സംസ്ഥാന പാതയില്‍ രണ്ട് വാഹനാപകടങ്ങള്‍: ആറ് പേര്‍ക്ക് പരുക്ക്, ഒരാള്‍ മരിച്ചു
ചെറുതുരുത്തി: സംസ്ഥാന പാതയില്‍ രണ്ടിടങ്ങളിലായി നടന്ന വാഹനാപകടങ്ങളില്‍ ഒരു മരണം. 6 പേര്‍ക്ക് പരുേക്കറ്റു. മലബാര്‍ എഞ്ചിനീയറിങ് കോളജിലെ നാലാം വര്‍ഷ ബിടെക് സിവില്‍ എഞ്ചനീയറിങ് വിദ്യാര്‍ഥി വടകര കല്ലാച്ചിനടപുറം അയ്യങ്കോട് മൊയ്‌ലോത്ത് വീട്ടില്‍ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് നിയാസ് (21) ആണ് മരിച്ചത്. സുഹൃത്ത് കരുണ്‍ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.
വടക്കാഞ്ചേരി നഗരത്തിലെ ചുമട്ട് തൊഴിലാളി, അബുദാബിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്ന മണ്ണാര്‍ക്കാട് സ്വദേശി എന്നിവര്‍ അപകടത്തില്‍ പെട്ടവരില്‍ ഉള്‍പ്പെടുന്നു. ആറ്റൂര്‍ കമ്പനിപടി വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് പരിസരം എന്നിവിടങ്ങളിലാണ് അപകടങ്ങള്‍ നടന്നത്. ആറ്റൂര്‍ കമ്പനിപടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് കഴിഞ്ഞ ദിവസമാണ് എഞ്ചിനീയറിങ് വിദ്യാര്‍ഥികളുള്‍പ്പെടെ നാല് പേര്‍ക്ക് പരുക്കേറ്റത്. ദേശമംഗലം മലബാര്‍ എഞ്ചിനീയറിങ് കോളജിലെ നാലാം വര്‍ഷ വിദ്യാര്‍ഥികളായ മുള്ളൂര്‍ക്കര ആറ്റൂര്‍ എടപ്പാള്‍ വീട്ടില്‍ മോഹന്‍ദാസിന്റെ മകന്‍ കരുണ്‍ (22), വടക്കാഞ്ചേരി നഗരത്തിലെ ചുമട്ട് തൊഴിലാളി മംഗലം പുത്തൂക്കര വീട്ടില്‍ വിത്സന്‍ (52), ഭാര്യ ജിഷ (45) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇതില്‍ ഗുരുതരമായി പരുക്കേറ്റ് പാട്ടുരായ്ക്കലിലെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മുഹമ്മദ് നിയാസ് ഇന്നലെ രാവിലെ 11 മണിയോടെയാണ് മരിച്ചത്. മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. വിത്സന് മുഖത്താണ് പരുക്ക്. എല്ലുകള്‍ പൊട്ടിയ നിലയിലാണ്. ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ സന്ദര്‍ശിച്ചതിന് ശേഷം മടങ്ങുകയായിരുന്നു ദമ്പതികള്‍. മുള്ളൂര്‍ക്കരയില്‍ നിന്ന് ചെറുതുരുത്തിയിലേക്ക് പോവുകയായിരുന്നു വിദ്യാര്‍ഥികള്‍.
ഇരു ബൈക്കുകളും നേരിട്ട് കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. ഹസീനയാണ് മരിച്ച മുഹമ്മദ് നിയാസിന്റെ മാതാവ്. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് അബുദാബിയില്‍ നിന്ന് അവധിക്ക് നാട്ടിലേക്ക്് വരുകയായിരുന്നവര്‍ സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
കാറില്‍ സഞ്ചരിച്ചിരുന്ന മണ്ണാര്‍ക്കാട് സ്വദേശികളായ താഴത്തേതില്‍ അഹമ്മദ്, നാലകത്ത് താഴത്തേതില്‍ മുഹമ്മദാലിയുടെ മകന്‍ നിഷാദ് (28), മാരായമംഗലം നെല്ലായ ചെമ്മാല ഹംസയുടെ മകന്‍ സെയ്തു എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ രാവിലെ പത്ത് മണിയോടു കൂടിയായിരുന്നു അപകടം.
മലപ്പുറം ജില്ലയിലെ പുലാമന്തോളില്‍ നിന്ന് ഉംറ തീര്‍ത്ഥാടനത്തിനായി നെടുമ്പാശ്ശേരി വിമാന താവളത്തിലേക്ക് പോവുകയായിരുന്ന ബസ് നെടുമ്പാശ്ശേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് പോവുകയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ വശം പൂര്‍ണ്ണമായും ബസിന്റെ മുന്‍ വശം ഭാഗികമായും തകര്‍ന്നു. കാറിനുള്ളില്‍ കുടുങ്ങി കിടന്നവരെ ഓടികൂടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് കാര്‍ വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."