സനലിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ അനുവദിച്ചു
തിരുവനന്തപുരം: ഡിവൈ.എസ്.പി ഹരികുമാര്‍ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സനല്‍ കുമാറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പത്തുലക്ഷം രൂപ അനുവദിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാണ് തുക അനുവദിച്ചത്. സനലിന്റെ ഭാര്യ വിജിക്ക് അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ഉറപ്പുനല്‍കിയതിന് പിന്നാലെയാണ് സഹായധനം അനുവദിച്ചത്. സനലിന്റെ മരണം നടന്നിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ച് സനലിന്റെ കുടുംബം സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തിയിരുന്നു. 22 ദിവസം നീണ്ടുനിന്ന സമരം സി.എസ്.ഐ സഭ പ്രതിനിധികളും മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന ഉറപ്പിന്‍മേലാണ് അവസാനിപ്പിച്ചത്.
നിരാഹാര സമരത്തിലേക്കും വനിതാമതിലില്‍ പ്രതിഷേധിച്ച് വഞ്ചനാമതിലും സംഘടിപ്പിക്കാനും തീരുമാനിച്ചിരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇടപെട്ട് സമരം അവസാനിപ്പിച്ചത്.
കഴിഞ്ഞ നവംബര്‍ അഞ്ചിന് രാത്രിയില്‍ നെയ്യാറ്റിന്‍കരയില്‍ വെച്ച് ഡിവൈ.എസ്.പി.യായിരുന്ന ഹരികുമാര്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുന്നിലേക്ക് തള്ളിയിട്ടതിനെ തുടര്‍ന്നാണ് സനല്‍കുമാര്‍ മരിച്ചത്. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. വിജിയുടെ മക്കളായ ആല്‍ബിന്‍, അലന്‍, അമ്മ കെ. വാസന്തി, അച്ഛന്‍ കെ. വര്‍ഗീസ്, സനലിന്റെ അമ്മ പി. രമണി എന്നിവരും വിവിധ സാംസ്‌കാരിക രാഷ്ട്രീയ സംഘടനകളും സമരത്തിന് നേതൃത്വം നല്‍കി. സമരവേദിയിലെത്തിയ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും കുടുംബത്തിന് ധനസഹായം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."