HOME
DETAILS
MAL
നഗരസഭയും സബ്കലക്ടറും തമ്മില്‍ തര്‍ക്കം
backup
January 07 2020 | 02:01 AM
സ്വന്തം ലേഖിക
കൊച്ചി: തീരപരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച മരടിലെ ആല്‍ഫാ സെറീന്‍ ഫ്‌ളാറ്റ് സമുച്ചയം പൊളിച്ചുനീക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പൊളിക്കല്‍ ചുമതലയുള്ള സബ്കലക്ടറും മരട് നരസഭയും തമ്മില്‍ തര്‍ക്കം. ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്ന നടപടികള്‍ ഏകപക്ഷീയമാണെന്ന് നേരത്തേ തന്നെ പരാതി ഉയര്‍ന്നിരുന്നു. ജനസാന്ദ്രത കൂടിയ മേഖലയിലെ ആല്‍ഫാ സെറീന്‍ ഫ്‌ളാറ്റ് 11ന് രാവിലെ 11.05ന് പൊളിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് പരിസരവാസികള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്നതിനെച്ചൊല്ലിയാണ് പുതിയ തര്‍ക്കം. സ്‌ഫോടന സമയത്ത് പ്രദേശത്തുനിന്ന് മാറ്റിപ്പാര്‍പ്പിക്കുന്ന ജനങ്ങള്‍ക്ക് നല്‍കേണ്ട ബോധവല്‍ക്കരണത്തെക്കുറിച്ച് ജനപ്രതിനിധികള്‍ക്ക് വ്യക്തത നല്‍കാന്‍ സബ് കലക്ടര്‍ ഇതുവരെ തയാറായിട്ടില്ലെന്ന് നഗരസഭാ അധ്യക്ഷ ടി.എച്ച് നദീറ പറഞ്ഞു.
അതേസമയം, നഗരസഭയുടെ പേരില്‍ സ്‌ഫോടനം നടക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് വ്യക്തമാക്കുന്ന നോട്ടിസ് വീടുകളില്‍ വിതരണം ചെയ്തിരുന്നു. എന്നാല്‍, ഈ നോട്ടിസ് തന്റെ അറിവോടെയല്ല നല്‍കിയതെന്ന് നഗരസഭാ അധ്യക്ഷ പറഞ്ഞു. പരിസരവാസികളും സബ്കലക്ടറുടെ നടപടിയില്‍ നിരാശരാണ്. തങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ആരും തയാറാകുന്നില്ലെന്നും എല്ലാവരെയും വിളിച്ചുകൂട്ടി ബോധവല്‍ക്കരണം നടത്താതെ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് നോട്ടിസ് നല്‍കി പോകുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നതെന്നും പരിസരവാസികള്‍ പറഞ്ഞു.
മുന്‍കൂട്ടി തിയതി നിശ്ചയിക്കാതെ ഉദ്യോഗസ്ഥര്‍ വീടുകള്‍ കയറിയിറങ്ങുന്നതില്‍ അര്‍ഥമില്ലെന്നാണ് ഇവരുടെ വാദം. പകല്‍സമയങ്ങളില്‍ ഭൂരിഭാഗം ആളുകളും ജോലിക്ക് പോകുന്നവരാണ്. അതിനാല്‍ തിയതി മുന്‍കൂട്ടി നിശ്ചയിച്ച് എല്ലാവരെയും ഒരുമിച്ചുചേര്‍ത്തായിരുന്നു ഇവ നടത്തേണ്ടിയിരുന്നതെന്ന് പരിസരവാസികള്‍ പറഞ്ഞു. അതേസമയം, ഇന്നലെയും പരിസരവാസികളില്‍ ചിലര്‍ വീടുവിട്ടുപോയി. എസ്.എച്ച് കോളജ്, ഫിഷറീസ് കോളജ് എന്നിവിടങ്ങളില്‍ അധികൃതര്‍ താമസസൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും മിക്കവരും ബന്ധുവീടുകളിലേക്കാണ് താമസം മാറിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."