നിയമപരമായി അല്ല വിവാഹമെങ്കില്‍ ഗാര്‍ഹിക പീഡനക്കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈകോടതി
കൊച്ചി: നിയമപരമായല്ല വിവാഹമെങ്കില്‍ സ്ത്രീയുടെ പരാതിയില്‍ പങ്കാളിക്കെതിരെയോ ബന്ധുക്കള്‍ക്കെതിരെയോ ഗാര്‍ഹിക പീഡനക്കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈകോടതി. നിയമപരമായ വിവാഹമല്ല നടന്നതെങ്കില്‍ പങ്കാളിയെ ഭര്‍താവായി കണക്കാക്കാനാവില്ലെന്നും വിലയിരുത്തി ജസ്റ്റീസ് ബദറുദ്ദീന്‍. തിരുവനന്തപുരം മണക്കാട് സ്വദേശിയായ യുവാവിനെതിരേ കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസും കോടതി റദ്ദാക്കിയിട്ടുണ്ട്.
ആദ്യ വിവാഹബന്ധം വേര്‍പെടുത്താതെ ഹരജിക്കാരനും യുവതിയും 2009 മുതല്‍ ഒന്നിച്ച് താമസിച്ചു തുടങ്ങിയിരുന്നു. ആദ്യ ബന്ധം വേര്‍പെടുത്താത്ത സാഹചര്യത്തില്‍ രണ്ടാം വിവാഹത്തിന് നിയമ സാധുതയില്ലെന്ന് 2013ല്‍ കുടുംബകോടതിയുടെ വിധിയും വന്നിരുന്നു. ഒരുമിച്ചു ജീവിച്ച കാലഘട്ടത്തില്‍ ഹരജിക്കാരന്‍ ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.
എന്നാല്‍ ഭര്‍ത്താവല്ലാത്ത തനിക്കെതിരേ ഈ പരാതി നിലനില്‍ക്കില്ലെന്നാണ് ഹരജിക്കാരന്‍ വാദിച്ചത്. ഭര്‍ത്താവോ ഭര്‍തൃബന്ധുക്കളോ ഉപദ്രവിക്കുന്നതു മാത്രമാണ് ഗാര്‍ഹിക പീഡന നിയമ വ്യവസ്ഥയുടെ നിര്‍വചനത്തില്‍ വരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സുപ്രിംകോടതി ഉത്തരവുകളടക്കം വിലയിരുത്തിയ കോടതി യുവാവിന്റെ വാദം ശരിവയ്ക്കുകയും കേസിന്റെ തുടര്‍ നടപടികള്‍ റദ്ദാക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."