ആദ്യ കടമ്പ കടക്കാന്‍ ഇന്ത്യ
അബൂദബി: എ.എഫ്.സി കപ്പിന്റെ ഗ്രൂപ്പ് ഘട്ടം കടക്കാന്‍ മോഹിക്കുന്ന ഇന്ത്യയെ കാത്തിരിക്കുന്നത് വമ്പന്മാര്‍. എക്കാലത്തേയും മികച്ച ടീമുമായാണ് ഇന്ത്യ യു.എ.ഇയില്‍ എത്തിയിട്ടുള്ളത്. ടൂര്‍ണമെന്റിനായി ഒരുങ്ങാന്‍ 15 ദിവസം മുന്‍പ് തന്നെ ഇന്ത്യ യു.എ.ഇയില്‍ എത്തി പരിശീലനം തുടങ്ങിയിരുന്നു. ടൂര്‍ണമെന്റിന് മുന്നോടിയായി സൗഹൃദ മത്സരത്തില്‍ ഒമാനെ സമനിലയില്‍ തളച്ചത് ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.
എന്നാല്‍, ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് ബഹ്‌റൈന്‍, യു.എ.ഇ പോലുള്ള ഏഷ്യയിലെ വമ്പന്‍ ടീമുകളാണ്. ഇവരോട് പൊരുതി രണ്ടാം റൗണ്ടിലേക്ക് എത്തുകയെന്നത് ഇന്ത്യക്ക് കനത്ത വെല്ലുവിളിയാകും. ഏത് ടീമിനെയും നേരിടാന്‍ കരുത്തുള്ള സംഘത്തെയാണ് ഒരുക്കിയിട്ടുള്ളതെന്നാണ് പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്റെ പ്രതികരണം. ബഹ്‌റൈന്‍, തായ്‌ലന്റ്, യു.എ.ഇ, ആസ്‌ത്രേലിയ, ജോര്‍ദാന്‍, ഫലസ്തീന്‍, സിറിയ, ചൈന, ദക്ഷിണ കൊറിയ, കിര്‍ഗിസ്താന്‍, ഫിലിപ്പൈന്‍സ്, ഇറാന്‍, ഇറാഖ്, വിയറ്റ്‌നാം, യമന്‍, ഉത്തര കൊറിയ, ലെബനാന്‍, ഖത്തര്‍, സഊദി അറേബ്യ, ജപ്പാന്‍, ഒമാന്‍, തുര്‍ക്ക്‌മെനിസ്താന്‍, ഉസ്‌ബെകിസ്താന്‍ ടീമുകള്‍ക്ക് ഇടയില്‍നിന്ന് മികച്ച റിസല്‍റ്റ് ഉണ്ടാക്കണമെങ്കില്‍ ഇന്ത്യക്ക് കയ്‌മെയ് മറന്ന് പൊരുതേണ്ടി വരും.
നിലവില്‍ സുനില്‍ ഛേത്രി ഒഴികെ താരങ്ങളെല്ലാം ഫോമില്ലായ്മയില്‍ വലയുകയാണ്. അതുകൊണ്ടു തന്നെ ഇന്ത്യയുടെ രണ്ടാം റൗണ്ട് മോഹങ്ങള്‍ എത്രത്തോളം സഫലമാകും എന്നത് കാത്തിരുന്ന് കാണേണ്ടി വരും. അതേസമയം, കോണ്‍സ്റ്റന്റൈന് കീഴില്‍ തുടര്‍ച്ചയായ 13 ാം മത്സരത്തിലും ഇന്ത്യ തോല്‍വി അറിഞ്ഞിട്ടില്ല.
അഞ്ചിന് രാത്രി എട്ടിന് ആതിഥേയരായ യു.എ.ഇ- ബഹ്‌റൈന്‍ പോരാട്ടത്തോടെയാണ് ഏഷ്യാകപ്പിന് തുടക്കമാകുന്നത്. ആറിന് വൈകിട്ട് 5.30ന് തായ്‌ലന്റിനെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം. വൈകിട്ട് 3.00, 5.30, രാത്രി 8.00 എന്നീ സമയങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. നാല് തവണ ചാംപ്യന്മാരായ ജപ്പാന്‍ ഇത്തവണയും മികച്ച ടീമുമായാണ് കളത്തിലിറങ്ങുന്നത്. ഏറ്റവും കൂടുതല്‍ ഏഷ്യാകപ്പ് നേടിയ ടീം ജപ്പാനാണ്. സഊദി അറേബ്യയും ഇറാനും മൂന്ന് തവണ ചാംപ്യന്മാരായി. ദക്ഷിണ കൊറിയ രണ്ട് തവണയും ജേതാക്കളായി. ഇസ്‌റാഈല്‍, കുവൈത്ത്, ആസ്‌ത്രേലിയ, ഇറാഖ് ടീമുകള്‍ ഒരു തവണ ഏഷ്യാകപ്പില്‍ മുത്തമിട്ടു.
ഏഷ്യാകപ്പില്‍ ഇന്ത്യ
നാലാം തവണയാണ് ഇന്ത്യ ഏഷ്യാകപ്പിന് യോഗ്യത നേടുന്നത്. 1964ല്‍ ഇസ്‌റാഈലില്‍ നടന്ന ഏഷ്യാകപ്പിലാണ് ആദ്യമായി മത്സരിക്കുന്നത്. ഇന്ദര്‍ സിങിന്റെ നേതൃത്വത്തില്‍ കളത്തിലിറങ്ങിയ നീലപ്പട റണ്ണേഴ്‌സ്അപ്പ് ആയാണ് മടങ്ങിയത്. ഇതാണ് ഏറ്റവും വലിയ നേട്ടവും. പിന്നീട് 1984 ലും 2011 ലും ഇന്ത്യ യോഗ്യത നേടിയെങ്കിലും മികച്ച പ്രകടനം നടത്താനായില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി. ഇതിന് മധുരപ്രതികാരം വീട്ടാനാണ് സുനില്‍ ഛേത്രിയും സംഘവും യു.എ.ഇയില്‍ എത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."