മരട് ഫ്‌ളാറ്റ് പൊളിക്കല്‍ 200 മീറ്റര്‍ ദൂരപരിധിയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തും
കൊച്ചി: നിയന്ത്രിത സ്‌ഫോടനത്തിലൂടെ മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന്റെ ഭാഗമായി ശക്തമായ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് കൊച്ചി സിറ്റി പൊലിസ് കമ്മിഷണര്‍ വിജയ് സാഖറെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇതിന്റെ ഭാഗമായി സ്‌ഫോടനദിവസം രാവിലെ എട്ടുമുതല്‍ വൈകിട്ട് നാലുവരെ 200 മീറ്റര്‍ ദൂരപരിധിയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തും. പരിസര വാസികള്‍ക്കോ പ്രദേശത്തിനോ കേടുപാട് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താന്‍ എല്ലാ സുരക്ഷാസംവിധാനങ്ങളും ഉറപ്പാക്കും.
സ്‌ഫോടനം നടക്കുന്ന പ്രദേശത്തെ താമസക്കാരെ ഒഴിപ്പിക്കുന്നത് കമ്മിഷണറുടെ മേല്‍നോട്ടത്തിലായിരിക്കും. കെട്ടിടങ്ങള്‍ സ്‌ഫോടനത്തിലൂടെ തകരുന്നത് കാണുന്നതിനായി പ്രദേശത്ത് എത്തിച്ചേരുന്നവരെ 200 മീറ്ററിനപ്പുറം സുരക്ഷിതമായ പ്രദേശത്ത് ബാരിക്കേഡ് ഉപയോഗിച്ച് നിയന്ത്രിക്കും.
കായലിലൂടെ പ്രദേശത്തേക്ക് ആളുകളെത്താതിരിക്കാന്‍ കോസ്റ്റല്‍ പൊലിസിന്റെ സഹായവും ഉറപ്പുവരുത്തിയിട്ടുണ്ട്. കെട്ടിടങ്ങളില്‍ സ്‌ഫോടനം നടക്കുന്നതിന് പത്ത് മിനുറ്റ് മുന്‍പ് വൈറ്റില-അരൂര്‍, പേട്ട-തേവര പാതകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. സ്‌ഫോടനം നടന്നുകഴിഞ്ഞ് പത്ത് മിനിറ്റിന് ശേഷമാകും ഇതുവഴി ഗതാഗതം പുനരാരംഭിക്കുക.
സുരക്ഷാക്രമീകരണങ്ങളുടെ സുഗമമായ നടത്തിപ്പിനായി ഓരോ ഫ്‌ളാറ്റിന്റെ സമീപത്തും 500 പൊലിസുകാരെ വിന്യസിക്കും. പ്രദേശത്ത് ഡ്രോണുകള്‍ അനുവദിക്കില്ല.
ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ് എന്നീ വിഭാഗങ്ങളുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലിസ് സ്വീകരിക്കുന്ന സുരക്ഷാക്രമീകരണങ്ങളും മുന്നൊരുക്കങ്ങളും ജനങ്ങളെ അറിയിക്കുന്നതിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തില്‍ ബോധവല്‍ക്കണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."