നാട്ടുകാരെയാകെ കണ്ണീരിലാഴ്ത്തി ബിനോയിയും ജോമോനും യാത്രയായി
ഏറ്റുമാനൂര്‍: നാട്ടുകാരിലാകെ ദു:ഖം പരത്തി ബിനോയിയും ജോമോനും യാത്രയായി. ഇനി ഒരിക്കലും തിരിച്ചു വരാനാകാത്ത് ലോകത്തേക്ക്.
തിങ്കളാഴ്ച കാണക്കാരിയില്‍ മാലിന്യക്കുഴി വൃത്തിയാക്കാനിറങ്ങി ശ്വാസം മുട്ടി മരിച്ച ബിനോയിയുടെയും ജോമോന്റെയും സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നൂറ്കണക്കിനാളുകളാണ് കാണക്കാരിയിലേക്കും മാടപ്പാട്ടേയ്ക്കും എത്തിയത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 മണിയോടെ കാണക്കാരി കവലയിലെ ഗ്രാന്റ് ഹോട്ടലിനു മുന്നിലുള്ള മാലിന്യകുഴി വൃത്തിയാക്കുന്നതിനും പൈപ്പിടുന്നതിനുമായി ഇറങ്ങിയപ്പോഴായിരുന്നു സുഹൃത്തുക്കളായ കാണക്കാരി സൂര്യക്കുന്നേല്‍(തേക്കടന്കുഴി) ബിനോയ് ജോസഫ് (35), വേദഗിരി ചാത്തമല ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന മാക്കാട്ടില്‍ ജോമോന് (48) എന്നിവരുടെ ജീവന് വിധി അപഹരിച്ചത്.
പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. ബിനോയിയുടെ മൃതദേഹമാണ് ആദ്യം ലഭിച്ചത്. 1.45 മണിയോടെ കാണക്കാരിയിലെ സൂര്യക്കുന്നേല്‍ (തേക്കടന്കുഴി) വീട്ടിലേക്ക് ബിനോയ് ജോസഫിന്റെ മൃതദേഹം എത്തിച്ചു. വീട്ടിലെ ശുശ്രൂഷകള്‍ക്കു ശേഷം 3 മണിക്ക് പട്ടിത്താനം രത്നഗിരി സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍ സംസ്കാരം നടന്നു.
ബിനോയിയുടെ മൃതദേഹം വീട്ടിലെത്തിക്കാന്‍ വഴി സൗകര്യം ഇല്ലാതെ ബന്ധുക്കളും നാട്ടുകാരും വിഷമിക്കുന്നതിനിടെ തടത്തില്‍ ബാബു തന്റെ പറമ്പിലൂടെ താത്ക്കാലിക വഴി സൗകര്യവും പന്തല്‍ കെട്ടാനുള്ള സൗകര്യവും ഒരുക്കിയത് വലിയ അനുഗ്രഹമായി. അമ്മയും ഭാര്യ അനുമോളും ഏക മകന് മൂന്ന് വയസുള്ള നോയലുമൊത്ത് തീരെ സൗകര്യമില്ലാത്ത ഒരു കൊച്ചു വീട്ടിലാണ് ബിനീഷ് താമസിച്ചിരുന്നത്. കുടുംബത്തിന്റെ അത്താണിയായിരുന്ന അച്ഛന് ഇനി വരില്ലെന്ന സത്യം മനസിലാക്കാതെ നോയല്‍ ചിരി കളികളുമായി നടന്നത് ഏവരുടെയും ഹൃദയം തകര്‍ക്കുന്ന കാഴ്ചയായിരുന്നു.
വേദഗിരി ചാത്തമല ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ജോമോന്റെ മൃതദേഹം സഹോദരന്റെ വസതിയായ ഏറ്റുമാനൂര്‍ മാടപ്പാട് ഊറ്റക്കുഴി ഭാഗത്ത് താഴത്തുമൂട്ടില് വീട്ടിലേക്കാണ് എത്തിച്ചത്. അവിടെ ശുശ്രൂഷകള്‍ക്കു ശേഷം 3.30ന് വെട്ടിമുകള്‍ സെന്റ് മേരീസ് പള്ളിസെമിത്തേരിയില്‍ സംസ്കാരം നടന്നു.
എം.എല്‍.എ മാരായ അഡ്വ.കെ.സുരേഷ്കുറുപ്പ്, മോന്‍സ് ജോസഫ് എന്നിവരുള്‍പ്പെടെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ ഒട്ടേറെ പേര് ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാനായി ഇവരുടെ വീടുകളിലും പള്ളികളിലും എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."