HOME
DETAILS
MAL
നിതീഷ് കുമാറിന്റെ സ്വത്തില്‍ വര്‍ധന രണ്ടു പശുക്കളും ഒരു കിടാവും!
backup
January 02 2020 | 05:01 AM
പാറ്റ്ന: ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ്കുമാര്‍ പുതുവര്‍ഷം പ്രമാണിച്ച് സ്വത്തുവിവരങ്ങള്‍ പുറത്തുവിട്ടു. ഈ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിയുടെ സ്വത്തില്‍ വര്‍ധനവുണ്ടായി. സ്വന്തമായുണ്ടായിരുന്നതില് രണ്ടു പശുക്കളും ഒരു കിടാവും കൂടിയെന്നതാണ് മുഖ്യമന്ത്രിയുടെ സ്വത്തിലുണ്ടായ 'വര്‍ധന'യെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
കഴിഞ്ഞ വര്‍ഷം ആദ്യം നിതീഷ്കുമാറിന്റെ ഉടമസ്ഥതയില്‍ എട്ടു പശുക്കളും ആറു കിടാവുകളുമാണുണ്ടായിരുന്നത്. ഇന്നലെ പുറത്തുവിട്ട കണക്കനുസരിച്ച് അത് പത്തു പശുക്കളും ഏഴു കിടാവുകളുമെന്നായി.
കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിയുടെ കൈയില്‍ പണമായുണ്ടായിരുന്നത് 42,000 രൂപയായിരുന്നു. ഇത് ഈ വര്‍ഷം 38,039 രൂപയായി കുറഞ്ഞു. ആകെ 56 ലക്ഷം രൂപയുടെ സ്ഥാവര ജംഗമ സ്വത്തുക്കളുമുണ്ട്.എന്നാല്‍, മന്ത്രിസഭയിലെ എല്ലാവരുടെയും സ്ഥിതി ഇതല്ല. 1.26 കോടി രൂപയാണ് ഉപമുഖ്യമന്ത്രിയായ സുശീല്‍ മോദിയുടെ സമ്പാദ്യം. ഭാര്യയുടെയും മക്കളുടെയും പേരിലുമുണ്ട് ഇത്രത്തോളം തന്നെ. മന്ത്രി സഞ്ജയ് ഷായ്ക്ക് 22 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളുണ്ട്. ഒന്‍പതു കോടി രൂപയുടെ സ്വത്തുവകകളുള്ള മന്ത്രി സുരേഷ് ശര്‍മയാണ് മന്ത്രിസഭയിലെ 'ധനികനെ'ന്നും സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.
രാജ്യത്തു പൗരത്വ നിയമ ഭേദഗതിക്കും പൗരത്വ രജിസ്റ്ററിനുമെതിരേ നടക്കുന്ന പ്രതിഷേധങ്ങള്‍ നിതീഷ്കുമാറിന്റെ പാര്‍ട്ടിയായ ജെ.ഡി.യുവിനെയും കാര്യമായി ബാധിച്ചിട്ടുണ്ട്. പാര്‍ലമെന്റില്‍ ബില്ലിന് അനുകൂലമായി വോട്ടുചെയ്ത പാര്‍ട്ടി, പാര്‍ട്ടിക്കുള്ളിലെ എതിരഭിപ്രായങ്ങള്‍ കാരണം ഈ നിലപാടില്‍നിന്നു പിറകോട്ടുപോയിരിക്കുകയാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ മുന്നണിയില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ സീറ്റ് ഈ വര്‍ഷം കിട്ടണമെന്ന അഭിപ്രായവും പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."