പൊലിസിലെ ആശ്രിത നിയമനക്കാര്‍ക്ക് അവഗണന
എം. അപര്‍ണ#
കോഴിക്കോട്: സംസ്ഥാന പൊലിസ് വകുപ്പില്‍ ആശ്രിത നിയമനത്തിലൂടെ ജോലി നേടിയവരെ അവഗണിക്കുന്നു. 2012 മുതല്‍ 2016 വരെ പൊലിസ് വകുപ്പില്‍ 548 പേര്‍ക്കാണ് ആശ്രിത നിയമനത്തിലൂടെ സൂപ്പര്‍ ന്യൂമറി ക്ലാര്‍ക്ക് തസ്തികയില്‍ ജോലി നല്‍കിയത്. എന്നാല്‍, ഇവരില്‍ 137 പേരെ മാത്രമാണ് സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയത്. ഇവരുടെ തന്നെ 2012 മുതലുള്ള സര്‍വിസ് പരിഗണിക്കാതെ, സ്ഥിരപ്പെടുത്തിയ തിയതി മുതലാണ് പ്രൊബേഷന്‍ കണക്കാക്കിയത്. സ്ഥിരനിയമനം നല്‍കാത്തവര്‍ക്ക് ആദ്യത്തെ വാര്‍ഷിക വേതന വര്‍ധനവ് മാത്രമാണ് ഇതുവരെ നല്‍കിയിട്ടുള്ളത്. മറ്റ് ആനുകൂല്യങ്ങളൊന്നും ഇവര്‍ക്ക് ലഭിക്കുന്നില്ല.
പി.എസ്.സി മുഖേന നിയമനം ലഭിക്കുന്നവര്‍ക്ക് അധിക വേതനവും ആനുകൂല്യങ്ങളും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. എ.ജി ഓഡിറ്റിങിലും, ഇന്റേണല്‍ ഓഡിറ്റിങിലും ആദ്യം ലഭിച്ചിരുന്ന ഇന്‍ക്രിമെന്റ്, ഡി.എ അരിയര്‍, ഇ.എല്‍ സറണ്ടര്‍ തുടങ്ങിയവ തിരികെ പിടിക്കാന്‍ നിര്‍ദേശമുണ്ട്.
ആശ്രിത നിയമനം വഴിയും പി. എസ്.സി മുഖേനയും നിയമനം കിട്ടിയവര്‍ക്ക് ജോലി തുല്യമാണ്. തുല്യ ജോലിക്ക് തുല്യ വേതനം ലഭിക്കേണ്ട സാഹചര്യത്തില്‍ രണ്ട് നയമാണ് അധികാരികള്‍ സ്വീകരിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്ന ഇവര്‍ വലിയ തോതിലുള്ള സാമ്പത്തിക പ്രയാസങ്ങളാണ് അനുഭവികുന്നത്.
ഓരോ വര്‍ഷവും വിവിധ വകുപ്പുകളില്‍ ഉണ്ടാകുന്ന ഒഴിവുകളുടെ അഞ്ച് ശതമാനമാണ് ആശ്രിത നിയമനത്തിനായി നീക്കിവയ്ക്കുന്നത്. ആശ്രിത നിയമനത്തിനുള്ള അപേക്ഷകരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ നിയമനം ലഭിക്കുന്നതിന് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുന്നു.
പൊലിസ് വകുപ്പില്‍ വേണ്ടത്ര ഒഴിവുകളില്ലാതെ നിയമനം നടത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. പ്രശ്‌ന പരിഹാരത്തിനായി മന്ത്രിമാരെ ഉള്‍പ്പെടെ നേരിട്ട് കണ്ടെങ്കിലും ഫലമുണ്ടായില്ലെന്നും ആശ്രിത നിയമനം നേടിയവര്‍ പറഞ്ഞു. സര്‍ക്കാര്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടുമെന്ന പ്രതീക്ഷയിലാണിവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."