പൊതുസമൂഹം തള്ളിക്കളഞ്ഞു: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ഔദ്യോഗിക സംവിധാനം പൂര്‍ണമായി ദുരുപയോഗപ്പെടുത്തി സി.പി.എം കൊട്ടിഘോഷിച്ചു കൊണ്ടുവന്ന വനിതാ മതിലിനെ പൊതുസമൂഹം തള്ളിക്കളഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ചരിത്രത്തിലുണ്ടാകാത്തവിധം സര്‍ക്കാര്‍ ജീവനക്കാരെയും മറ്റും ഭീഷണിപ്പെടുത്തിയും നിര്‍ബന്ധിച്ചും മതിലില്‍ ആളെക്കൂട്ടാന്‍ സി.പി.എം കൊണ്ടുപിടിച്ച ശ്രമമാണ് നടത്തിയത്. എന്നിട്ടും പ്രചരിപ്പിച്ചതുപോലെ ആളെക്കൂട്ടാന്‍ കഴിഞ്ഞില്ല. നഗരപ്രദേശങ്ങളില്‍ മതിലിന് വാഹനങ്ങളില്‍ ആളെ എത്തിച്ചുവെങ്കിലും ഗ്രാമങ്ങളില്‍ ആളെക്കിട്ടാതെ മതില്‍ പൊളിയുകയാണുണ്ടായത്.
മതിലില്‍ പങ്കെടുത്തില്ലെങ്കില്‍ സ്ഥലംമാറ്റുമെന്നും ശിക്ഷാ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി. പാവപ്പെട്ട കുടുംബശ്രീ പ്രവര്‍ത്തകരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ആശാവര്‍ക്കര്‍മാരെയും എല്ലാ മര്യാദകളും ലംഘിച്ചാണ് ഭീഷണിപ്പെടുത്തിയത്. സര്‍ക്കാര്‍ ഓഫിസുകള്‍ ഉച്ചതിരിഞ്ഞ് അടച്ചിടുകയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കുകയും ചെയ്തു. സര്‍ക്കാര്‍ വാഹനങ്ങളെല്ലാം മതിലിനുവേണ്ടി ഉപയോഗപ്പെടുത്തി. ഔദ്യോഗിക സംവിധാനം ഇത്രയേറെ ദുരുപയോഗപ്പെടുത്തിയ മറ്റൊരു സംഭവം കേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."