ആവശ്യത്തിന് ഡോക്ടര്‍മാരില്ല; സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം താളംതെറ്റുന്നു
ഇടുക്കി മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ പ്രതിസന്ധിയില്‍
തൊടുപുഴ: കാലവര്‍ഷം ശക്തിപ്രാപിച്ചതിനേത്തുടര്‍ന്ന്് ഇടുക്കി ജില്ലയില്‍ പനി പടര്‍ന്നുപിടിക്കുമ്പോഴും ആവശ്യത്തിന് ഡോക്ടര്‍മാരില്ലാതെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം താളംതെറ്റുന്നു. ഗ്രാമീണ മേഖലയിലെ ആരോഗ്യ പരിപാലന കാര്യത്തില്‍ ശ്രദ്ധ ചെലുത്തേണ്ട പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളും മതിയായ ജീവനക്കാരില്ലാതെ വീര്‍പ്പുമുട്ടുകയാണ്.
ജില്ലയില്‍ 39 പി.എച്ച്.സികളും 12 സി.എച്ച്.സികളും നാല് താലൂക്ക് ആശുപത്രികളും രണ്ട് ജില്ലാ ആശുപത്രികളുമാണുള്ളത്. ജില്ലാ -താലൂക്ക് ആശുപത്രികളില്‍ സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരും സര്‍ജന്മാരും ഉള്‍പ്പെടെ 22 ഡോക്ടര്‍മാരും കമ്യൂണിറ്റി, പ്രൈമറി ആശുപത്രികളിലെ 61 ഡോക്ടര്‍മാരുടേതുള്‍പ്പെടെ 83 ഡോക്ടര്‍മാരുടെ ഒഴിവുണ്ട്. ചില പി.എച്ച്.സികളില്‍ ഡോക്ടര്‍മാരുടെ സേവനം പേകരിന് മാത്രമാണ്.
ഇടുക്കി ഗവ. മെഡിക്കല്‍ കോളജില്‍ ആവശ്യത്തിന് നഴ്‌സുമാര്‍ ഇല്ലാത്തതുമൂലം ശസ്ത്രക്രിയ പ്രതിസന്ധിയിലായി. ജില്ലാ ആശുപത്രി മെഡിക്കല്‍ കോളജാക്കി ഉയര്‍ത്തിയെങ്കിലും ജില്ലാ ആശുപത്രിയിലെ നഴ്‌സുമാരുടെ തസ്തികകളാണ് ഇപ്പോഴും. ഇപ്പോള്‍ 160 കിടക്കകളുണ്ട്.
നാല് രോഗിക്ക് ഒരു നഴ്‌സ് എന്നാണ് കണക്ക്. ആകെയുള്ളത് 46 നഴ്‌സുമാര്‍ മാത്രമാണ്. ഇവര്‍ ഇപ്പോള്‍ എട്ട് മണിക്കൂറിന് പകരം 24 മണിക്കൂറും രാപ്പകല്‍ ഒരേസമയം ജോലിചെയ്യണം. ഒരു നഴ്‌സസ് സൂപ്രണ്ട് ഉണ്ടെങ്കിലും 14 ഹെഡ് നഴ്‌സുമാരുടെ സീറ്റ് ഒഴിഞ്ഞുകിടക്കുന്നു.
10 നഴ്‌സുമാരുടെ തസ്തികകളില്‍ ഇതുവരെ നിയമനം നടത്തിയിട്ടില്ല. ഗ്രേഡ് ഒന്ന് തസ്തികയില്‍ 23 നഴ്‌സുമാര്‍ വേണം. ഉള്ളത് 15 പേര്‍ മാത്രം. ഗ്രേഡ് രണ്ടില്‍ ആകെ വേണ്ട 23ലും ഒമ്പതുപേരുടെ കുറവുണ്ട്. അത്യാഹിത വിഭാഗം, ശസ്ത്രക്രിയ വാര്‍ഡ്, ഐ.സി.യു വാര്‍ഡ്, ഐ.സി.യു പനി വാര്‍ഡ്, സ്ത്രീകളുടെയും പുരുഷന്മാരുടെയും വാര്‍ഡ്, ചെറുതും വലുതുമായ വേറെ ആറ് വാര്‍ഡ് എന്നിവിടങ്ങളില്‍ മാറിമാറി ജോലി നോക്കാന്‍ അഞ്ചുപേര്‍ മാത്രമാണുള്ളത്. ഇവിടെയുള്ളവരില്‍നിന്ന് അഞ്ചുപേരെ വര്‍ക്കിങ് അറേഞ്ച്‌മെന്റില്‍ ജില്ലയിലെ താലൂക്ക് ആശുപത്രികളിലേക്കും മാറ്റി നിയമിച്ചു.
നഴ്‌സുമാരില്ലാത്തതുമൂലം ഓപറേഷന്‍ ആവശ്യമായ രോഗികളെ ഇവിടെനിന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കോ സ്വകാര്യ ആശുപത്രിയിലേക്കോ പറഞ്ഞയക്കുകയാണ് ഇപ്പോള്‍. പല സര്‍ക്കാര്‍ ആശുപത്രികളിലും സൂപ്രണ്ടില്ലാതായതോടെ ഉള്ള ഡോക്ടര്‍മാര്‍ തോന്നിയതുപോലെയാണ് ജോലിയെടുക്കുന്നത്. ചില ഡോക്ടര്‍മാര്‍ നീണ്ട അവധിയിലാണെന്നതും ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു.
