സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍
ഹരിപ്പാട്: നവോത്ഥാന മൂല്യങ്ങളും മതേതരത്വവും ഉയര്‍ത്തിപ്പിടിച്ച് ഇടതു ജനാധിപത്യ മുന്നണിയുടെ അഭിമാനപ്രശ്‌നമായി ഉയര്‍ത്തിക്കാട്ടിയ വനിതാ മതില്‍ പണിയുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചതായി പരക്കെ ആക്ഷേപം. പല സര്‍ക്കാര്‍ ഓഫിസുകളിലും ഹാജര്‍ നില കുറവായിരുന്നു. സര്‍ക്കാര്‍ അനുകൂലികളും സംഘടനാ പ്രവര്‍ത്തകരുമായ ഉദ്യോഗസ്ഥര്‍ വനിതാമതിലിന്റെ സംഘാടനത്തിന് ഓടി നടന്നതിനാല്‍ സര്‍ക്കാര്‍ ഓഫിസുകളുടെ താളം തെറ്റി. കാര്‍ത്തികപ്പള്ളി സബ്ട്രഷറിയില്‍ ചരിത്രത്തിലാദ്യമായി മൂന്നിന് മുമ്പ് കൗണ്ടര്‍ ക്ലോസ് ചെയ്തു.
ചില ഓഫിസുകളില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പെങ്ങും കാണാത്ത വേഗതയായിരുന്നു. താലൂക്ക് ഓഫീസിലും മതിയായ ഉദ്യോഗസ്ഥരില്ലാതിരുന്നതിനാല്‍ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായിരുന്നു. ഗവ. ആശുപത്രിയിലെ നഴ്‌സുമാരും ക്ലീനിങ് സ്റ്റാഫും ഡ്യൂട്ടിക്കിടയിലാണ് മതിലിന്റെ ഭാഗമായതെന്നും ആരോപണമുണ്ട്. തൊഴിലുറപ്പ് തൊഴിലാളികള്‍, അങ്കണവാടി ജീവനക്കാര്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവരെയൊക്കെ ഭീഷണിപ്പെടുത്തിയാണ് വനിതാ മതിലില്‍ പങ്കെടുപ്പിച്ചിട്ടുള്ളത്. വനിതാ മതിലില്‍ പങ്കെടുത്തില്ലെങ്കില്‍ ദൂരേക്ക് സ്ഥലം മാറ്റുമെന്നും ഇംക്രിമെന്റ് തടയുമെന്നും ഭീഷണിയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."