ഭീതി വരുന്ന വഴി
നിയമസഭാ തെരഞ്ഞെടുപ്പിന്റെ അന്തിമഘട്ടത്തില്‍ എക്‌സിറ്റ് പോള്‍ഫലം പ്രവചിച്ചവരും യഥാര്‍ഥഫലപ്രഖ്യാപനശേഷം അവലോകനംനടത്തിയവരും പ്രധാനമായും ഊന്നിയകാര്യം വിധിയെഴുത്തിനെ കൂടുതല്‍സ്വാധീനിച്ചത് മതരാഷ്ട്രീയം സൃഷ്ടിച്ച വോട്ടുവ്യതിയാനമാണെന്നതായിരുന്നു. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഹിന്ദുത്വശക്തികള്‍ ഇന്ത്യയില്‍ ആദ്യമായി ഒറ്റയ്ക്ക് അധികാരത്തിലെത്തിയതിനെത്തുടര്‍ന്നു ന്യൂനപക്ഷജനവിഭാഗങ്ങള്‍ക്കിടയില്‍ തിടംവച്ച ഭീതിയാണ് ഇതിനുകാരണമായി ചൂണ്ടിക്കാട്ടപ്പെട്ടത്.
കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ ഏറ്റവും സ്വാധീനമുള്ള മുസ്‌ലിംലീഗാണ് ഐക്യജനാധിപത്യമുന്നണിയിലെ രണ്ടാംകക്ഷി. മൂന്നാംകക്ഷിയാവട്ടെ ക്രിസ്ത്യന്‍സഭകളുടെ കണ്ണിലുണ്ണിയായ കേരളകോണ്‍ഗ്രസും. ഈ രണ്ടുകക്ഷികളും ഇരുവശത്തുനിന്നും താങ്ങിനിര്‍ത്തുന്ന യു.ഡി.എഫിനെ മുസ്‌ലിം, ക്രിസ്ത്യന്‍ ജനസാമാന്യം കൈയൊഴിഞ്ഞതിനു കാരണമെന്താണ്. കോണ്‍ഗ്രസിലെ ഹിന്ദുവോട്ടുകളില്‍ മോശമല്ലാത്ത വിഹിതം ബി.ജെ.പി സഖ്യത്തിന് അനുകൂലമായതെന്തുകൊണ്ട്.
മത-ജാതിസമവാക്യങ്ങള്‍ കേരളത്തിന്റെ കക്ഷിരാഷ്ട്രീയബലാബലം നിര്‍ണയിക്കുന്ന രീതി ശക്തമായത് ഇന്നും ഇന്നലെയുമല്ല. അതില്‍ ഇരുമുന്നണികളും യാതൊരു വിട്ടുവീഴ്ചയും നടത്തിയിരുന്നില്ലെന്ന് ഓരോ നിയോജകമണ്ഡത്തിലും ഏറെക്കാലമായി മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ജാതി-മത മേല്‍വിലാസം പരിശോധിച്ചാല്‍ വ്യക്തമാകും. അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ഥി ചാത്തുണ്ണിമാസ്റ്റര്‍ എന്‍.പി മൊയ്തീനോട് അവിചാരിതമായി തോറ്റതിനുശേഷം ബേപ്പൂര്‍ നിയോജകമണ്ഡലത്തില്‍ ഇതുവരെ മുസ്‌ലിമല്ലാത്ത സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ആ മണ്ഡലം കുത്തകയാക്കിയ ഇടതുമുന്നണി മുതിര്‍ന്നിട്ടില്ല. കോട്ടയത്ത് രമേശ് ചെന്നിത്തല മത്സരിച്ചാല്‍ നായരായ സുരേഷ്‌കുറുപ്പിനെ മത്സരിപ്പിക്കണമെന്നും ചാള്‍സ് നാടാര്‍ക്കെതിരേ നീലലോഹിതദാസ്‌നാടാരെ മത്സരിപ്പിക്കണമെന്നും ഉമ്മന്‍ചാണ്ടിക്കെതിരേ സിന്ധുജോയിയോ ചെറിയാന്‍ഫിലിപ്പോ മത്സരിക്കണമെന്നും നിശ്ചയിച്ചരീതിതന്നെയാണ് കേരളത്തിലുടനീളം ഇരുമുന്നണികളും കാലാകാലങ്ങളില്‍ പയറ്റിപ്പോരുന്നത്. പൊതുയോഗത്തിനു പ്രസംഗകരെ നിശ്ചയിക്കുന്നതില്‍പ്പോലും പ്രദേശത്തിന്റെ മതസാമുദായികബലാബലം നോക്കുമെന്നത് മതേതരകേരളം നേരിടുന്ന പ്രതിസന്ധിയുടെ ആഴമെത്രയെന്നു സൂചിപ്പിക്കുന്നു.
