കൊന്നവരില്ല, പൊലിസിന് ക്ലീന്‍ ചിറ്റ്, 17 പേര്‍ക്കെതിരെ കലാപ ശ്രമം-യു.പി നരനായാട്ടിലെ എഫ്.ഐ.ആര്‍ ഇങ്ങനെ
സംഭാല്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ ഉത്തര്‍പ്രദേശിലെ സംഭാലില്‍ വിചിത്രമായ എഫ്.ഐ.ആറുമായി പൊലിസ്. 17 പേര്‍ക്കെതിരെ കലാപമുണ്ടാക്കിയെന്ന കുറ്റം ചുമത്തി വിശദമായ എഫ്.ഐ.ആര്‍ തയ്യാറാക്കിയപ്പോള്‍ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു പാരഗ്രാഫ് മാത്രമുള്ള എഫ്.ഐ.ആര്‍ ആണ് തയ്യാറാക്കിയിരിക്കുന്നത്. കൊല്ലപ്പെട്ടയാളെ വെടിവെച്ചതാരെന്ന് എഫ്.ഐ.ആറില്‍ പറയുന്നില്ല. രണ്ട് എഫ്.ഐ.ആറുകളാണ് തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസാണ് എഫ്.ഐ.ആറിലെ വിവരങ്ങള്‍ പുറത്തുവിട്ടത്. രണ്ട് എഫ്.ഐ.ആറുകളിലും അന്വേഷണം നടക്കുന്നതായാണു പറയുന്നത്.
17 പേര്‍ക്കെതിരെ ഏഴു കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്. എന്നാല്‍ ഷിറോസ് എന്ന 23കാരന്റെ കൊലയില്‍ ആകെയുള്ളത് ഒരു വകുപ്പ് മാത്രമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 24 മണിക്കൂറിനുള്ളിലാണ് ഈ രണ്ട് എഫ്.ഐ.ആറുകളും സംഭവിച്ചിരിക്കുന്നത്. അതും സംഭാല്‍ പൊലിസ് സ്റ്റേഷനില്‍.
17 പേര്‍ക്കെതിരായ എഫ്.ഐ.ആറില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന കുറ്റമാണു ചുമത്തിയിട്ടുള്ളത്. ഇതിനിടെ പൊലിസിനു വെടിവെയ്‌ക്കേണ്ടി വന്നിട്ടുണ്ടെന്നും പറയുന്നുണ്ട്. എന്നാല്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനും സ്വയരക്ഷാര്‍ഥവുമാണു വെടിവെച്ചതെന്ന് എഫ്.ഐ.ആറില്‍ വിശദീകരണവുമുണ്ട്.
ഡിസംബര്‍ 20നാണ് ഷിറോസിന്റെ മരണം സര്‍ക്കാര്‍ സ്ഥിരീകരിക്കുന്നത്. വെടിയേറ്റാണു മരിച്ചതെന്നും എഫ്.ഐ.ആറില്‍ പറയുന്നു. എന്നാല്‍ പ്രതികളാരെന്ന് അതില്‍ പറയുന്നില്ല. മാത്രമല്ല, കൊല്ലക്കുറ്റം വരുന്ന ഐ.പി.സി 302 വകുപ്പ് അതില്‍ ചുമത്തിയിട്ടില്ല.
പകരം കുറ്റകരമായ നരഹത്യ എന്നു പറയുന്ന ഐ.പി.സി 304 വകുപ്പാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതാവട്ടെ, കൊലക്കുറ്റത്തിനു തുല്യമല്ല താനും. ഒരു ഖണ്ഡികയിലാണ് ഇത്തരം വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഷെറോസിന്റെ ബന്ധുവായ മുഹമ്മദ് തസ്‌ലിമിന്റെ പരാതിയിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ട്രക്ക് ഡ്രൈവറായ ഷിറോസിനെ ചന്ദൗസി ചൗരാഹയില്‍ പരിക്കേറ്റു കിടക്കുന്നതായി കണ്ടെത്തുകയായിരുന്നെന്നും തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും കാര്യമുണ്ടായില്ലെന്നുമാണ് എഫ്.ഐ.ആറില്‍ പറയുന്നത്.
എഫ്.ഐ.ആറില്‍ ഷിറോസിന്റെ മരണം സ്ഥിരീകരിച്ച ഡോക്ടറുടെ പേരു പോലും പരാമര്‍ശിക്കുന്നില്ല. ഒരു കൊല നടന്നാല്‍ ആ കൊല സ്ഥിരീകരിച്ച ഡോക്ടറെ പരാമര്‍ശിക്കുകയും കൊലയുടെ പ്രഥമദൃഷ്ട്യാ ഉള്ള കാരണം എഴുതുകയും ചെയ്യുന്നത് എഫ്.ഐ.ആറില്‍ പതിവാണ്.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട ലഭിച്ചിട്ടില്ലെന്ന് ഷിറോസിന്റെ കുടുംബം ആരോപിച്ചിട്ടുമുണ്ട്.
ഷിറോസിനെ കണ്ടെത്തിയ ചന്ദൗസി ചൗരാഹയില്‍ പൊലിസിനെ വിന്യസിച്ചിരുന്നില്ലെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. എന്നാല്‍ മരണം സ്ഥിരീകരിക്കുന്നതിന് ഒരു ദിവസം മുന്‍പ്, ഡിസംബര്‍ 19നാണ് അവിടെ വലിയ തോതിലുള്ള പ്രതിഷേധം നടക്കുകയും വന്‍ പൊലിസ് സന്നാഹത്തെ വിന്യസിക്കുകയും ചെയ്തതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."