ജില്ലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം വര്‍ധിക്കുന്നു
മാനന്തവാടി: അര്‍ധരാത്രികളില്‍ വനാതിര്‍ത്തികളിലെ ആദിവാസി കോളനികളില്‍ മാത്രമുണ്ടായിരുന്ന മാവോയിസ്റ്റ് സാന്നിധ്യം പട്ടാപ്പകലും വ്യാപിച്ചത് ആശങ്ക പടര്‍ത്തുന്നു.
മാവോവാദി സംഘങ്ങള്‍ നാട്ടുകാര്‍ക്കിടയിലേക്കിറങ്ങി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണിതെന്നാണ് വിലയിരുത്തല്‍. നേരത്തെ തൊണ്ടര്‍നാട് കുഞ്ഞോം, തിരുനെല്ലി പ്രദേശങ്ങളില്‍ കേന്ദ്രീകരിച്ചിരുന്ന മാവോസംഘങ്ങളുടെ സാന്നിധ്യം ഇപ്പോള്‍ തവിഞ്ഞാലിലും വര്‍ധിച്ചിരിക്കുകയാണ്. കണ്ണൂര്‍, കോഴിക്കോട്,വയനാട് ജില്ലകളിലേക്ക് എളുപ്പത്തില്‍ മാറി സഞ്ചരിക്കാവുന്ന കേളകം, തിരുനെല്ലി, ബ്രഹ്മഗിരി, പാനോം വിലങ്ങാട്, പേര്യ വനത്തിലൂടെയാണ് സഞ്ചാര പാത തെളിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ അമ്പായത്തോട് മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ തോക്കുകളേന്തി പ്രകടനം നടത്തിയിരുന്നു. പൊലിസ് വര്‍ഷങ്ങളായി തിരയുന്ന മാവോയിസ്റ്റ് നേതാവ് സി.പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയതെന്നാണ് വിവരം. രാമു, കീര്‍ത്തി എന്ന കവിത എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. ഒരാഴ്ച മുമ്പ് മാത്രം തലപ്പുഴയിലും പേര്യ അയനിക്കലിലും സമാനരീതിയിലുള്ള സംഭവമുണ്ടായി. തലപ്പുഴ 44 ല്‍ വൈകുന്നേരം ഏഴുമണിയോടെയാണ് മാവോ സംഘം കടകളിലൂടെ കയറിയിറങ്ങി നോട്ടീസ് വിതരണം നടത്തിയത്. പേര്യ അയനിക്കലില്‍ ജയണ്ണയുടെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘമായിരുന്നു എത്തിയത്. തൊണ്ടര്‍നാട് കുഞ്ഞോത്ത് വിവിധ കോളനികളില്‍ നിരന്തരം മാവോ സംഘം സന്ദര്‍ശനം നടത്തുന്നതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. നേരത്തെ പൊലിസുമായി നേര്‍ക്കുനേര്‍ വെടിവെപ്പുണ്ടായ ചാപ്പകോളനി, മട്ടിലിയം, പന്നിപ്പാറ തുടങ്ങിയ കോളനികളിലാണ് മാവോസംഘംമെത്തുന്നത്. കഴിഞ്ഞ മാസം പന്നിപ്പാറ കോളനിയിലെ കേളുവെന്ന ആദിവാസിയെ വനത്തിനോട് ചേര്‍ന്ന ഭാഗത്ത് വെച്ച് മാവോവാദികള്‍ നേരില്‍ കാണുകയും വിവരങ്ങള്‍ തിരക്കുകയും ചെയ്തിരുന്നു. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കബനിദളം നേതാവ് രൂപേഷ് പൊലിസ് പിടിയിലായതോടെ ജില്ലയില്‍ മാവോവാദി സാന്നിധ്യം നന്നേ കുറഞ്ഞിരുന്നു. കഴിഞ്ഞ ഏതാനു മാസങ്ങള്‍ക്കിടെയാണ് ഇത് വീണ്ടും വര്‍ധിച്ചത്.
മാവോസംഘം സന്ദര്‍ശിക്കുകയും പരസ്യമായി പ്രകടനം നടത്തുകയും ചെയ്താല്‍ പൊലിസിനെ അറിയിച്ചാലും കാര്യമായ ഇടപെടലുകളുണ്ടാവാറില്ലെന്ന ആക്ഷേപവും ശക്തമാണ്. സായുധരായ മാവോസംഘത്തെ പിന്തുരടരാന്‍ പൊലിസ് തയാറാവാറില്ല. വനത്തിനുള്ളിലേക്കിറങ്ങിയുള്ള പരിശോധനയും കുറവാണ്. ഈ സാഹചര്യം മുതലെടുത്താണ് മാവോ സംഘങ്ങള്‍ പകല്‍ വെളിച്ചത്തില്‍ പോലും ജനവാസ കേന്ദ്രത്തിലെ പോസ്റ്റര്‍ പതിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നത്.
പരിശോധന ശക്തമാക്കി
ഗൂഡല്ലൂര്‍: നീലഗിരി ജില്ലയോട് ചേര്‍ന്ന മലപ്പുറം, വയനാട് ജില്ലകളില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചതോടെ ജില്ലയിലെ അതിര്‍ത്തികളില്‍ വനം വകുപ്പും ദൗത്യസേനയും പരിശോധന ശക്തമാക്കി. മലപ്പുറം ജില്ലയിലെ മരുതയില്‍ വന്ന് മാവോയിസ്റ്റുകള്‍ പോസ്റ്ററുകള്‍ പതിച്ച സാഹചര്യത്തില്‍ പ്രദേശത്തോട് ചേര്‍ന്ന നീലഗിരിയിലെ നാടുകാണി, ഗ്ലന്‍ റോക്ക് പ്രദേശങ്ങളിലേക്കും മാവോയിസ്റ്റുള്‍ നുഴഞ്ഞു കയറാനുള്ള സാധ്യത കണക്കിലെടുത്താണ് അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."