മൂന്ന് ജില്ലകളില്‍ പിരിച്ചുവിട്ടവര്‍ക്ക് പകരം നിയമനം നടത്തിയില്ല
തിരുവനന്തപുരം: താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതിന് പകരമായി പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ആര്‍ക്കും നിയമനം നല്‍കിയില്ല. ഇതിനാല്‍ ഈ മൂന്നു ജില്ലകളിലെ പ്രതിസന്ധി മറികടക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
പുതിയതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ എവിടെയും ജോലി ചെയ്യാന്‍ തയാറായിരിക്കണമെന്ന സന്ദേശം നല്‍കാനാണ് തിരുവനന്തപുരത്ത് ഉള്ളവരെപ്പോലും കണ്ണൂരിലേക്കും മറ്റും നിയമിച്ചുകൊണ്ട് ശ്രമിച്ചതെന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്. വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലുള്ള ചിലര്‍ക്ക് മാത്രമാണ് അവരുടെ ജില്ലയില്‍ നിയമനം ലഭിച്ചത്.
ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ 3,861 താല്‍ക്കാലിക കണ്ടക്ടര്‍മാരെയാണ് കെ.എസ്.ആര്‍.ടി.സി പിരിച്ചുവിട്ടത്. തുടര്‍ന്ന് നടത്തിയ കൂട്ട നിയമനത്തില്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉണ്ടായിരുന്ന 1,472 പേര്‍ കണ്ടക്ടര്‍മാരായി ചേര്‍ന്നെങ്കിലും പ്രതിസന്ധിക്ക് പരിഹാരമായില്ല. ഷെഡ്യൂളുകള്‍ മുടങ്ങുന്നത് സ്ഥിരം സംഭവമായി മാറിയെങ്കിലും വരുമാനം പെരുപ്പിച്ചുകാട്ടി പ്രതിസന്ധിയില്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് മാനേജ്‌മെന്റും സി.എം.ഡിയും ശ്രമിച്ചത്.
തിരുവനന്തപുരം ജില്ലയില്‍ 1,100 കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടെങ്കിലും പകരം ഒരാളെപ്പോലും നിയമിച്ചില്ല. കൊല്ലത്തും ആലപ്പുഴയില്‍ നിന്നുമായി അഞ്ഞൂറിലധികം പേരെ പിരിച്ചുവിട്ടപ്പോഴും ആരെയും പകരം നിയമിച്ചില്ല. ഇതോടെ സര്‍വിസുകള്‍ പലതും മുടങ്ങുകയും ചെയ്തു. മുടങ്ങിയ പല സര്‍വിസുകളും ഇതുവരെ തുടങ്ങാനുമായിട്ടില്ല. പിരിച്ചുവിട്ടവര്‍ക്ക് പകരം മറ്റു ജില്ലകളില്‍ നിന്നുള്ളവരെ സ്ഥലംമാറ്റി കണ്ടക്ടര്‍മാര്‍ കുറവുള്ള ഡിപ്പോകളിലേക്ക് കൊണ്ടുവരുന്നതിന് തീരുമാനിച്ചിട്ടുണ്ട്. പി.എസ്.സി റാങ്ക് ലിസ്റ്റില്‍പ്പെട്ട 4,051 പേര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ കത്ത് അയച്ചിട്ടുണ്ട്. പി.എസ്.സിയുടെ നിയമം അനുസരിച്ച് 45 ദിവസം വരെ ഉദ്യോഗാര്‍ഥിക്ക് ജോലിയില്‍ പ്രവേശിക്കാന്‍ സമയമുണ്ട്. അതുകൊണ്ടുതന്നെ താല്‍ക്കാലിക കണ്ടക്ടര്‍മാരെ നിയമിക്കണമെങ്കില്‍ ഫെബ്രുവരി പകുതിക്ക് ശേഷമേ കഴിയൂ. അതുവരെ യാത്രക്കാരുടെ ദുരിതം തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."