മതസാമുദായികഘടകങ്ങള്‍ക്ക് അമിതപ്രാധാന്യം കൈവന്ന കേരളത്തില്‍ മതാധിഷ്ഠിതരാഷ്ട്രീയം മുന്നില്‍വച്ചു പ്രവര്‍ത്തിക്കുന്ന ബി.ജെ.പിയും സഖ്യകക്ഷികളും പുതിയൊരു പ്രഭാവത്തോടെ കടന്നുവന്നത് അപ്രതീക്ഷിതമല്ല. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഒറ്റക്ക് അധികാരത്തിലെത്താന്‍ കഴിഞ്ഞതിന്റെ ആവേശത്തില്‍ എന്തുവിലകൊടുത്തും കേരളത്തില്‍ സ്ഥാനംഉറപ്പിക്കണമെന്ന ചിന്ത അവരിലുണ്ടായതും അത്ഭുതപ്പെടുത്തുന്ന കാര്യമല്ല. വെള്ളാപ്പള്ളിയെക്കൊണ്ടു രാഷ്ട്രീയകക്ഷിയുണ്ടാക്കിയതു സാമുദായിക താല്‍പ്പര്യത്തോടെയാണ്.
പരമ്പരാഗതമായി ഈഴവാദി പിന്നാക്കഹിന്ദുക്കളുടെ പ്രാമാണ്യമുള്ള ഇടതുമുന്നണിയുടെ വോട്ട്ബാങ്കില്‍ ബി.ജെ.പി-ബി.ഡി.ജെ.എസ് സഖ്യം വിള്ളലുണ്ടാക്കുമെന്നും അതു തങ്ങള്‍ക്കനുകൂലമാകുമെന്നുമായിരുന്നു യു.ഡി.എഫിന്റെ മനസിലിരുപ്പ്. ചെറിയതോതില്‍ ന്യൂനപക്ഷവോട്ടുകളുടെ വ്യതിയാനം തങ്ങളുടെ പക്ഷത്തുനിന്നുണ്ടായാലും ഭൂരിപക്ഷവോട്ടുകളില്‍നിന്ന് ഇടതുമുന്നണിക്കുണ്ടാകുന്ന ചോര്‍ച്ചയിലൂടെ അതു പരിഹരിക്കാമെന്നായിരുന്നു അവരുടെ ചിന്ത. ഈ ചിന്തയെ ഒരു പരിധിവരെ ശരിവെക്കുന്ന തരത്തില്‍ തെരഞ്ഞെടുപ്പിനു മുന്‍പും പ്രചരണകാലത്തുടനീളവും പ്രതിരോധപ്രവര്‍ത്തനങ്ങളുമായി ഇടതുമുന്നണി രംഗത്തിറങ്ങിയത് കൂടുതല്‍ ആത്മവിശ്വാസം യു.ഡി.എഫ് നേതാക്കളില്‍ വളര്‍ത്തി.
ഇരുമുന്നണികളും കിണഞ്ഞുശ്രമിച്ചിട്ടും ഒരു താമരയെങ്കിലും വിരിയിക്കാനായത് സംഘപരിവാറിന് ആത്മവിശ്വാസം പകര്‍ന്നിരിക്കുന്നു. നിയമസഭയില്‍ പ്രാതിനിധ്യമുള്ള കക്ഷിയെന്ന നിലയില്‍ ഔദ്യോഗികരംഗത്തു സ്ഥാനമുറപ്പിക്കാന്‍ കഴിയുന്ന അവസ്ഥയാണ് ഒ രാജഗോപാലിന്റെ വിജയത്തിലൂടെ ബി.ജെ.പിക്കു കിട്ടിയത്. സാമുദായികശക്തികളെ ഒപ്പംനിര്‍ത്തി മതേതരത്വം പ്രസംഗിച്ചുപോന്ന യു.ഡി.എഫും മതബന്ധശക്തികളുമായി ബന്ധമില്ലെന്നു പ്രഖ്യാപിക്കുകയും കാലാകാലങ്ങളില്‍ അടവുനയങ്ങളിലൂടെ നിലപാടുകളില്‍ വെള്ളംചേര്‍ക്കുകയും ചെയ്ത ഇടതുമുന്നണിയും ബി.ജെ.പിയുടെ ഈ സാന്നിധ്യത്തിന്റെ ഉത്തരവാദികളാണ്.
