തണുത്തുറഞ്ഞ ഇന്ത്യന്‍ തെരുവീഥികളില്‍ പ്രതിഷേധക്കൊടുംചൂടിലേക്ക് പിറന്നു 2020
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും ഇങ്ങനെ ഒരു പുതുവര്‍ഷപ്പുലരി. തണുത്തുറഞ്ഞ തെരുവീഥികളെ പ്രതിഷേധാഗ്നിയാല്‍ ചൂടുപിടിപ്പിച്ച് രാജ്യമെങ്ങും പുതുവര്‍ഷപ്പുലരിയെ വരവേറ്റു. തലസ്ഥാന നഗരിയിലുള്‍പെടെ കൊടുംതണുപ്പ് വകവെക്കാതെ പൗരത്വനിയമത്തിനെതിരെ ആണ്‍-പെണ്‍ ഭേദമന്യെ പ്രായം പോലും വകവെക്കാതെ രാജ്യം തെരുവിലേക്കിറങ്ങി. ദിവസങ്ങള്‍ പ്രായമുള്ള ഇളംപൈതല്‍ മുതല്‍ വയോവൃദ്ധര്‍ വരെയുണ്ടായിരുന്നു പോരാട്ടക്കൂട്ടത്തില്‍. മുദ്രാവാക്യം വിളികളാല്‍ മുഖരിതമായി ഈ പുതുവര്‍ഷ രാവ്.
ഷഹീന്‍ ബാഗിലെ നോയിഡകാളിന്ദി കുഞ്ച് ദേശീയപാതയില്‍ ആയിരക്കണക്കിനാളുകളാണു പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കാന്‍ പുതുവര്‍ഷരാവില്‍ ഒത്തുകൂടിയത്. ആസാദി മുദ്രാവാക്യം മുഴക്കിയും പാട്ടുപാടിയുമാണ് ഇവര്‍ പുതുവര്‍ഷത്തെ വരവേറ്റത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊടുംശൈത്യം വകവെക്കാതെ തെരുവിലാണ് ഇവിടുത്തെ വീട്ടമ്മമാര്‍.
കലാകാരന്മാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ അണിനിരന്ന പ്രതിഷേധത്തെ പൊലിസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കലാകാരന്മാര്‍ ചേര്‍ന്ന് 'ആര്‍ട്ട് തെറാപ്പി' പരിപാടികളും അവിടെയെത്തിച്ചേര്‍ന്ന കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചതു ശ്രദ്ധേയമായി.
വാട്‌സാപ്പ് അടക്കമുള്ള സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ക്കൂടിയാണു പ്രതിഷേധം സംഘടിപ്പിച്ചത്. തങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടാനാണു തെരുവിലിറങ്ങിയിരിക്കുന്നതെന്നു പ്രതിഷേധത്തില്‍ പങ്കെടുത്ത ഫിര്‍ദോസ് എന്ന വീട്ടമ്മ പറഞ്ഞതായി 'ദ ഹിന്ദു' റിപ്പോര്‍ട്ട് ചെയ്തു. ജാമിഅ മില്ലിയയും പ്രതിഷേധപ്പുതുവര്‍ഷാഘോഷമൊരുക്കി.
കേരളത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടേയും മത സംഘടനകളുടേയും വിവിധ കൂട്ടായ്മകളുടേയും നേതൃത്വത്തിലാണ് പരിപാടികള്‍ നടന്നത്. ചില സ്ഥലങ്ങളില്‍ നേരം പുലരുന്നതുവരെ നീണ്ടു പ്രതിഷേധ സംഗമങ്ങള്‍.
ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും ഭരണഘടന വായിച്ചാണ് 2020നെ സ്വീകരിച്ചത്. എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധ ജ്വാലയാണ് തീര്‍ത്തത്. ഉമര്‍ ഖാലിദിനെ പങ്കെടുപ്പിച്ച് സാംസ്‌കാരിക കൂട്ടായ്മ ന്യൂ ഇയര്‍ ആസാദി സംഘടിപ്പിച്ചു. ഫോര്‍ട്ട് കൊച്ചിയില്‍ ന്യൂ ഇയറിനെ വരവേറ്റ് പാപ്പാഞ്ഞി കത്തിച്ചപ്പോള്‍ മോദിയുടേയും അമിത് ഷായുടേയും കോലം കത്തിച്ചു പ്രതിഷേധക്കാര്‍.
പാലക്കാട് വിദ്യാര്‍ഥി, യുവജന കൂട്ടായ്മ സംഘടിപ്പിച്ച പ്രതിഷേധത്തിന് നിരവധി പേരെത്തി. പട്ടാമ്പിയില്‍ മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ പാതിരാ സമരമുണ്ടായിരുന്നു. മലപ്പുറത്ത് കോണ്‍ഗ്രസും യൂത്ത്‌ലീഗും ഫ്രറ്റേണിറ്റിയും വിവിധ തരത്തില്‍ സമരങ്ങള്‍ നടത്തി. യൂത്ത് ലീഗ് സമരത്തില്‍ പങ്കെടുത്ത അഭിഭാഷക ദീപിക സിംഗ് റാവത്ത് മുദ്രാവാക്യം വിളിച്ച് കൊടുത്തത് പ്രവര്‍ത്തകരെ ആവേശഭരിതരാക്കി.
കോട്ടയത്ത് വെല്‍ഫയര്‍ പാര്‍ട്ടി പ്രതിഷേധ രാവ് സംഘടിപ്പിച്ചു. കാസര്‍ഗോഡ് ഉപ്പളയില്‍ എസ്.എസ്.എഫും നഗരത്തില്‍ ഫ്രറ്റോണിറ്റിയും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. മറ്റെല്ലാ ജില്ലകളിലും സമാന രീതിയിലുള്ള പ്രതിഷേധങ്ങള്‍ വിവിധ സംഘടനകള്‍ നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."