പുതുവര്‍ഷം ബ്ലാസ്റ്റ്; ഇനിയങ്ങോട്ട്..!
കൊച്ചി: സമനിലകളും തോല്‍വികളും മാത്രം അക്കൗണ്ടിലാക്കി സ്വന്തം ആരാധകരുടെവരെ വിമര്‍ശനം ഏറ്റുവാങ്ങിയ ബ്ലാസ്റ്റേഴ്‌സിന് പുതുവര്‍ഷത്തെ ആദ്യമത്സരം നല്‍കിയ പ്രതീക്ഷകള്‍ ചെറുതല്ല. അതുവരെ പഴി കേട്ട ബ്ലാസ്റ്റേഴ്‌സ്, ഹൈദരബാദിനെ ഒന്നിനെതിരേ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫുട്‌ബോള്‍ പ്രേമികളെ ഞെട്ടിച്ചത്. ഈ കളി നേരത്തേ കളിച്ചിരുന്നെങ്കില്‍... എന്ന ചോദ്യചിഹ്നമാണ് ഇപ്പോള്‍ മഞ്ഞപ്പട ഉയര്‍ത്തുന്നത്.
ഏറെ നാള്‍ കാത്തിരുന്ന ശേഷം ലഭിച്ച വിജയം ബ്ലാസ്റ്റേഴ്‌സ് ക്യാംപിനും കോച്ച് ഷട്ടോരിക്കും നല്‍കുന്ന ആഹ്ലാദം ചെറുതല്ല. കാരണം ഒന്‍പത് മത്സരങ്ങള്‍ക്ക് ശേഷമാണ് ടീമിനെ തകര്‍പ്പന്‍ വിജയം തേടിയെത്തുന്നത്. അഞ്ചാം ഗോള്‍ പിറന്നതോടെ ഐ.എസ്.എല്ലില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍നേട്ടം നൂറാവുകയും ചെയ്തു.
2019ല്‍ ബ്ലാസ്റ്റേഴ്‌സിനു മുന്‍പില്‍ തുറന്നിരുന്നത് പുറത്തേക്കുള്ള വാതിലായിരുന്നു. എന്നാല്‍ പുതുവര്‍ഷത്തിലെ വിജയം അവര്‍ക്ക് നല്‍കുന്നത് തിരിച്ചുവരാനുള്ള ആത്മവിശ്വാസമാണ്. മുന്‍ സീസണുകളിലേത് പോലെതന്നെ തുടരെയുള്ള സമനിലയും തോല്‍വികളും ബ്ലാസ്റ്റേഴ്‌സിനെ കൊണ്ടെത്തിച്ചത് ആരാധ വൃന്ദമായ മഞ്ഞപ്പടയുമായുള്ള ഉരസലിലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ടീമിനെതിരേ അതിശക്തമായ വിമര്‍ശനമായിരുന്നു മഞ്ഞപ്പട അഴിച്ചുവിട്ടത്. ഇതിന്റെ പ്രതിഫലനം ഹോം ഗ്രൗണ്ടിലെ മത്സരത്തിലും പ്രകടമായിരുന്നു. എ.ടി.കെക്ക് എതിരായ ഉദ്ഘാടന മത്സരം കാണാന്‍ തിങ്ങിനിറഞ്ഞിരുന്ന ഗ്യാലറി പിന്നീട് കാലിയായി മാറിത്തുടങ്ങി. ആദ്യ മത്സരം വിജയിച്ചതോടെ മികച്ച പിന്തുണ നല്‍കിയവര്‍ പിന്നീടുള്ള പ്രകടനങ്ങളോടെ ടീമിനെ തീര്‍ത്തും ഉപേക്ഷിച്ചു. പുതുവര്‍ഷത്തിലെ ആദ്യമത്സരം കാണാന്‍ എത്തിച്ചേര്‍ന്നത് 9,000 കാണികള്‍ മാത്രമാണ്. ആദ്യ മത്സരത്തില്‍ 35,000 പേര്‍ എത്തിച്ചേര്‍ന്ന സ്ഥാനത്താണിതെന്നോര്‍ക്കണം.
എന്നാല്‍ കൈവിട്ടുപോകുന്നിടത്തുനിന്ന് ഫിനിക്‌സ് പക്ഷിയെപ്പോലെ തിരിച്ചുവന്ന ബ്ലാസ്റ്റേഴ്‌സിന് മുന്നിലുള്ളത് പക്ഷെ ദുര്‍ഘടം പിടിച്ച പാതയാണ്. ഹോം ഗ്രൗണ്ടിലെ രണ്ട് മത്സരങ്ങളുള്‍പ്പെടെ ഏഴ് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്‌സിന് ഇനിയുള്ളത്. എതിരാളികളാവട്ടെ, പോയിന്റ് പട്ടികയില്‍ മുന്നിലുള്ള മികച്ച ടീമുകള്‍. ഉദ്ഘാടന മത്സരത്തില്‍ തങ്ങള്‍ തോല്‍പ്പിച്ച കൊല്‍ക്കത്തക്കെതിരേ അവരുടെ നാട്ടില്‍ 12നാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. അദ്യമത്സരത്തില്‍ തോറ്റെങ്കിലും പിന്നീട് മികച്ച പ്രകടനുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് കൊല്‍ക്കത്ത. മികച്ച ഫോമിലുള്ള ടീമിനെതിരേ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളി തന്നെയാണ്. തുടര്‍ന്ന് 19ന് ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പുരുമായും കൊമ്പുകോര്‍ക്കും. ഇതിനു മുന്‍പ് ഇരുവരും തമ്മില്‍ നടന്ന മത്സരം സമനിലയിലായിരുന്നു. 25ന് രണ്ടാം സ്ഥാനത്തുള്ള ഗോവയുമായി ബ്ലാസ്റ്റേഴ്‌സ് അവരുടെ നാട്ടില്‍ ഏറ്റുമുട്ടും. പിന്നീട് ഫെബ്രുവരി ഒന്നിന് തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ ചെന്നൈയിന് എതിരേയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക. മുന്‍പ് ചെന്നൈയിനെതിരേ അവരുടെ നാട്ടില്‍ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് പരാജയം രുചിച്ചിരുന്നു. ഫെബ്രുവരി ഒന്‍പതിന് നോര്‍ത്ത് ഈസ്റ്റ്, 15ന് ബംഗളൂരു, 23ന് ഒഡിഷ എന്നീ ടീമുകള്‍ക്കെതിരേയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ബാക്കി മത്സരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."