യു.ഡി.എഫ് അധികാരത്തിലിരുന്ന അഞ്ചുവര്‍ഷവും കോണ്‍ഗ്രസിലെ നായര്‍വിഭാഗമടങ്ങുന്ന ഹിന്ദുക്കളുടെ മനസില്‍നിന്ന് അഞ്ചാംമന്ത്രി വിവാദം കെട്ടടങ്ങിയിരുന്നില്ല. എന്‍.എസ്.എസിന്റെ പിടിവാശിമൂലം തിരുവഞ്ചൂരിനെ മാറ്റി താക്കോല്‍സ്ഥാനത്ത് രമേശിനെ സ്ഥാപിച്ചതുകൊണ്ടൊന്നും ന്യൂനപക്ഷങ്ങള്‍ക്ക് അപ്രമാദിത്വമുള്ള ഗവണ്‍മെന്റാണ് ഉമ്മന്‍ചാണ്ടിയുടേതെന്ന അവരുടെ ചിന്തയ്ക്കു മാറ്റമൊന്നും ഉണ്ടായില്ല. ഇത് വോട്ടെണ്ണിയപ്പോള്‍ തിരിച്ചടിച്ചുവെന്നതാണു ദൃഷ്ടാന്തം.
ന്യൂനപക്ഷ ജനവിഭാഗത്തെ കൂടുതല്‍ ഫലപ്രദമായി പ്രതിനിധീകരിക്കാന്‍ തങ്ങള്‍ക്കാവുമെന്നു കരുതി പ്രവര്‍ത്തിച്ച വെല്‍ഫെയര്‍പാര്‍ട്ടി ,എസ്.ഡി.പി.ഐ, പി.ഡി.പി ഉള്‍പ്പെടെയുള്ള ചെറുകക്ഷികള്‍ക്കു കഴിഞ്ഞകാലത്തു നേടിയെടുക്കാനായത്ര വോട്ടു സമാഹരിക്കാനാവാതെ പോയതും ഈ തെരഞ്ഞെടുപ്പിന്റെ സവിശേഷതയാണ്. ഭൂരിപക്ഷവര്‍ഗീയതയെ നേരിടുന്നതിനു സ്വന്തംനിലയില്‍ കഴിയില്ലെന്ന തിരിച്ചറിവും അതിന് ഏതെങ്കിലും മുന്നണികളെ സഹായിച്ചേപറ്റൂവെന്ന നിലപാടും അവര്‍ക്കിടയിലെ ജനസാമാന്യത്തിനുണ്ടായി എന്നുവേണം കരുതാന്‍. ഇതിന്റെ ആനുകൂല്യം ലഭിച്ചത് ഇടതുമുന്നണിക്കാണ്.
കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യം ഉച്ചത്തില്‍ മുഴക്കി തേരോട്ടം നടത്തിയ ബി.ജെ.പിക്ക് ഡല്‍ഹിയും ബീഹാറും കൂച്ചുവിലങ്ങിട്ടുവെങ്കിലും കേരളത്തില്‍ മോദിയുടെ യാഗാശ്വത്തെ നേരിടുന്നവര്‍ക്കിടയിലായിരുന്നു ബലപരീക്ഷണം നടന്നത്. ബീഫ് വിവാദംകൊണ്ടും പാകിസ്ഥാനിലേയ്ക്കു നാടുകടത്തുമെന്ന പ്രയോഗംകൊണ്ടും ദേശീയരാഷ്ട്രീയരംഗം കലുഷിതമായ സാഹചര്യത്തില്‍ ഇന്ത്യയുടെ മതേതരഭൂമിക നഷ്ടപ്പെട്ടേയ്ക്കുമോയെന്ന ഭീതി ന്യൂനപക്ഷങ്ങളെ വലിയതോതില്‍ വേട്ടയാടി. മറ്റുസംസ്ഥാനങ്ങളിലുടനീളം കോണ്‍ഗ്രസ് പരാജയപ്പെട്ടതും ജമ്മു-കാശ്മീരിലുള്‍പ്പെടെ ബി.ജെ.പിക്ക് പങ്കാളിത്തമുള്ള ഭരണകൂടം നിലവില്‍വന്നതും മുസ്‌ലിം-ക്രിസ്ത്യന്‍ ജനവിഭാഗങ്ങളെ ഗണ്യമായി സ്വാധീനിച്ചു.
