HOME
DETAILS

പൗരത്വ നിയമ ഭേദഗതി, 10 ചോദ്യങ്ങളും ഉത്തരങ്ങളും

  
backup
January 07 2020 | 15:01 PM

51584111312115465487452641213154612616-2

1 എന്താണ് പൗരത്വ നിയമ ഭേദഗതി?
2014 ഡിസംബര്‍ 31ന് മുമ്പ് പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് അഭയാര്‍ഥികളായെത്തിയ ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി മതക്കാര്‍ക്ക് മാത്രം ഇന്ത്യയില്‍ പൗരത്വം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതാണ് നിയമഭേദഗതി. അഞ്ചു കൊല്ലം ഇന്ത്യയില്‍ താമസിച്ചാല്‍ ഈ വിഭാഗക്കാര്‍ക്ക് പൗരത്വം ലഭ്യമാവും. എന്നാല്‍, ഇതില്‍ നിന്ന് മുസ്‌ലിംകളെ മാത്രം ഒഴിവാക്കി. ഈ രാജ്യങ്ങളില്‍ നിന്നെത്തിയ അഭയാര്‍ഥികള്‍ മുസ്‌ലിംകളാണെങ്കില്‍ പൗരത്വം ലഭിക്കില്ല. 2016ലാണ് ഈ ഭേദഗതി ആദ്യം കൊണ്ടുവന്നത്. എന്നാല്‍ അന്ന് ബി.ജെ.പിക്ക് രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ പാസാക്കിയെടുക്കാന്‍ കഴിഞ്ഞില്ല. ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് ഇത്തവണ അത് കൊണ്ടുവന്നത്. രാജ്യസഭയില്‍ ഭൂരിപക്ഷമുണ്ടായിരുന്നില്ലെങ്കിലും ചെറുകക്ഷികളെ സ്വാധീനിച്ച് പാസാക്കിയെടുത്തു.

2 ഈ നിയമം മുസ്‌ലിംകള്‍ക്ക് എതിരാണോ?
മുസ്‌ലിംകള്‍ക്ക് എതിരാണെന്ന് മാത്രമല്ല രാജ്യത്തെ ഭരണഘടനയ്ക്കും എതിരാണ്. ഉദാഹരണത്തിന് മൂന്നു പേര്‍, മൂന്നു മതവിഭാഗത്തില്‍പ്പെട്ടയാളുകള്‍ ഇന്ത്യയിലേക്ക് അഭയാര്‍ഥിയായെത്തിയെന്ന് കരുതുക. അവര്‍ ഇവിടെ താമസിച്ചു. കുടുംബവും മക്കളുമെല്ലാമായി. ഇവര്‍ക്കെല്ലാം രാജ്യത്ത് പൗരത്വം ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ ഇത്രയും കാലം ഒന്നായിരുന്നു. എന്നാല്‍ പുതിയ നിയമഭേദഗതി വന്നതോടെ കൂട്ടത്തിലെ മുസ്‌ലിം കുടുംബത്തിന് മാത്രം പൗരത്വം ലഭിക്കില്ല. ബാക്കി മതവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പൗരത്വം ലഭിക്കുകയും ചെയ്യും. അസമില്‍ പൗരത്വപ്പട്ടിക തയാറാക്കിയപ്പോള്‍ 19 ലക്ഷം പേര്‍ പട്ടികയില്‍ നിന്ന് പുറത്തായി. അതായത് അവര്‍ പൗരന്‍മാരല്ലെന്ന് കണ്ടെത്തി. അതില്‍ 12 ലക്ഷം പേര്‍ ഹിന്ദുക്കളായിരുന്നു. ആറുലക്ഷത്തില്‍ താഴെ മുസ്‌ലിംകളും ബാക്കി ഗൂര്‍ഖകള്‍ ഉള്‍പ്പെടെ മറ്റു വിഭാഗങ്ങളുമാണ്. ഈ നിയമം വന്നതോടെ ഈ 12 ലക്ഷം ഹിന്ദുക്കള്‍ക്കും ഗൂര്‍ഖകള്‍ക്കും പൗരത്വം കിട്ടും. ആറുലക്ഷം മുസ്‌ലിംകള്‍ മാത്രം തടങ്കല്‍പ്പാളയത്തിലടക്കപ്പെടുകയും ചെയ്യും.