കാഞ്ചിയാര്‍ പിഎച്ച്‌സിയില്‍ മൂന്നു ഡോക്ടര്‍മാരെ നിയമിച്ചെങ്കിലും രണ്ടുപേര്‍ മെഡിക്കല്‍ ലീവെടുത്ത് ഇപ്പോഴും അവധിയിലാണ്. മറ്റു പല സര്‍ക്കാര്‍ ആശുപത്രികളുടെയും സ്ഥിതി ഏറെക്കുറെ ഇങ്ങനെതന്നെ.
ഡോക്ടര്‍മാരുടെ കുറവുമൂലം ആശുപത്രികളിലെത്തി മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട അവസ്ഥയിലാണ് രോഗികള്‍.
നിയമനം ഇടുക്കിയിലെങ്കില്‍ ഡോക്ടര്‍മാര്‍ അവധിയില്‍
തൊടുപുഴ: ഇടുക്കിയില്‍ ജോലിചെയ്യുക എന്നതു അലര്‍ജി പോലെയാണ് ചില ഡോക്ടര്‍മാര്‍ക്ക്. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നാളുകളായി തുടരുന്ന ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താനാകാതെ പോകുന്നതിനു മുഖ്യകാരണവും ഡോക്ടര്‍മാര്‍ ഇടുക്കിയോടു മുഖംതിരിക്കുന്നതു തന്നെ.
ജില്ലയില്‍ പോസ്റ്റിങ് കിട്ടിയാലും ഭൂരിഭാഗം പേരും ഇവിടേക്കു വരാന്‍ മടിക്കുന്നത് ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കുകയാണ്. ഇനി ജോലിയില്‍ പ്രവേശിച്ചാല്‍തന്നെ നീണ്ട അവധിയെടുക്കുന്നതും സ്ഥലം മാറിപ്പോകുന്നതും വര്‍ക്കിങ് അറേഞ്ച്‌മെന്റിന്റെ പേരില്‍ പോകുന്നതുമെല്ലാം നാട്ടുനടപ്പു പോലെയായി.
ഇടുക്കിയിലെ കാലാവസ്ഥയും അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയുമാണു യുവ ഡോക്ടര്‍മാരെ ഇടുക്കിയില്‍ നിന്നുമകറ്റുന്നത്. ഇവിടെ ജോലിചെയ്യുന്ന നല്ലൊരു ശതമാനം ഡോക്ടര്‍മാരും മറ്റു ജില്ലകളില്‍ നിന്നുള്ളവരാണ്. ഇവരില്‍ പലരും രാഷ്ട്രീയസ്വാധീനമുപയോഗിച്ചും മറ്റും സ്വന്തം ജില്ലകളിലേക്കു സ്ഥലംമാറി പോകുന്നതും ഈ ഒഴിവുകള്‍ നികത്താന്‍ സാധിക്കാതെ വരുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ഡോക്ടര്‍മാരെ നിയമിക്കുന്നതിനായി ഇന്റര്‍വ്യൂ നടത്തിയാലും വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമാണ് ഹാജരാകാറുള്ളത്. നിയമനം ലഭിച്ചശേഷം ജോലിക്കെത്താതിരുന്നവരും നിരവധിയാണ്. പിഎസ്‌സി വഴിയുള്ള നിയമനങ്ങള്‍ വൈകുന്നതാണ് ഒഴിവുകള്‍ തുടരുന്നതിനു കാരണമെന്നും ആരോപണമുണ്ട്.
ജില്ലക്കാരായ യുവ ഡോക്ടര്‍മാര്‍ക്കുപോലും ഇടുക്കിയോടു താല്‍പര്യമില്ലെന്ന ആക്ഷേപമുണ്ട്. ഇക്കാര്യത്തില്‍ ഡോക്ടര്‍മാരെ കുറ്റം പറയാന്‍ കഴിയില്ലെന്നാണ് ചിലരുടെ ഭാഗം. കാരണം സര്‍ക്കാര്‍ ആശുപത്രികളോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്ന താമസ സൗകര്യം തികച്ചും പരിമിതമാണ്. മിക്ക ആശുപത്രികളോടുമനുബന്ധിച്ചു ക്വാട്ടേഴ്‌സുകള്‍ ഇല്ലെന്നു മാത്രമല്ല ഉള്ളവയാകട്ടെ ചോര്‍ന്നൊലിക്കുന്നതും ഏറെ കാലപ്പഴക്കം ചെന്നവയുമാണ്. ഇതുമൂലം ദൂരസ്ഥലങ്ങളില്‍നിന്നുള്ള ഡോക്ടര്‍മാര്‍ മിക്കവരും മുറിയും, വീടുമൊക്കെ വാടകയ്‌ക്കെടുത്താണ് താമസിക്കുന്നത്.
ആശുപത്രിയ്ക്കു സമീപം താമസസൗകര്യമില്ലാത്തതിനാല്‍ കൃത്യമായി ഡ്യൂട്ടിക്ക് എത്താനും ഇവര്‍ക്കു ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്. ഇതിനു പുറമെ യാത്രാ സൗകര്യങ്ങളുടെ അഭാവവും കുട്ടികളുടെയും മറ്റും പഠന സൗകര്യങ്ങളുടെ പോരായ്മയും ഡോക്ടര്‍മാരെ ജില്ലയില്‍നിന്നും അകറ്റിനിര്‍ത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."