ഹെലിക്കോപ്ടര്‍, മല്യ കേസുകള്‍ക്ക് സി.ബി.ഐ പ്രത്യേക സംഘം
ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്റ്, വിജയ്മല്യ കേസുകള്‍ അന്വേഷിക്കാന്‍ സി.ബി.ഐക്ക് പ്രത്യേക അന്വേഷണ സംഘം. വിവാദമായ അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലിക്കോപ്റ്റര്‍ ഇടപാട് കേസും വിജയ് മല്യയുടെ വായ്പ തട്ടിപ്പ് കേസുമാണ് സി.ബി.ഐ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിക്കുക. അഗസ്റ്റ വെസ്റ്റ്ലാന്റ് കേസിന്റെ പ്രാഥമിക അന്വേഷണം സി.ബി.ഐ നേരത്തെ നടത്തിയിരുന്നു. ഗുജറാത്തിലെ ഐ.പി.എസ് ഓഫിസറായ രാകേഷ് അസ്താനയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇരു കേസുകളും അന്വേഷിക്കുക. ഗോധ്ര സംഭവം, കാലിത്തീറ്റ കുംഭകോണം തുടങ്ങിയ കേസുകള്‍ ഇദ്ദേഹമാണ് അന്വേഷിച്ചത്. വ്യോമസേന മുന്‍ തലവന്‍ എസ്.പി. ത്യാഗിയെ അഗസ്റ്റ കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.
യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഇറ്റലിയിലെ അഗസ്റ്റ വെസ്റ്റ്ലാന്റ് കമ്പനിയില്‍ നിന്നും 12 ഹെലിക്കോപ്റ്റര്‍ വാങ്ങിയതില്‍ 360 കോടിയുടെ അഴിമതി നടന്നുവെന്നാണ് കേസ്.
വിവിധ ബാങ്കുകളില്‍നിന്ന് 900 കോടിയുടെ തട്ടിപ്പ് നടത്തി നാടുവിട്ട മദ്യ രാജാവ് വിജയ് മല്യക്കെതിരേയുള്ള കേസും പ്രമാദമായതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."