3 അപ്പോള്‍ ഇത് അസമിലുള്ളവരെയും അഭയാര്‍ഥികളായി ഈ രാജ്യത്ത് എത്തിയവരെയും മാത്രമല്ലേ ബാധിക്കുക?
അല്ല. രാജ്യത്ത് ഇപ്പോള്‍ പൗരന്‍മാരായ എല്ലാ മുസ്‌ലിംകളെയും ബാധിക്കും. അസം പൗരത്വപ്പട്ടികയില്‍ നിന്ന് ആളുകള്‍ പുറത്തായത് അവര്‍ രാജ്യത്തെ പൗരന്‍മാരല്ലാത്തത് കൊണ്ടല്ല. 1971 മാര്‍ച്ച് 24 അര്‍ധരാത്രിക്കു മുമ്പ് ഇന്ത്യയിലേക്ക് കുടിയേറിയവരാണെന്ന് തെളിയിക്കാനുള്ള രേഖകള്‍ ഇവരുടെ പക്കലില്ലാതിരുന്നത് കൊണ്ടാണ്. പ്രളയം, വെള്ളപ്പൊക്കം തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് പലരുടെയും രേഖകള്‍ നശിച്ചു പോയിരുന്നു. ചെറുപ്പത്തില്‍ വിവാഹിതരായി ഭര്‍തൃവീട്ടിലേക്ക് പോയ സ്ത്രീകള്‍ക്ക് മരിച്ചു പോയ അവരുടെ മാതാപിതാക്കളുമായി ബന്ധിപ്പിക്കാന്‍ പറ്റുന്ന രേഖയില്ലാതിരുന്നതാണ് മറ്റൊരു കാരണം. രേഖകളിലുണ്ടാവുന്ന അക്ഷരത്തെറ്റാണ് മൂന്നാമത്തെ കാരണം. പിതാവിന്റെ പേരിലോ കുടുംബപ്പേരിലോ അക്ഷരത്തെറ്റുണ്ടായതു കൊണ്ട് പുറത്തായവര്‍ നിരവധിയാണ്. അസമില്‍ മാതാപിതാക്കള്‍ പൗരത്വപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും കൊച്ചു കുട്ടികള്‍ പുറത്തായ നിരവധി സംഭവങ്ങളുണ്ട്. മാത്രമല്ല, ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍ പട്ടികയില്‍ നിന്ന് പുറത്താക്കാനും സാധിക്കും. രാജ്യം മൊത്തം പൗരത്വപ്പട്ടിക കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതില്‍ നിന്ന് ഈ രീതിയില്‍ പുറത്താകുന്ന മുസ്‌ലിംകളല്ലാത്തവര്‍ക്കെല്ലാം പൗരത്വം പൗരത്വഭേദഗതി നിയമപ്രകാരം ലഭിക്കും.

