ശബരിമല: കടകംപള്ളിയെ തള്ളി മുഖ്യമന്ത്രിയും കോടിയേരിയും
തിരുവനന്തപുരം: ശബരിമല വിഷയത്തിലെ സുപ്രിംകോടതി വിധി നടപ്പാക്കാന്‍ തീരുമാനിച്ച സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം പ്രസിഡന്റ് പത്മകുമാറും നടത്തിയ പ്രസ്താവന തള്ളി മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും.
കഴിഞ്ഞ ദിവസം ശബരിമലയിലെ അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ശബരിമലയില്‍ യുവതികളെ കയറ്റാത്തത് സര്‍ക്കാരിന് താല്‍പര്യമില്ലാത്തത് കൊണ്ടാണെന്ന് മന്ത്രി പറഞ്ഞിരുന്നു. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാത്തത് ചട്ടമ്പിമാരുടെ ശരണംവിളികണ്ട് പേടിച്ചിട്ടല്ല. ആക്ടിവിസം പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലമായി ശബരിമലയെ കാണരുത്. 22ന് കോടതി തീരുമാനിക്കട്ടെ എന്നുമായിരുന്നു കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. ഇതുതന്നെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ആവര്‍ത്തിച്ചു. കൂടാതെ ശബരിമലയില്‍ മനിതി സംഘം എത്തിയപ്പോഴും തുടര്‍ന്ന് മറ്റു രണ്ടു സ്ത്രീകള്‍ എത്തിയപ്പോഴും സര്‍ക്കാരിനെ പ്രതികൂട്ടിലാക്കി മന്ത്രി കടകംപള്ളി രംഗത്തുവന്നിരുന്നു. കൂടാതെ, ആക്ടിവിസ്റ്റുകള്‍ ശബരിമലയില്‍ എത്തിയാല്‍ തടയുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ആക്ടിവിസ്റ്റുകള്‍ ഗൂഢലക്ഷ്യത്തോടെ ശബരിമലയില്‍ വരേണ്ടതില്ലെന്നും വിശ്വാസികള്‍ക്കുള്ളതാണ് ശബരിമലയെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും നിലപാടിന് വിരുദ്ധമായി മന്ത്രി നിലപാടെടുത്തതും ചര്‍ച്ചയായിരുന്നു. തീര്‍ഥാടനകാലം കഴിയുന്നതുവരെ സ്ത്രീകള്‍ ശബരിമലയില്‍ വരാന്‍ പാടില്ലെന്നായിരുന്നു ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ പ്രസ്താവന. ഇതാണ് ഇന്നലെ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും തള്ളിയത്.
ഒരു മന്ത്രിക്കും സ്ത്രീകള്‍ ശബരിമലയിലേക്ക് വരേണ്ടതില്ലെന്നുപറയാന്‍ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് സര്‍ക്കാരിനുണ്ട്. ഏതെങ്കിലും സ്ത്രീയെ ശബരിമലയില്‍ കയറ്റുക, എതു മാര്‍ഗത്തിലൂടെയും സ്ത്രീകളെ ശബരിമലയില്‍ എത്തിക്കുക എന്നതു സര്‍ക്കാരിന്റെ നിലപാടല്ല.
സ്ത്രീകള്‍ എത്തിയാല്‍ അവര്‍ക്ക് ദര്‍ശനത്തിന് സൗകര്യം ഒരുക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. എതിര്‍പ്പ് മറികടന്നുപോകാന്‍ സ്ത്രീകള്‍ തയാറായാല്‍ എല്ലാ സംരക്ഷണവും നല്‍കും. അതാണ് സര്‍ക്കാര്‍ നിലപാട്. ഏതു മന്ത്രിയും സര്‍ക്കാരിന്റെ നിലപാട് മാത്രമേ പറയാന്‍ പാടുള്ളൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വം പ്രസിഡന്റും മന്ത്രിയും പറഞ്ഞത് പാര്‍ട്ടി അംഗീകരിക്കുന്നില്ലെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയത്. ബോര്‍ഡ് പ്രസിഡന്റിനും മന്ത്രിക്കും കാര്യങ്ങള്‍ മനസിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുവരുടെയും നിലപാട് ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രകടിപ്പിക്കേണ്ട അഭിപ്രായപ്രകടനമല്ല. സ്ത്രീകള്‍ വരാന്‍ പാടില്ലെന്ന് ആരും പറയാന്‍ പാടില്ല. ഏതു സ്ത്രീക്കും ശബരിമലയില്‍ ദര്‍ശനം നടത്താം.
അതിനു സൗകര്യം ചെയ്യലാണ് ദേവസ്വം ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും ഉത്തരവാദിത്തം. അതിനു വിരുദ്ധമായി നിലപാടെടുക്കാന്‍ ആര്‍ക്കും അവകാശമില്ല. സുപ്രിംകോടതി വിധിക്ക് അനുസരിച്ചേ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും പ്രവര്‍ത്തിക്കാന്‍ കഴിയൂ.
സ്ത്രീകള്‍ ശബരിമലയില്‍ വരരുത് എന്ന നിലപാടെടുക്കാന്‍ ബോര്‍ഡിനും സര്‍ക്കാരിനും കഴിയില്ല. വരുന്ന സ്ത്രീകള്‍ക്കു സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ പരമാവധി ഇടപെട്ടുവെന്നും കോടിയേരി പറഞ്ഞു.അതിനിടെ, വിഷയത്തില്‍ കടകംപള്ളിയോട് പാര്‍ട്ടി വിശദീകരണം തേടിയതായി കോടിയേരി വ്യക്തമാക്കി. മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കിയെന്ന കടകംപള്ളിയുടെ മറുപടി പാര്‍ട്ടി പരിശോധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."