ത്രിപുരയില്‍ ആറ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തൃണമൂലില്‍
അഗര്‍ത്തല: ത്രിപുരയില്‍ ആറ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ത്രിണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സുദീപ് റോയ് ബര്മന്, ആശിഷ് ഷാ, ദിലീപ് സര്‍ക്കാര്‍, പ്രഞ്ജിത് സിങ് റോയ്, ദിബ ചന്ദ്ര ഹ്രാങ്വാള്, ബിശ്വബന്ധു സെന്‍ എന്നിവരാണ് തൃണമൂലില്‍ ചേര്‍ന്നത്. ഇതോടെ മണിക് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ഇടതുഭരണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുഖ്യപ്രതിപക്ഷമായി മാറി.
നിലവില്‍ തൃണമൂലിന് സഭയില്‍ അംഗങ്ങളില്ല. അറുപതംഗ നിയമസഭയില്‍ ഇടതുപക്ഷത്തിന് 50 സീറ്റാണുള്ളത്. പ്രതിപക്ഷമായ കോണ്‍ഗ്രസിന് 10 സീറ്റാണുണ്ടായിരുന്നത്. ഇപ്പോഴത് മൂന്നായി ചുരുങ്ങി. മറ്റൊരു കോണ്‍ഗ്രസ് അംഗം ജിതേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം എം.എല്‍.എ സ്ഥാനം രാജിവച്ചിരുന്നു. ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ അനുസരിച്ച് കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് പോവുന്നു എന്നും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്നുവെന്നും ചൂണ്ടിക്കാട്ടി എം.എല്‍.എമാര്‍ സ്പീക്കര്‍ രാമേന്ദ്ര ചന്ദ്രദേവനാഥിന് കത്ത് നല്‍കുകയായിരുന്നു. കത്ത് ലഭിച്ചതായി അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്. നിയമവിദഗ്ധരുമായി ആലോചിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് അദ്ദേഹം അറിയിച്ചു.
അതേസമയം വിമത എം.എല്‍.എമാര്‍ക്കെതിരേ കൂറുമാറ്റ നിരോധന നിയമം പ്രയോഗിക്കണമെന്ന് ത്രിപുര കോണ്‍ഗ്രസ് പ്രസിഡന്റ് ബിരാജിത് സിന്‍ഹ രംഗത്തെത്തി.
പല സംസ്ഥാനങ്ങളിലും തങ്ങളുടെ എം.എല്‍.എമാര്‍ മറുകണ്ടം ചാടുന്നത് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. ചിലയിടങ്ങളില്‍ ജയിച്ച എം.എല്‍.എമാരില്‍ നിന്നു കൂറുമാറില്ലെന്ന സത്യവാങ്മൂലം വാങ്ങിയത് വാര്‍ത്തയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."