മുന്‍ സ്പീക്കര്‍ ടി.എസ് ജോണ്‍ അന്തരിച്ചു
പത്തനംതിട്ട: മുന്‍ നിയമസഭാ സ്പീക്കറും മന്ത്രിയും കേരള കോണ്‍ഗ്രസ് (സെക്കുലര്‍) ചെയര്‍മാനുമായ അഡ്വ. ടി.എസ് ജോണ്‍(74) അന്തരിച്ചു. അര്‍ബുദ രോഗത്തെതുടര്‍ന്ന് ഇന്നലെ രാവിലെ ഏഴരയോടെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കേരളാ കോണ്‍ഗ്രസ് സ്ഥാപക നേതാക്കളില്‍ ഒരാളാണ്. ഇന്നലെ വൈകിട്ടോടെ തിരുവല്ലയില്‍ എത്തിച്ച മൃതദേഹം പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച വൈകിട്ട് മൂന്നിന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ കല്ലുപ്പാറ സെന്റ് മേരീസ് വലിയ പള്ളി സെമിത്തേരിയില്‍ സംസ് കരിക്കും.
ചങ്ങനാശേരി എസ്.ബി കോളജിലെ പഠനകാലം മുതല്‍ വിദ്യാര്‍ഥി പ്രസ്ഥാനത്തില്‍ സജീവമായ ടി.എസ്. ജോണ്‍ 1970ലാണ് പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ മണ്ഡലത്തില്‍ നിന്ന് ആദ്യമായി മത്സരിച്ച് വിജയിച്ചത്. ഹൈക്കോടതി അഭിഭാഷകനായും പ്രവര്‍ത്തിച്ചിരുന്ന ജോണ്‍ പിന്നീട് മൂന്ന് തവണ കൂടി നിയമസഭയിലെത്തി. 36 -ാം വയസിലാണ് ആദ്യമായി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്.
എ.കെ ആന്റണിയുടെയും പിന്നീട് പി.കെ. വാസുദേവന്‍ നായരുടെയും മന്ത്രിസഭയില്‍ ഭക്ഷ്യ - സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്നു. തിരുവല്ല കവിയൂര്‍ പഞ്ചായത്തംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി 1978ല്‍ പിളര്‍ന്നപ്പോള്‍ പി.ജെ. ജോസഫിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചു. പിന്നീട് ജോസഫുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പി.സി ജോര്‍ജുമായി ചേര്‍ന്ന് കേരളാ കോണ്‍ഗ്രസ്(സെക്കുലര്‍) ഉണ്ടാക്കി അതിന്റെ ചെയര്‍മാനുമായി. മാണി ഗ്രൂപ്പില്‍ ലയിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ജോര്‍ജുമായി വേര്‍പിരിഞ്ഞു. കേരളാ കോണ്‍ഗ്രസ് (സെക്കുലര്‍) പാര്‍ട്ടിയുടെ വര്‍ക്കിങ് ചെയര്‍മാനായി തുടരുന്നതിനിടെയാണ് മരണം.
കവിയൂര്‍ തെക്കേമുറി വീട്ടില്‍ മാത്തുള്ള മത്തായി-ശോശാമ്മ മത്തായി ദമ്പതികളുടെ മകനായി 1939 ഒക്ടോബര്‍ 21 നാണ് ജോണ്‍ ജനിച്ചത്. കവിയൂര്‍ എന്‍.എസ്.എസ് സ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തിരുവല്ല മാര്‍തോമാ കോളജില്‍ നിന്നും പ്രീ-ഡിഗ്രിയും ചങ്ങനാശേരി എസ്.ബി കോളജില്‍ നിന്ന് ബിരുദവും എറണാകുളം ലോ കോളജില്‍ നിന്ന് നിയമബിരുദവും കരസ്ഥമാക്കി. പരേതയായ ഏലിക്കുട്ടിയാണ് ഭാര്യ. ജോസുകുട്ടി(മാര്‍-ഗ്രിഗോറിയോസ് എന്‍ജിനിയറിങ് കോളജ്, കാസര്‍കോട്) ഏക മകനാണ്. പരേതനായ ബേബി ഏക സഹോദരനാണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍, ജലവിഭവ മന്ത്രി മാത്യു ടി. തോമസ് തുടങ്ങിയവര്‍ അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."