4 എങ്ങനെയാണിത് ഭരണഘടനക്ക് എതിരാവുന്നത്?
ഭരണഘടനയുടെ 14ാം വകുപ്പ് രാജ്യത്ത് ജീവിക്കുന്നവരെ മതത്തിന്റെയും ജാതിയുടെയോ മറ്റേതെങ്കിലും കാരണത്താലോ വിവേചനം കാട്ടരുതെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. മൗലികാവകാശങ്ങളുടെ ഹൃദയവും ആത്മാവുമെന്നാണ് 14ാം അനുച്ഛേദത്തെ വിശേഷിപ്പിക്കുന്നത്. എല്ലാവര്‍ക്കും തുല്യത എന്നതാണ് ഈ വകുപ്പ് ഉറപ്പാക്കുന്നത്. മറ്റു വകുപ്പുകള്‍ രാജ്യത്തെ പൗരന്‍മാര്‍ക്ക് മാത്രമുള്ളതാണെങ്കില്‍ 14ാം വകുപ്പ് രാജ്യത്ത് ജീവിക്കുന്ന എല്ലാവര്‍ക്കും ഉള്ളതാണ്. അതായത്; രാജ്യത്തെ പൗരന്‍മാര്‍ക്കുള്ള അവകാശം ഇവിടെ താമസിക്കുന്ന അഭയാര്‍ഥികള്‍, കുടിയേറ്റക്കാര്‍, മറ്റു രാജ്യങ്ങളില്‍ നിന്ന് വിസിറ്റ് വിസയില്‍ വന്നവര്‍, തൊഴില്‍ വിസയില്‍ വന്ന് ജോലി ചെയ്യുന്നവര്‍, യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാന്‍ വന്നവര്‍ തുടങ്ങി എല്ലാവര്‍ക്കും പൗരന്‍മാര്‍ക്കുള്ളതുപോലുള്ള തുല്യത ഉറപ്പാക്കുന്നതാണ് നിയമം. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിഷേധിക്കുന്നത് ഈ വകുപ്പിന്റെ ലംഘനമാണ്.

5 മുസ്‌ലിം അയല്‍രാജ്യങ്ങളില്‍ നിന്ന് മതപീഡനം മൂലം ഓടിപ്പോന്നവര്‍ക്ക് പൗരത്വം നല്‍കുന്നതില്‍ തെറ്റുണ്ടെന്ന് പറയാന്‍ പറ്റുമോ?
തീര്‍ച്ചയായും പറയാന്‍ പറ്റില്ല. എന്നാല്‍ മതപീഡനം മൂലം മാത്രമല്ല രാഷ്ട്രീയം ഉള്‍പ്പടെ എല്ലാ തരത്തിലുള്ള പീഡനം മൂലം ഓടിപ്പോരുന്നവര്‍ക്കും പൗരത്വം നല്‍കുന്നതല്ലേ ശരിയായ രീതി. മതപീഡനം മൂലം ഓടിപ്പോരുന്നത് മുസ്‌ലിംകള്‍ അല്ലാത്തവര്‍ മാത്രമല്ലല്ലോ. മുസ്‌ലിംകളും മതപീഡനം മൂലം ഇന്ത്യയിലേക്ക് ഓടിപ്പോന്നിട്ടുണ്ട്. ഇന്ത്യയില്‍ ജീവിക്കുന്ന റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ മുസ്‌ലിംകളാണ്. മ്യാന്‍മറില്‍ നിന്ന് ബുദ്ധമതക്കാരുടെ വംശഹത്യയില്‍ നിന്ന് ജീവന്‍ രക്ഷിക്കാന്‍ ഓടിപ്പോന്നവരാണിവര്‍. മുസ്‌ലിംകളെ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയതിനാല്‍ അവര്‍ക്ക് പൗരത്വം കിട്ടില്ല. അവരെ പുറത്താക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എല്‍.ടി.ടി.ഇ പീഡനം, യുദ്ധം തുടങ്ങിയ കാരണത്താല്‍ ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയില്‍ കുടിയേറിയ ലക്ഷക്കണക്കിന് അഭയാര്‍ഥികളുണ്ട്. അവരില്‍ മുസ്‌ലിംകളും ഹിന്ദുക്കളും ക്രിസ്ത്യാനികളും ഉണ്ട്. അവരെ ഒഴിവാക്കാന്‍ ശ്രീലങ്കയെ പൂര്‍ണമായും നിയമത്തില്‍ നിന്ന് ഒഴിവാക്കി. അയല്‍രാജ്യമായ ഭൂട്ടാനില്‍ ക്രിസ്ത്യാനികളും മുസ്‌ലിംകളും ന്യൂനപക്ഷമാണ്. അതിനാല്‍ ഭൂട്ടാനെ തന്നെ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി. ഇതെല്ലാം വിവേചനമല്ലേ?

