മൊബൈല്‍ ഫോണ്‍ കടകളിലെ സഊദി വത്ക്കരണം; പരിശോധന ശക്തമാക്കി
ജിദ്ദ: മൊബൈല്‍ ഫോണ്‍ കടകളിലെ സമ്പൂര്‍ണ സഊദി വത്ക്കരണത്തിന്റെ ഭാഗമായി തൊഴില്‍ മന്ത്രാലയം പരിശോധന ശക്തമാക്കി. ഇതോടെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരകണക്കിന് മലയാളികളടക്കമുള്ള വിദേശികള്‍ ആശങ്കയില്‍.
ഇന്ത്യ, പാകിസ്താന്‍, യെമന്‍, ഫിലിപ്പിന്‍സ് എന്നീ രാജ്യക്കാരാണ് ഈ മേഖലയില്‍ കൂടുതല്‍ തൊഴില്‍ ചെയ്യുന്നത്. ഈ മേഖലയിലെ പലരും തിരിച്ചു സ്വദേശത്തേക്ക് മടങ്ങാന്‍ തയ്യാറായിക്കഴിഞ്ഞു. പലരും മറ്റു ചില ജോലികള്‍ അന്വേഷിക്കുന്ന് തിരക്കിലാണ്. എന്നാല്‍ സഊദയിലെ തൊഴില്‍ മേഖലയിലുള്ള പ്രതിസന്ധികാരണം ഇത് എത്രത്തോളം വിജയിക്കുമെന്ന ആശങ്കയുമുണ്ട്.പല ഷോപ്പുകളിലും സ്വദേശി പൗരന്മാരെ നിയമിച്ചെങ്കിലും ബിസിനസ് രംഗത്ത് ശോഭിക്കാന്‍ അവര്‍ക്കായിട്ടില്ല.
മൊബൈല്‍ മേഖലയിലെ സ്വദേശിവത്ക്കരണത്തിന്റെ ആദ്യ ഘട്ടം ഇന്നലെയാണു തുടങ്ങിയത്. മൊബൈല്‍ ഫോണ്‍ വില്‍പ്പന കേന്ദ്രങ്ങളിലും റിപ്പയറിങ് സെന്ററുകളിലും 50 ശതമാനം തൊഴിലാളികള്‍ സഊദി പൗരന്‍മാരായിരിക്കണമെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം. പരിശീലനം പൂര്‍ത്തിയാക്കിയ 75 ശതമാനം സ്വദേശികളായ യുവതീ യുവാക്കളിലും പകുതി ശതമാനമാണ് ഇന്നലെ മുതല്‍ ജോലിയില്‍ പ്രവേശിച്ചത്. ആറു മാസത്തെ കാലയളവ് നല്‍കിയാണ് മൊബൈല്‍ ഫോണ്‍ മേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കാന്‍ സഊദി തൊഴില്‍ വകുപ്പ് നിര്‍ദേശം നല്‍കിയത്. സെപ്തംബര്‍ അഞ്ചിനകം സമ്പൂര്‍ണ സ്വദേശിവത്കരണമാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.
പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ 20,000 റിയാല്‍ വരെ പിഴ ചുമത്തുമെന്നും വിദേശ ജീവനക്കാരെ നാടുകടത്തുമെന്നും തൊഴില്‍ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൊബൈല്‍ കടകള്‍ക്ക് ശേഷം പടി പടിയായി വിദേശികള്‍ ജോലി ചെയ്യുന്ന മേഖലകളിലെല്ലാം സ്വദേശി വത്കരണം നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് തൊഴില്‍ വകുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."