ആരാണ് വിദ്യാര്‍ത്ഥികളുടെ ശബ്ദത്തെ ഭയക്കുന്നത്, ഭീരുക്കളെ പോലെ മുഖംമൂടി വന്നവര്‍ക്ക് അധികാരത്തിന്റെ പിന്തുണ ഉണ്ടായിരുന്നെന്നും ഉവൈസി
ന്യൂഡല്‍ഹി: ജെ.എന്‍.യു സര്‍വ്വകലാശാലയില്‍ ഇന്നലെ രാത്രി വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. ആരാണ് വിദ്യാര്‍ത്ഥികളുടെ ശബ്ദത്തെ ഭയക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. സംഭവത്തില്‍ അക്രമികള്‍ക്ക് എല്ലാ പിന്തുണയും അധികാരികള്‍ നല്കിയെന്നതില് യാതൊരു സംശയവും ഇല്ലെന്നും ഉവൈസി ചൂണ്ടിക്കാട്ടി.
അക്രമികള്‍ക്ക് സുരക്ഷിതമായി വഴിയൊരുക്കികൊടുക്കുന്ന പൊലിസിന്റെ ഒരു വീഡിയോ കണ്ടുവെന്നും അത് വളരെ ഗൗരവമായ കാര്യമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
'ഈ ആക്രമണത്തില്‍ ഞാന്‍ അപലപിക്കുന്നു. ഈ ആളുകള്‍ക്ക് അക്രമം നടത്താന്‍ അനുമതി നല്‍കിയത് അധികാരികളാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഭീരുക്കളെപോലെ മുഖം മൂടിയ ഇവര്‍ക്ക് ജെ.എന്‍.യുവില്‍ ഇരുമ്പുദണ്ഡുകളും വടികളുമായി പ്രവേശിക്കാന്‍ അനുമതി നല്‍കിയിരുന്നു. അതില്‍ ഗൗരവമേറിയ കാര്യമെന്താണെന്നു വെച്ചാല്‍ ഇവര്‍ക്ക് പൊലിസ് സുരക്ഷിതമായി വഴിയൊരുക്കി കൊടുക്കുന്ന വീഡിയോ വരെ ഉണ്ട് എന്നതാണ്.' ഉവൈസി പറഞ്ഞു.
ഇന്നലെയായിരുന്നു ഫീസ് വര്‍ധനയ്ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഒരു സംഘം കാമ്പസില്‍ അക്രമം അഴിച്ചുവിട്ടത്. ഹോസ്റ്റലില്‍ ഉള്‍പ്പെടെ സംഘം അതിക്രമിച്ചു കയറി വിദ്യാര്‍ത്ഥികളെ അക്രമിക്കുകയുണ്ടായി. ചുറ്റികയും മറ്റു മാരകായുധങ്ങളുമായെത്തിയ സംഘം അധ്യാപകരെയും മര്‍ദ്ദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."