6 മതപീഡനം മൂലം പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ 23 ശതമാനത്തില്‍ നിന്ന് 3.7 ശതമാനമായി കുറഞ്ഞുവെന്ന ബി.ജെ.പിയുടെയും അമിത്ഷായുടെയും വാദത്തില്‍ വസ്തുതയുണ്ടോ?
നുണയാണ്. 1947ല്‍ പാകിസ്താനില്‍ മുസ്‌ലിംകള്‍ അല്ലാത്തവര്‍ 23 ശതമാനമുണ്ടായിരുന്നത് 2011ല്‍ 3.7 ശതമാനമായി ചുരുങ്ങിയെന്നും ബംഗ്ലാദേശില്‍ 1947ല്‍ മുസ്‌ലിംകളല്ലാത്തവര്‍ 22 ശതമാനമുണ്ടായിരുന്നത് 2011ല്‍ 7.8 ശതമാനമായി ചുരുങ്ങിയെന്നതുമായിരുന്നു അമിത്ഷായുടെ വാദം. 1947ല്‍ പാകിസ്താനും ബംഗ്ലാദേശും ഒറ്റരാജ്യമായിരുന്നു. ഈസ്റ്റ് പാകിസ്താന്‍ എന്നായിരുന്നു ബംഗ്ലാദേശ് അറിയപ്പെട്ടത്. ഇന്നത്തെ പാകിസ്താന്‍ വെസ്റ്റ് പാകിസ്താനെന്നും. 1971ലാണ് ബംഗ്ലാദേശ് ഉണ്ടാകുന്നത്. 1947ല്‍ പാകിസ്താന്‍ ഉണ്ടായ ശേഷം ആദ്യമായി ജനസംഖ്യാ കണക്കെടുപ്പ് നടക്കുന്നത് 1951ലാണ്. അന്ന് മുസ്‌ലിംകള്‍ അല്ലാത്തവര്‍ ഉണ്ടായിരുന്നത് 14.20 ശതമാനമാണ്. അതായത് ഇന്നത്തെ ബംഗ്ലാദേശും പാകിസ്താനും എല്ലാം ചേര്‍ന്നുള്ള കണക്കാണിത്.
വെസ്റ്റ് പാകിസ്താനിലെ മുസ്‌ലിംകളല്ലാത്തവരുടെ ജനസംഖ്യ 3.44 ശതമാനമായിരുന്നു. ഈസ്റ്റ് പാകിസ്താനില്‍ അത് 23.20 ശതമാനവും. 1961ല്‍ സെന്‍സസ് നടത്തിയപ്പോള്‍ വെസ്റ്റ് പാകിസ്താനിലെ മുസ്‌ലിംകളല്ലാത്തവരുടെ ജനസംഖ്യ 2.83 ശതമാനമായി ചുരുങ്ങി. എന്നാല്‍, ബംഗ്ലാദേശ് വിഭജിക്കപ്പെട്ട ശേഷം 1972ല്‍ പാകിസ്താനില്‍ നടത്തിയ ജനസംഖ്യാ കണക്കെടുപ്പില്‍ 3.25 ശതമാനമായി മുസ്‌ലിംകളല്ലാത്തവരുടെ ജനസംഖ്യ ഉയര്‍ന്നു. 1981ലെ കണക്കെടുപ്പിലും ഇത് മാറ്റമില്ലാതെ തുടര്‍ന്നു. 1981ലെ കണക്കെടുപ്പില്‍ ഇത് 3.30 ശതമാനമായി വീണ്ടും കൂടി. പിന്നീട് കണക്കെടുപ്പ് നടന്നത് 1998ലാണ്. അന്നത് 3.70 ശതമാനമായി വീണ്ടും കൂടി. 2017ല്‍ വീണ്ടും സെന്‍സസ് നടത്തിയെങ്കിലും അതിന്റെ ഫലം പുറത്തുവിട്ടിട്ടില്ല.
1951ല്‍ 23.20 ശതമാനമുണ്ടായിരുന്ന ഇന്നത്തെ ബംഗ്ലാദേശില്‍ എന്ത് സംഭവിച്ചുവെന്ന് നോക്കുക. 1961ലെ കണക്കെടുപ്പില്‍ 19.57 ശതമാനമായി അമുസ്‌ലിം ജനസംഖ്യ കുറഞ്ഞിട്ടുണ്ട്. 2011ലെ കണക്കെടുപ്പില്‍ 9.40 ശതമാനമായി കുറഞ്ഞു. എന്നാല്‍ ബി.ജെ.പി അവകാശപ്പെടും പോലെ 7.8 ശതമാനമായി ചുരുങ്ങിയിട്ടില്ല. മതപീഡനം മൂലം ഇവര്‍ ആരും ഓടിപ്പോകുകയുമുണ്ടായിട്ടില്ല. സ്വാഭാവികമായ ജനസംഖ്യാ കുറവാണുണ്ടായത്. ഇന്ത്യയിലുള്ള അയല്‍ രാജ്യങ്ങളിലെ അഭയാര്‍ഥികള്‍ മതപീഡനം മൂലം ഇന്ത്യയില്‍ വന്നവരല്ല. രാഷ്ട്രീയ കാരണങ്ങളാല്‍ വന്നവരാണ്. ടിബറ്റിലെ ചൈനീസ് അധിനിവേശം മൂലം വന്നവരാണ് അതിലൊരു വലിയ വിഭാഗം. ദലൈലാമയുടെ നേതൃത്വത്തില്‍ അവര്‍ക്കിവിടെ പ്രവാസി സര്‍ക്കാര്‍ വരെയുണ്ട്. അതുകൊണ്ട് തന്നെ മതപീഡനമെന്ന വാദത്തില്‍ കഴമ്പില്ല.

