍നടപടികള്‍ നിലച്ചതോടെ വീണ്ടും നഗരം കന്നുകാലികള്‍ കീഴടക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."