അലക്‌സി സാഞ്ചസ് തിരിച്ചെത്തുന്നു; യുനൈറ്റഡിന് കരുത്തേറും
ലണ്ടന്‍: ഓലെക്ക് കീഴില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വീണ്ടും കരുത്താര്‍ജിക്കുന്നു. പരുക്കിന്റെ പിടിയിലായിരുന്ന ചിലിയന്‍ സ്‌ട്രൈക്കര്‍ അലക്‌സി സാഞ്ചസ് തിരിച്ചെത്തുന്നതോടെയാണ് യുനൈറ്റഡിന്റെ മുന്നേറ്റനിര കൂടുതല്‍ കരുത്താര്‍ജിക്കുന്നത്.
ഓലെ ചുമതലയേറ്റതിന് ശേഷം നടന്ന മൂന്ന് മത്സരങ്ങളില്‍ നിന്നായി യുനൈറ്റഡ് 12 ഗോളുകളാണ് അടിച്ചു കൂട്ടിയത്. ആക്രമിച്ച് കളിക്കുക എന്ന രിതീയിലേക്ക് തിരിച്ചെത്തിയതോടെ യുനൈറ്റഡ് വീണ്ടും ഗോള്‍വേട്ട തുടങ്ങി.
ഹാം സ്ട്രിങിന് പരുക്കേറ്റതിനെ തുടര്‍ന്ന് ഏറെക്കാലമായി സാഞ്ചസ് പുറത്തായിരുന്നു. അക്രമ ഫുട്‌ബോളിലേക്ക് തിരിച്ചുവന്ന യുനൈറ്റഡിലേക്ക് സാഞ്ചസ് കൂടി തിരിച്ചെത്തുന്നതോടെ ടീമിന് മൂര്‍ച്ചകൂടും. മൗറീഞ്ഞോക്ക് കീഴില്‍ സാഞ്ചസ് ഫോം കണ്ടെത്താന്‍ വിഷമിച്ചിരുന്നു. ഓലെക്ക് കീഴില്‍ പുതിയ കൂട്ടുകെട്ട് വരുന്നതോടെ ഫോം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.
മൗറീഞ്ഞോക്ക് കീഴില്‍ 30 മത്സരങ്ങള്‍ കളിച്ച സാഞ്ചസിന് നാലു ഗോളുകള്‍ മാത്രമാണ് നേടാനായത്. കുടുതല്‍ പ്രതീക്ഷകളുമായാണ് താരത്തെ ആഴ്‌സനലില്‍ നിന്ന് യുനൈറ്റഡില്‍ എത്തിച്ചത്. മാര്‍കസ് റാഷ്‌ഫോര്‍ഡ്, ആന്റണി മാര്‍ഷ്യല്‍ എന്നിവര്‍ക്കൊപ്പം മികച്ചൊരു കൂട്ടുകെട്ട് ഉണ്ടാക്കാന്‍ സാഞ്ചസിന് കഴിയുമെന്ന വിശ്വാസമുണ്ടെന്ന് ചുമതല ഏറ്റതിന് ശേഷം ഓലെ പ്രതികരിച്ചിരുന്നു. അലക്‌സി ഫെര്‍ഗൂസന് ശേഷം യുനൈറ്റഡിന്റെ ഏറ്റവും കരുത്തനായ പരിശീലകന്‍ എന്ന നിലയിലേക്കാണ് ഓലെ എത്തുന്നത്.പലപ്പോഴും ബെഞ്ചിലായിരുന്ന ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബ സ്ഥിരമായി ആദ്യ ഇലവനില്‍ തിരിച്ചെത്തിയത് യുനൈറ്റഡ് മികച്ച നേട്ടമായി. ഓലെക്ക് കീഴിലെ രണ്ട് മത്സരങ്ങളില്‍ നിന്നായി നാലു ഗോളുകളാണ് പോഗ്ബ സ്വന്തമാക്കിയത്. മൂന്ന് ഗോളുകള്‍ക്ക് വഴിയൊരുക്കാനും പോഗ്ബക്കായി.
പോഗ്ബയും ഫോമിലേക്ക് ഉയര്‍ന്നതോടെ യുനൈറ്റഡ് പഴയ പ്രതാപത്തിലേക്ക് മടങ്ങിയെത്തി.
സീസണില്‍ ആറാം സ്ഥാനത്താണെങ്കിലും ടീമിന്റെ ഫോം നിലനിര്‍ത്താനായാല്‍ ആദ്യ നാലിലെങ്കിലും യുനൈറ്റഡിന് എത്താനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."