7 പൗരത്വപ്പട്ടികയും ജനസംഖ്യാ രജിസ്റ്ററും തമ്മില്‍ ബന്ധമില്ലെന്ന വാദം ശരിയാണോ?
ശരിയല്ല. രണ്ടും തമ്മില്‍ ബന്ധമുണ്ട്. പൗരത്വപ്പട്ടിക നടപ്പാക്കണമെങ്കില്‍ ജനസംഖ്യ സംബന്ധിച്ച അടിസ്ഥാന രേഖ വേണം. അതിനാണ് ജനസംഖ്യാ രജിസ്റ്റര്‍ തയാറാക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ 2018-19ലെയും 2017-18ലെയും പ്രവര്‍ത്തന റിപോര്‍ട്ടുകളില്‍ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. 2017-18 പ്രവര്‍ത്തന റിപോര്‍ട്ടിലെ 268ാം പേജില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്ന തലക്കെട്ടിനു താഴെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ 1955ലെ പൗരത്വ നിയമത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കുന്ന പൗരത്വപ്പട്ടികയിലേക്കുള്ള ആദ്യ ചുവടാണെന്ന് വ്യക്തമായി പറയുന്നു.
2018-19ലെ പ്രവര്‍ത്തന റിപോര്‍ട്ടിന്റെ 273ാം പേജിലും ഇതേ തലക്കെട്ടിനു താഴെ ഇതേ കാര്യം ആവര്‍ത്തിക്കുന്നുണ്ട്. 2010ല്‍ യു.പി.എ സര്‍ക്കാര്‍ ജനസംഖ്യാ രജിസ്റ്റര്‍ തയാറാക്കിയിരുന്നു. എന്നാല്‍ അതില്‍ പൗരത്വപ്പട്ടിക നടപ്പാക്കുകയാണ് ഉദ്ദേശലക്ഷ്യമെന്ന് യു.പി.എ പ്രഖ്യാപിച്ചിരുന്നില്ല. രാജ്യത്തെ താമസക്കാരുടെ കണക്കെടുക്കുകയെന്നാക്കിയാണ് യു.പി.എ സര്‍ക്കാര്‍ ജനസംഖ്യാ രജിസ്റ്റര്‍ തയാറാക്കിയത്. ഇത് വീണ്ടും തിരുത്തിയാണ് മോദി സര്‍ക്കാര്‍ ജനസംഖ്യാ രജിസ്റ്റര്‍ തയാറാക്കിയിരിക്കുന്നത്. 2003ലെ വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരാണ് ജനസംഖ്യാ രജിസ്റ്ററിനുള്ള ചട്ടങ്ങള്‍ക്ക് രൂപം നല്‍കിയത്. സംശയകരമായ വോട്ടറെ കണ്ടെത്തുന്നതിനും അക്കാര്യം അധികൃതരെ അറിയിക്കുന്നതിനും ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കുന്ന ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും പൗരത്വപ്പട്ടിക നടപ്പാക്കുന്നതിനുള്ള അടിസ്ഥാന രേഖ ദേശീയ ജനസംഖ്യാ രജിസ്റ്ററായിരിക്കുമെന്നും ഈ ചട്ടത്തില്‍ വ്യക്തമായി പറയുന്നുണ്ട്. ഇക്കാര്യം മോദി സര്‍ക്കാര്‍ രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായി 10 തവണയെങ്കിലും വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. മറിച്ചുള്ള വാദം കള്ളമാണ്.