തങ്ങളുടെയും അനന്തരതലമുറകളുടെയും ജീവനും സ്വത്തിനും സംരക്ഷണമില്ലാതെ പോകുമോയെന്ന ചിന്ത ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വേരുപടര്‍ത്തുന്നതിനു മോദിയുടെ സ്ഥാനാരോഹണത്തിനുശേഷം നടന്ന ഒട്ടേറെ സംഭവങ്ങള്‍ നിമിത്തമായി. നരേന്ദ്രമോദിയെ നേരിടാന്‍ തങ്ങള്‍ക്കു പ്രാപ്തിയില്ലെന്നു കോണ്‍ഗ്രസ് നേതൃത്വവും ഏറ്റുപറയുന്ന വിധമായിരുന്നു വിവിധ തെരഞ്ഞെടുപ്പുകളില്‍ അവര്‍ നേരിട്ട തിരിച്ചടികള്‍. ഒപ്പത്തില്‍ മെച്ചമേതെന്നു വിലയിരുത്തിയ അവര്‍ തെരഞ്ഞെടുപ്പില്‍ പരമ്പരാഗതമായി അടുപ്പം പുലര്‍ത്തിയിട്ടില്ലാത്ത ഇടതുപക്ഷത്തില്‍ വിശ്വാസമര്‍പ്പിക്കുന്ന നിലപാടു സ്വീകരിക്കാന്‍ നിര്‍ബന്ധിതരായി.
മുസ്‌ലിംലീഗും കേരളകോണ്‍ഗ്രസും ഊടുംപാവും നെയ്തിട്ടും ഐക്യമുന്നണി ദയനീയപരാജയം രുചിച്ചതിന്റെ ധാര്‍മിക ഉത്തരവാദിത്തം കോണ്‍ഗ്രസിന്റെ ദേശീയനേതൃത്വത്തിനും അവകാശപ്പെട്ടതാണ്. വര്‍ഗീയരാഷ്ട്രീയത്തിന്റെ വളര്‍ച്ചയെ ഫലപ്രദമായി തടയുന്നതില്‍ ദേശീയനേതൃത്വം കാണിക്കുന്ന നിശ്ചയദാര്‍ഢ്യമില്ലായ്മ ജാതി-മത രാഷ്ട്രീയത്തിന്റെ അസ്ഥിവാരത്തില്‍ കെട്ടിപ്പൊക്കപ്പെട്ട മുന്നണിയുടെ ദൗര്‍ബല്യത്തിനു കാരണമായി.
ഭീതിയുടെ രാഷ്ട്രീയത്തെ നേരിടുകയെന്നതാണു മതേതരകേരളം ആഗ്രഹിക്കുന്നതെങ്കില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ഇത്തവണ ഇടതുപക്ഷം നേടിയ വിജയംപോലും താല്‍ക്കാലിക പരിഹാരമേ ആകുന്നുള്ളൂ. മതാധിഷ്ഠിതമുദ്രാവാക്യംമുഴക്കി സ്പര്‍ധയുടെ രാഷ്ട്രീയംതുടരുന്ന പരിവാരശക്തികളെ രാഷ്ട്രീയമായി നേരിടുന്നതിനു ദേശീയതലത്തില്‍ ഫലപ്രദമായ ബദല്‍ വന്നേ മതിയാകൂ.
സാമൂഹ്യ-രാഷ്ട്രീയ അരക്ഷിതാവസ്ഥയുടെ പ്രഭവമായ മോദി-അമിത്ഷാ കൂട്ടുകെട്ടിനു ബദലെന്നനിലയില്‍ വീണ്ടും ഉയര്‍ന്നുവരാനുള്ള ത്രാണി തങ്ങള്‍ക്കില്ലെന്ന് ആവര്‍ത്തിച്ചു തെളിയിച്ചുകഴിഞ്ഞ കോണ്‍ഗ്രസില്‍നിന്നു കൂടുതല്‍ പ്രതീക്ഷിക്കാന്‍ നിലവിലെ സാഹചര്യം അനുവദിക്കുന്നില്ല. പഴയ മൂന്നാംമുന്നണിയാകട്ടെ ശൈഥില്യത്തിന്റെ പരകോടിയില്‍ ലക്ഷ്യബോധമില്ലാത്ത തുരുത്തുകളായി ഇന്ത്യന്‍രാഷ്ട്രീയത്തില്‍ അലയുകയുമാണ്. ശക്തമായ ഒരു മതേതര ബദല്‍ ഉയര്‍ത്തിക്കൊണ്ടുവരാനും വ്യത്യസ്തധാരകളെ ഏകോപിപ്പിച്ച് അതിനു നേതൃത്വം നല്‍കാനും പ്രാപ്തിയുള്ള പ്രസ്ഥാനവും നേതാവും ദേശീയതലത്തില്‍ ഉയര്‍ന്നുവന്നേ തീരൂവെന്നതാണ് ഈ അവസരത്തില്‍ ഭാവി ഭാരതത്തിനു പ്രതീക്ഷിക്കാനുള്ളത്.
(ആംആദ്മി പാര്‍ട്ടി, കോഴിക്കോട്
ജില്ലാ കണ്‍വീനറാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."