തിരൂരങ്ങാടി ഖാസി വിവാദം: ഖാസി വ്യാജനല്ലെന്ന് കോടതി
മലപ്പുറം: തിരൂരങ്ങാടി ഖാസിയെ ചൊല്ലി കാന്തപുരം വിഭാഗത്തില്‍ ഉണ്ടായ തര്‍ക്കത്തില്‍ കോടതിയുടെ ഇടപെടല്‍. നിലവിലെ തിരൂരങ്ങാടി ഖാസി ഒ.കെ അബ്ദുല്ലകുട്ടി മഖ്ദൂമി വ്യാജനല്ലെന്നും തിരൂരങ്ങാടി ഖാസി ഹൗസ് അദ്ദേഹത്തിന്റെ പ്രവര്‍ത്തന കേന്ദ്രമാണെന്നും പരപ്പനങ്ങാടി കോടതി വിധിച്ചു. പട്ടാളത്തില്‍ ഹംസ പരപ്പനങ്ങാടി മുന്‍സിഫ് കോടതിയില്‍ സമര്‍പ്പിച്ച പരാതിയിലാണ് കോടതി വിധി വന്നത്. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് കാന്തപുരം വിഭാഗത്തിന്റെ വിവിധ മഹല്ലുകളുടെ ഖാസി ഒ.കെ അബ്ദുല്ലക്കുട്ടി മഖ്ദൂമിയുടെ തിരൂരങ്ങാടിയിലെ ഔദ്യോഗിക വസതി ഒരുവിഭാഗം ബലപ്രയോഗത്തിലൂടെ അടച്ചുപൂട്ടിയിരുന്നു. തിരൂരങ്ങാടി ഖാസിഹൗസ് നിര്‍മാണവുമായി ബന്ധപ്പെട്ടു ഖാസിയും പള്ളിക്കമ്മിറ്റി ഭാരവാഹികളടങ്ങുന്ന ഒരുവിഭാഗവും തമ്മില്‍ കാലങ്ങളായി അഭിപ്രായവിത്യാസം നിലനില്‍ക്കുകയാണ്.
ഖാസി തന്റെ ഇംഗിതത്തിന് കൂട്ടു നില്‍ക്കാത്തിനാണ് വലിയ പള്ളി സെക്രട്ടറി കുഞ്ഞിമുഹമ്മദ് ഹാജി എതിര്‍പ്പുമായി രംഗത്തെത്തുന്നതെന്നും ഖാസിക്കെതിരേ കള്ളക്കേസ് കൊടുത്തതെന്നും മറുവിഭാഗം മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. എം.എന്‍ കുഞ്ഞിമുഹമ്മദ് ഹാജിയുടെ നടപടിക്കെതിരേ മറുവിഭാഗം കര്‍മസമിതി രൂപീകരിച്ച് പലതവണ എ.പി വിഭാഗം നേതാക്കളായ ഇ. സുലൈമാന്‍ മുസ്‌ലിയാര്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും പ്രശ്‌നത്തില്‍ തീരുമാനം കാണാനായിട്ടില്ല.
കുഞ്ഞിമുഹമ്മദ് ഹാജിക്കെതിരേ പ്രവര്‍ത്തിച്ച ചെമ്മാട് ഇബ്രാഹിംകുട്ടി ഹാജിയെ ഗുണ്ടകളെ വിട്ട് ആക്രമിച്ചതായും അക്രമത്തിനെതിരേ പൊലിസില്‍ പരാതിപ്പെട്ടെങ്കിലും തന്റെ സ്വാധീനം ഉപയോഗിച്ച് കുഞ്ഞിമുഹമ്മദ് ഹാജി രക്ഷപ്പെടുകയാണെന്നും അവര്‍ ആരോപിച്ചു.
ഖാസിക്കെതിരേ വിവിധ ആരോപണങ്ങള്‍ ഉന്നയിച്ച് കുഞ്ഞിമുഹമ്മദ് ഹാജിയും സംഘവും ക്രിമിനല്‍ കേസ് കൊടുത്തെങ്കിലും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതായും അവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഖാസി അബ്ദുല്ലകുട്ടി മഖ്ദൂമി, പൂക്കുഞ്ഞി ജിഫ്‌രി തങ്ങള്‍, സെയ്ദുമോന്‍ ജമലുല്ലൈലി തങ്ങള്‍, മജീദ് ഹാജി കല്ലുപറമ്പന്‍, ഇബ്രാഹിം കുട്ടി ഹാജി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."