8 പൗരത്വപ്പട്ടികയും പൗരത്വഭേദഗതിയും ഒന്നാണോ?
പ്രത്യക്ഷത്തില്‍ രണ്ടു നിയമമാണ്. എന്നാല്‍ പൗരത്വപ്പട്ടിക കൂടി വരുന്നതോടെ പൗരത്വനിയമഭേദഗതി കൂടുതല്‍ അപകടം പിടിച്ചതാവും. പൗരത്വപ്പട്ടികയില്‍ നിന്ന് ഒഴിവാകുന്ന മുസ്‌ലിംകളല്ലാത്തവര്‍ക്ക് അതുവഴി പൗരത്വം കൊടുക്കാം. മുസ്‌ലിംകളെ ഒഴിവാക്കാം. 2016ല്‍ ഈ ബില്‍ മോദി സര്‍ക്കാര്‍ ആദ്യം കൊണ്ടുവരുമ്പോള്‍ ഇല്ലാത്തൊരു വകുപ്പ്, അനുച്ഛേദം മൂന്ന് അമിത്ഷാ ബില്‍ കൊണ്ടുവന്നപ്പോള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൗരത്വവുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായിരുന്ന നടപടിക്രമങ്ങളെല്ലാം അപ്രസക്തമാണെന്നാണ് ഈ വകുപ്പ് പറയുന്നത്. 2016ല്‍ ബില്‍ കൊണ്ടുവരുമ്പോള്‍ അസം പൗരത്വപ്പട്ടിക പ്രസിദ്ധീകരിച്ചിരുന്നില്ല. ഇത്രയധികം ഹിന്ദുക്കള്‍ പട്ടികയില്‍ നിന്ന് പുറത്താകുമെന്നും കരുതിയിരുന്നില്ല. അങ്ങനെ സംഭവിച്ചപ്പോഴാണ് മുസ്‌ലിംകളെ മാത്രം ഒഴിവാക്കാന്‍ സഹായിക്കുന്ന ഈ വകുപ്പ് ഇപ്പോള്‍ നിയമമായ ബില്ലില്‍ ഉള്‍പ്പെടുത്തിയത്. അതായത് മുസ്‌ലിംകള്‍ അല്ലാത്തവര്‍ പൗരത്വപ്പട്ടികയില്‍ നിന്ന് പുറത്തായാലും പൗരത്വത്തിന് പ്രശ്‌നമില്ലെന്നു വ്യക്തം.

