15-12-2019, 05-01-2020; രാജ്യത്തെ പ്രമുഖ ക്യാംപസുകളില്‍ രക്തക്കറ പുരണ്ട രണ്ടു ഞായര്‍ രാത്രികള്‍
ന്യൂഡല്‍ഹി: 2019 ഡിസംബര്‍ 15ഉം 2020 ജനുവരി അഞ്ചും. ഇന്ത്യയുടെ ചരിത്രത്തില്‍ രണ്ടു കറുത്ത പുള്ളികളായി ഈ ദിനങ്ങള്‍ രേഖപ്പെടുത്തപ്പെടും. രാജ്യത്തെ പ്രമുഖമായ മൂന്ന് സര്‍വ്വകലാശാലകളില്‍ വിദ്യാര്‍ഥികളുടെ രക്തക്കറ പുരണ്ട ദിനങ്ങളാണിത്. രണ്ടും ഞായറാഴ്ച. ഇരുട്ടിന്റെ മറവിലാണ് രണ്ടിടത്തും 'ഭീകരര്‍' അഴിഞ്ഞാടിയത്.
ഡല്‍ഹി അല്‍ജാമിഅ , അലിഗഡ്, ജെ.എന്‍.യു എന്നീ ക്യാംപസുകളില്‍. ജാമിഅയിലും അലിഗഡിലും പൊലിസിന്റെ അഴിഞ്ഞാട്ടമായിരുന്നെങ്കില്‍ ജെ.എന്‍.യുവില്‍ അത് മുഖംമൂടികളിട്ട സംഘികളുടേതായിരുന്നു എന്ന വ്യത്യാസം മാത്രം. എല്ലായിടത്തും വിദ്യാര്‍ഥികളെ തല്ലിച്ചതച്ചു. ജാമിഅയിലും അലിഗഡിലും സമാധാനപരമായി സി.എ.എ പ്രക്ഷോഭം നടത്തിയവര്‍ക്കു നേരെയായിരുന്നു അതിക്രമം. ലൈബ്രറികളില്‍ പഠിച്ചു കൊണ്ടിരുന്ന കുട്ടികളെ പോലും വെറുതെ വിട്ടില്ല. ഹോസ്റ്റലുകളില്‍ നിരങ്ങി. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ തല്ലിച്ചച്ചു.എല്ലാം തച്ചുതകര്‍ത്തു. നിരവധി കുട്ടികള്‍ക്ക് പരുക്കേറ്റു.
ഈ പ്രക്ഷോഭം പക്ഷേ രാജ്യമാകെ ഏറ്റെടുത്തു. ഡിസംബര്‍ 15ന് രാത്രി രാജ്യത്തെ മുഴുവന്‍ തെരുവുകളിലും പ്രതിഷേധത്തീയാളി. പിന്നീടങ്ങോട്ട് ഇന്നുവരെ രാജ്യം നിലക്കാത്ത പ്രക്ഷോഭങ്ങളിലാണ്.
ജെ.എന്‍.യുവില്‍ ഫീസ് വര്‍ധനയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് ഒരു സംഘം കാമ്പസില്‍ അക്രമം അഴിച്ചുവിട്ടത്. ഹോസ്റ്റലില്‍ ഉള്‍പ്പെടെ സംഘം അതിക്രമിച്ചു കയറി വിദ്യാര്‍ത്ഥികളെ അക്രമിക്കുകയുണ്ടായി. ചുറ്റികയും മറ്റു മാരകായുധങ്ങളുമായെത്തിയ സംഘം അധ്യാപകരെയും മര്‍ദ്ദിച്ചിരുന്നു. മുഖം മൂടി ധരിച്ചാണ് സംഘം എത്തിയത്. അങ്ങിനെ വീണ്ടും ഒരു ഞായറാഴ്ച കൂടി രാജ്യത്തെ തെരുവുകളില്‍ പ്രതിഷേധത്തീ ഉയര്‍ന്നു.
ഡിസംബര്‍ 15ലെ പൊലിസ് നരനായാട്ടിനും അക്രമങ്ങള്‍ക്കും ശേഷം അടച്ചിട്ട ക്യാംപസുകളും ഇന്ന് വീണ്ടും തുറക്കുകയാണ്. ഇനിയുള്ള രാവുകള്‍ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളുടെ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നത് രാജ്യത്തിന് കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."