പുറത്തൂരില്‍ കടകള്‍ക്കുനേരെ ബോംബേറ്
തിരൂര്‍: ഹര്‍ത്താലിനിടെ പുറത്തൂര്‍ കാവിലക്കാട് കടകള്‍ക്കുനേരെ പെട്രോള്‍ ബോംബേറ്. ഇന്നലെ ഉച്ചയ്ക്കു ശേഷം മൂന്നോടെയാണ് സംഭവം. ബൈക്കില്‍ മുഖംമൂടി ധരിച്ചെത്തിയ രണ്ടുപേര്‍ കെ.വി.എസ് ഫാന്‍സി സ്റ്റോര്‍, മിഷാല്‍ ബേക്കറി എന്നീ കടകള്‍ക്കുനേരെ ബോംബെറിയുകയായിരുന്നു. ബോംബുകള്‍ കടകളുടെ ചുമരില്‍തട്ടി പൊട്ടിത്തെറിച്ചതിനാല്‍ കടയിലുണ്ടായിരുന്നവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
പൊട്ടിത്തെറിയില്‍ കടയ്ക്കു പുറത്തുവച്ച വസ്തുക്കള്‍ കത്തിനശിച്ചു. വ്യാപാരി സംഘടനകളുടെ ആഹ്വാന പ്രകാരമായിരുന്നു ഹര്‍ത്താല്‍ ദിനത്തില്‍ കവിലക്കാട് കടകള്‍ തുറന്നത്. ബോംബെറിയുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. വിവരമറിഞ്ഞു സ്ഥലത്തെത്തിയ തിരൂര്‍ എസ്.ഐ സുമേഷ് സുധാകര്‍ സി.സി.ടി.വി കോപ്പി ശേഖരിച്ച് അന്വേഷണമാരംഭിച്ചു. അതിനിടെ, ഹാജിപ്പടിയില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം എ.പി പ്രകാശന്റെ വീട്ടില്‍ നിര്‍ത്തിയിട്ട കാര്‍ അടിച്ചുതകര്‍ത്തു. പ്രകാശന്റെ സഹോദരന് അശോകന് ബൈക്കില്‍ പോകുമ്പോള്‍ തടഞ്ഞുനിര്‍ത്തി ബൈക്കും തകര്‍ത്തു. അയല്‍വാസിയും ആര്.എസ്.എസ് പ്രവര്‍ത്തകനുമായ കൊടൂര് ബിജുവാണ് വാഹനങ്ങള്‍ തകര്‍ത്തതെന്നു പ്രകാശനും വീട്ടുകാരും പറഞ്ഞു. വിവരമറിഞ്ഞു പല ഭാഗത്തുനിന്നെത്തിയ സി.പി.എം പ്രവര്‍ത്തര്‍ ബിജുവിന്റെ വീടിന്റെ ജനല്‍ചില്ലുകളും ബൈക്കും അടിച്ചുതകര്‍ത്തു. പൊലിസെത്തി ബിജുവിനെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്കു മാറ്റി.
സംഭവങ്ങളില്‍ പ്രതിഷേധിച്ച് സി.പി.എം പ്രവര്‍ത്തകര്‍ കാവിലക്കാട് അങ്ങാടി മുതല്‍ ആശുപത്രിവരെ പ്രതിഷേധ പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."