9 പൗരത്വപ്പട്ടിക കൊണ്ടും പൗരത്വ നിയമഭേദഗതി കൊണ്ടും രാജ്യത്തെ മുസ്‌ലിംകള്‍ക്ക് മാത്രമാണോ പ്രയാസം ഉണ്ടാകുക?
തീര്‍ച്ചയായും അല്ല. എല്ലാവര്‍ക്കും പ്രയാസമുണ്ടാകും. രേഖകള്‍ തയാറാക്കാനും മറ്റുമായി എല്ലാ വിഭാഗക്കാരും സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുന്നില്‍ വരിനില്‍ക്കേണ്ടി വരും. വിചാരണക്കായി രേഖകളുമായി ബന്ധപ്പെട്ടവരുടെ മുന്നില്‍ ഹാജരാകേണ്ടി വരും. നമ്മുടെ പൗരത്വം സംബന്ധിച്ച് ആരെങ്കിലും എതിര്‍പ്പുന്നയിച്ചാല്‍ വസ്തുത തെളിയിക്കാന്‍ പിന്നെയും കയറിയിറങ്ങേണ്ടി വരും. കരട് പട്ടികയില്‍ നിന്ന് പുറത്താകുന്നവര്‍ അടുത്ത പട്ടികയില്‍ ഉള്‍പ്പെടാന്‍ പിന്നെയും ഓടി നടക്കേണ്ടി വരും. ഇതില്‍ എല്ലാ മതക്കാരുമുണ്ടാകും. രാജ്യത്തെ 130 കോടി ജനങ്ങള്‍ സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുന്നില്‍ വരി നില്‍ക്കുന്ന കാര്യമൊന്ന് സങ്കല്‍പ്പിച്ചു നോക്കൂ. രേഖകള്‍ കയ്യിലില്ലാത്ത മുസ്‌ലിമല്ലാത്ത ഒരാള്‍ക്ക് താന്‍ ഇത്രയും കാലം ഇവിടെ ജീവിച്ചവനാണെന്ന സ്വത്വം അവഗണിച്ച് ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയവനാണ്. പാകിസ്താനില്‍ നിന്ന് കുടിയേറിയവനാണ് എന്നെല്ലാം പറഞ്ഞ് പൗരത്വം നേടാന്‍ ആത്മാഭിമാനം സമ്മതിക്കുമോ. അതുകൊണ്ടാണ് ഇതിനെയെല്ലാം മനുഷ്യവിരുദ്ധ നിയമമാണെന്ന് പറയുന്നത്.

10 ഇതിനെല്ലാമെതിരേ നമുക്കെന്താണ് ചെയ്യാന്‍ കഴിയുക?
ഒറ്റക്കെട്ടായി നിന്നു സമരം ചെയ്യുക മാത്രമാണ് പോംവഴി. ഇന്ത്യന്‍ പൗരനായ ഓരോ മനുഷ്യനും എല്ലാവരെയും തുല്യരായി കാണുന്ന രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാനുള്ള ഈ സമരത്തില്‍ പങ്കാളിയാവാനുള്ള ബാധ്യതയുണ്ട്. അധികാരികളുടെ കണ്ണ് തുറക്കും എല്ലാവിധത്തിലുമുള്ള പക്ഷപാതിത്വങ്ങളും അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവച്ച് നമ്മള്‍ വിട്ടുവീഴ്ചയില്ലാത്ത സമരത്തിന് തയാറാകേണ്ടതുണ്ട്.
ഓരോ മനുഷ്യരെയും ചേര്‍ത്ത് പിടിച്ച് ഈ സമരത്തില്‍ പങ്കാളികളാക്കണം. ഇത് നമ്മുടെ രാജ്യത്തെ സംരക്ഷിക്കാനുള്ള സമരമാണെന്നും രാജ്യമില്ലെങ്കില്‍ നമ്മളില്ലെന്നുമുള്ള ബോധ്യത്തോടെയായിരിക്കണം സമരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  7 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  8 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  9 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  9 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  9 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  10 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  10 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  10 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  10 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  10 hours ago